1996ൽ പുറത്തിറങ്ങിയ 'തൂ ചോർ മേ സിപാഹി'എന്ന സിനിമയിൽ പ്രണയിതാക്കളായാണ് തബുവും അക്ഷയ് കുമാറും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്. സിനിമ വിജയിച്ചിട്ടും ഈ ജോഡി പിന്നീട് ഒരുമിച്ച് അഭിനയിച്ചില്ല. 2000ൽ പുറത്തിറങ്ങിയ ക്ലാസിക് ചിത്രം 'ഹേരാ ഫേരി'യിൽ ഇരുവരും ഒരുമിച്ചിരുന്നെങ്കിലും അതിൽ തബു അക്ഷയ്യുടെ നായികയായിരുന്നില്ല. ഇപ്പോഴിതാ, 25 വർഷങ്ങൾക്ക് ശേഷം സംവിധായകൻ പ്രിയദർശൻ തന്‍റെ പുതിയ ഹൊറർ ചിത്രമായ 'ഭൂത് ബംഗ്ല'യിലൂടെ അവരെ വീണ്ടും ഒരുമിപ്പിച്ചിരിക്കുകയാണ്. വർഷങ്ങൾക്ക് ശേഷം അക്ഷയ്‌ക്കൊപ്പം പ്രവർത്തിക്കാനായതിൽ തബുവും സന്തോഷത്തിലാണ്. അദ്ദേഹത്തിന്‍റെ നർമബോധവും ഊർജ്ജവും ഇപ്പോഴും അതുപോലെയാണെന്നും താരം പറഞ്ഞു.
ചിട്ടയായ ജീവിതരീതിയുടെ പ്രാധാന്യത്തെക്കുറിച്ച് അക്ഷയ് കുമാർ പലപ്പോഴും സംസാരിക്കാറുണ്ട്. സെറ്റിൽ ആദ്യം എത്തുകയും ആദ്യം മടങ്ങുകയും ചെയ്യുന്ന കാര്യത്തിൽ അദ്ദേഹം പ്രസിദ്ധനാണ്. പാർട്ടികളിൽ പങ്കെടുക്കാനല്ല, കൃത്യസമയത്ത് ഉറങ്ങാൻ വേണ്ടിയാണത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി അദ്ദേഹത്തിന്‍റെ ഈ ദിനചര്യക്ക് മാറ്റമൊന്നും വന്നിട്ടില്ലെന്ന് തബു പറയുന്നു.
‘അദ്ദേഹം ഇപ്പോഴും രാവിലെ നാല് മണിക്ക് ഉണരുന്നു. ഷൂട്ടിങ് നേരത്തെ പൂർത്തിയാക്കുന്നു. വീട്ടിലേക്ക് പോകുന്നു. ഇത് ഞങ്ങളെല്ലാവർക്കും വളരെ നല്ല കാര്യമാണ്. അദ്ദേഹം എപ്പോഴും പറയും, 'വേഗം ഉറങ്ങണം', താൻ പാർട്ടികൾക്ക് പോകാറില്ല എന്നും എല്ലാവരെയും ഓർമിപ്പിക്കും. അദ്ദേഹത്തിന്‍റെ ആ ഭാഗത്തിന് ഒരു മാറ്റവും വന്നിട്ടില്ല. തീർച്ചയായും, ഞങ്ങൾ എല്ലാവരും വളർന്നു കഴിഞ്ഞു. പക്ഷേ അദ്ദേഹത്തിന്‍റെ അടിസ്ഥാന സ്വഭാവത്തിന് ഇപ്പോഴും മാറ്റമില്ല’ തബു പറഞ്ഞു. തന്‍റെ ചിട്ടയായ സമീപനത്തെക്കുറിച്ചും എട്ട് മണിക്കൂർ ഷിഫ്റ്റുകളെ കുറിച്ചും അക്ഷയ് മുമ്പ് സംസാരിച്ചിരുന്നു.
“ഞാൻ ഒരു ദിവസം എട്ട് മണിക്കൂർ ജോലി ചെയ്യുന്നു. നിങ്ങൾ ഒരു കാമറയുടെ മുന്നിലാണെങ്കിൽ, അത് ഓരോ ഇമോഷനും പകർത്തും. 8 മണിക്കൂറിന് ശേഷം ശരീരം തളരും. ഒരു ദിവസം 24 മണിക്കൂറുണ്ട്. ഞാൻ വളരെ ചിട്ടയായ ജീവിതമാണ് നയിക്കുന്നത്. ശരീരത്തിന് എട്ട് മണിക്കൂർ ഉറക്കം ആവശ്യമാണ്. ഭക്ഷണം കഴിക്കാൻ രണ്ട് മണിക്കൂർ വേണം. വ്യായാമത്തിനായി രണ്ട് മണിക്കൂർ വേണം. കുടുംബത്തോടൊപ്പം ചെലവഴിക്കാൻ കുറച്ച് മണിക്കൂറുകൾ വേണം. അപ്പോൾ എത്രയാണ് യഥാർത്ഥത്തിൽ ബാക്കിയുള്ളത്? സെറ്റിൽ എത്തിയാൽ സംവിധായകൻ പായ്ക്ക് അപ്പ് പറയുന്നത് വരെ അവിടെ ഉണ്ടാകാനാണ് ഞാൻ ആഗ്രഹിക്കുന്നത്.”
എന്‍റെ ദിവസം രാവിലെ 4 മണിക്ക് ആരംഭിക്കും. രാത്രി 9.30 ന് ഞാൻ ഉറങ്ങും. രാവിലെ കിട്ടുന്ന ആ രണ്ട് മണിക്കൂറാണ് എന്‍റെ സ്വന്തം സമയം. കാരണം ആ സമയത്ത് എന്‍റെ ഭാര്യയും കുട്ടികളും ഉറങ്ങുകയായിരിക്കും. ഓരോരുത്തർക്കും 2-3 മണിക്കൂർ തനിച്ചിരിക്കാൻ സമയം ആവശ്യമാണ്. ആരും നിങ്ങളെ ശല്യപ്പെടുത്താത്ത ഏറ്റവും നല്ല സമയമാണത്. ആ സമയം നിങ്ങൾക്ക് വ്യായാമം ചെയ്യേണ്ടതില്ല. നിങ്ങൾക്ക് വെറുതെ ഇരിക്കാം, ചിന്തിക്കാം, കാഴ്ചകൾ കാണാം. ഫോൺ തീർച്ചയായും വേണ്ട, ഇൻസ്റ്റാഗ്രാം വേണ്ട. അതിനുശേഷം ഞാൻ 1-1.30 മണിക്കൂർ വ്യായാമം ആരംഭിക്കുമെന്നാണ്” അക്ഷയ് കുമാർ പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.