അക്ഷയ ഹരിഹരൻ
തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ വ്യാജ വോട്ട് പരാതിയുമായി നടി അക്ഷയ ഹരിഹരൻ. തന്‍റെ പേരിൽ മറ്റാരോ വോട്ട് രേഖപ്പെടുത്തി എന്നാണ് അക്ഷയയുടെ പരാതി. ചെന്നൈയിലെ അഡയാറിലെ പോളിങ് ബൂത്തിൽ വോട്ട് ചെയ്യാൻ എത്തിയപ്പോഴാണ് തനിക്ക് ഈ കാര്യം മനസ്സിലായതെന്നും സംഭവം തന്നെ വല്ലാതെ ഞെട്ടിച്ചുവെന്നും നടി പറയുന്നു.
വോട്ടേഴ്സ് സ്ലിപ്പ് ലഭിക്കാതിരുന്ന അക്ഷയ ഓൺലൈൻ വഴിയാണ് ബൂത്ത് കണ്ടെത്തിയത്. ഒരു മണിക്കൂറോളം പോളിങ് സ്റ്റേഷനിൽ കാത്തിരുന്നു. പക്ഷേ വോട്ട് ചെയ്യാൻ കയറിയപ്പോഴാണ് തന്‍റെ വോട്ട് മറ്റൊരാൾ ചെയ്തെന്ന വിവരം അറിയുന്നത്. വോട്ടിൽ രേഖപ്പെടുത്തിയിരിക്കുന്ന വിശദാംശങ്ങൾ അക്ഷയയുടേതാണ് എന്നാൽ ഫോട്ടോ മറ്റൊരാളുടേതും.
തന്‍റെ അനുഭവം തുറന്നു പറഞ്ഞുകൊണ്ട് അക്ഷയ സമൂഹ മാധ്യമങ്ങളിൽ ഒരു വിഡിയോ പങ്കുവെച്ചിരുന്നു. 'എന്റെ വോട്ട് മറ്റാരോ രേഖപ്പെടുത്തിയെന്ന് പറയാനാണ് ഞാൻ വിഡിയോയിൽ വന്നത്. ഇത് ശരിക്കും ഞെട്ടിക്കുന്നതാണ്. എന്റെ പേരും അച്ഛന്റെ പേരും എല്ലാം രേഖകളിൽ കൃത്യമാണ്. എന്നാൽ ഫോട്ടോ മാത്രം മറ്റൊരാളുടേതാണ്. മറ്റൊരാൾക്ക് എങ്ങനെ എന്റെ പേരിൽ വോട്ട് ചെയ്യാൻ കഴിയും? ഉദ്യോഗസ്ഥർ ഇത് നേരത്തെ പരിശോധിക്കേണ്ടതായിരുന്നു' നടി വിഡിയോയിൽ പറയുന്നു. ബൂത്തിലെ രേഖകളിൽ തന്റെ പേരിന് നേരെ വിരലടയാളം പതിപ്പിച്ചിട്ടുണ്ടെന്നും ഇത് വെരിഫിക്കേഷൻ നടപടികളിലെ വീഴ്ചയാണെന്നും നടി ആരോപിച്ചു.
പ്രശ്നങ്ങൾക്കൊടുവിൽ അക്ഷയയെ ടെൻഡർ വോട്ട് ചെയ്യാൻ അനുവദിച്ചെങ്കിലും ആ നടപടിക്രമങ്ങളിൽ താരം അതൃപ്തി പ്രകടിപ്പിച്ചു. 'അത് ഒരു പേപ്പർ മാത്രമായിരുന്നതിനാൽ ഉചിതമായി തോന്നുന്നില്ല. അവർ എന്റെ മുന്നിൽ നിന്ന് സീൽ പോലും ചെയ്തില്ല. എന്റെ ചോദ്യങ്ങൾക്ക് ആർക്കും ഉത്തരമില്ല! ഇത് ശരിക്കും നിരാശാജനകമാണ്' റിട്ടേണിങ് ഓഫീസർക്ക് പരാതി നൽകാൻ തീരുമാനിച്ചതായി അക്ഷയ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.