ഷൈൻ ടോം ചാക്കോക്ക് എതിരായ ലഹരിക്കേസിൽ പൊലീസിന് തിരിച്ചടി. ഷൈൻ ലഹരി ഉപയോഗിച്ചതിന് തെളിവില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്. ലഹരി ഉപയോഗം പരിശോധനയിൽ തെളിയിക്കാനായില്ല. നടനെ പ്രതി പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിൽ പൊലീസ് നിയമോപദേശം തേടും. താൻ ലഹരി ഉപയേഗിക്കാറുണ്ടായിരുന്നു എന്നാണ് ഷൈൻ മൊഴി നൽകിയിരുന്നത്. ഹോട്ടലിൽ മുറിയെടുത്ത് ലഹരി ഉപയോഗിച്ചു എന്നായിരുന്നു കേസ്.
പരിശോധനക്ക് എത്തിയ സംഘത്തെ കണ്ട് ഷൈൻ ടോം ചാക്കോ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയത് വാർത്തയായിരുന്നു. കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലിൽ ആയിരുന്നു സംഭവം. ഡാൻസാഫ് സംഘത്തെ കണ്ട നടൻ ജനൽ വഴി ഇറങ്ങി ഓടി. പിന്നാലെ തമിഴ്നാട്ടിലേക്ക് പോയി. പൊലീസ് നോട്ടീസ് നൽകിയ ശേഷമാണ് തിരിച്ച് എത്തിയത്. ചോദ്യം ചെയ്യലിൽ താൻ നിരന്തരം ലഹരി ഉപയോഗിക്കുമായിരുന്നെന്നും എന്നാൽ അന്ന് ഉപയോഗിച്ചിരുന്നില്ല എന്നുമാണ് പറഞ്ഞത്.
ഷൈൻ ടോം ചാക്കോയുടെ പൊലീസ് ചോദ്യം ചെയ്യൽ മൂന്നുമണിക്കൂറിലേറെ നീണ്ടുനിന്നിരുന്നു. തന്നെ ആരോ ആക്രമിക്കാൻ വരികയാണെന്ന് കരുതിയാണ് ഹോട്ടലിന്റെ മൂന്നാംനിലയിൽ നിന്ന് ഓടിയതെന്നും പൊലീസാണെന്ന് അറിഞ്ഞില്ലെന്നുമാണ് ഷൈൻ ചോദ്യം ചെയ്യലിനിടെ പറഞ്ഞത്. പൊലീസിനെ കബളിപ്പിക്കാൻ തനിക്ക് ഉദ്ദേശ്യമില്ലായിരുന്നുവെന്നും നടൻ വ്യക്തമാക്കി.
മറ്റൊരു ലഹരി ഇടപാടുകാരനെ തേടിയാണ് ഡാൻസാഫ് സംഘം ഹോട്ടലിലെത്തിയത്. ഹോട്ടൽ മുറിയുടെ ജനാല വഴി ചാടിയ നടൻ രണ്ടാംനിലയിലെ ഷീറ്റ് വിരിച്ച മേൽക്കൂരയിലേക്ക് വീഴുകയായിരുന്നു. ഷീറ്റ് തകർന്ന് താഴെ എത്തിയ ഷൈൻ സ്വിമ്മിങ് പൂളിലൂടെയും ഗോവണി ഇറങ്ങിയും ഓടുന്നത് ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങളിലുണ്ട്. ആ സമയത്ത് നടന്റെ തലയിൽ തൊപ്പിയുണ്ടായിരുന്നു. 2015ലെ കൊക്കെയ്ൻ കേസിൽ നടനെ തെളിവില്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടയച്ചിരുന്നു. ആലപ്പുഴയിൽ യുവതിയെ ഹൈബ്രെിഡ് കഞ്ചാവുമായി എക്സൈസ് പിടികൂടിയ കേസിലും ഷൈനിന്റെ പേര് ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.