രൺവീർ സിങ്ങിന്‍റെ 'ധുരന്ധറി'ൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് നടൻ അക്ഷയ് ഖന്നയുടെ പ്രകടനമാണ്. അർജുൻ രാംപാൽ, സഞ്ജയ് ദത്ത്, ആർ. മാധവൻ തുടങ്ങിയവരും സിനിമയിലുണ്ടെങ്കിൽ കൈയടി കൂടുതൽ നേടിയത് അക്ഷയ് യുടെ അഭിനയത്തിനാണ്. ഓസ്‌കർ ലെവൽ അഭിനയമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. എല്ലാ താരങ്ങളുടെയും പ്രകടനം പ്രശംസിക്കപ്പെട്ടെങ്കിലും അക്ഷയ് ഖന്ന അവതരിപ്പിച്ച റഹ്മാൻ ഡക്കൈറ്റ് എന്ന കഥാപാത്രം ഇന്റർനെറ്റിൽ തരംഗമായി മാറി. അക്ഷയ് ഖന്നക്ക് ലഭിക്കുന്ന ഈ ശ്രദ്ധയിൽ മാധവന് കുശുമ്പ് തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് ബോളിവുഡ് ഹംഗാമക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അക്ഷക്ക് കിട്ടുന്ന കൈയടിയിൽ ആർ.മാധവൻ സന്തോഷവാനല്ലെന്ന തരത്തിലുള്ള അഭിപ്രായങ്ങൾ ഈയടുത്ത് സോഷ്യൽമീഡിയയിലൂടെ പലരും പങ്കുവെച്ചിരുന്നു.
‘ഒരിക്കലുമില്ല! അക്ഷയുടെ കാര്യത്തിൽ എനിക്ക് ഇതിൽ കൂടുതൽ സന്തോഷിക്കാൻ കഴിയില്ല. അദ്ദേഹത്തിന് ലഭിക്കുന്ന എല്ലാ അഭിനന്ദനങ്ങളും അദ്ദേഹം അർഹിക്കുന്നതാണ്. അക്ഷയ് ഖന്നവളരെ കഴിവുള്ളവനും എളിമയുള്ളവനുമായ നടനാണ്. അദ്ദേഹത്തിന് വേണമെങ്കിൽ നൂറുകണക്കിന് അഭിമുഖങ്ങൾ നൽകാമായിരുന്നു. എന്നാൽ അദ്ദേഹം തന്റെ പുതിയ വീട്ടിലിരുന്ന് താൻ എപ്പോഴും ആഗ്രഹിക്കുന്ന ശാന്തത ആസ്വദിക്കുകയാണ് മാധവൻ പറഞ്ഞു.
പൊതുശ്രദ്ധയുടെ കാര്യത്തിൽ താനൊരു അണ്ടർപ്ലെയർ ആണെന്നാണ് ഇതുവരെ കരുതിയിരുന്നത്. എന്നാൽ അക്ഷയ് ഖന്ന മറ്റൊരു തലത്തിലാണ്. അദ്ദേഹം ഒന്നിനെയും കാര്യമാക്കുന്നില്ല. വിജയവും പരാജയവും അദ്ദേഹത്തിന് ഒരുപോലെയാണ്. ധുരന്ധർ പോലൊരു സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞത് തന്നെ വലിയ കാര്യമാണ്. ഈ ചിത്രം ചരിത്രം കുറിക്കുകയാണെന്നും അതിൽ താൻ ഭാഗമായതിൽ സന്തോഷമുണ്ടെന്നും മാധവൻ കൂട്ടിച്ചേർത്തു. അക്ഷയ് ഖന്നയോ സംവിധായകൻ ആദിത്യ ധറോ ഈ വിജയത്തെ പണമാക്കി മാറ്റാൻ താല്പര്യപ്പെടുന്നില്ല’ -മാധവൻ പറഞ്ഞു.
ബോക്സ് ഓഫീസിൽ വലിയ മുന്നേറ്റമാണ് ധുരന്ധർ നടത്തുന്നത്. രൺവീർ സിങ്, സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ. മാധവൻ, അർജുൻ രാംപാൽ, രാകേഷ് ബേദി, സാറ അർജുൻ എന്നിവർ അഭിനയിച്ച ചിത്രം ഇതുവരെയായി 800 കോടിയാണ് തിയറ്ററിൽനിന്ന് കളക്ട് ചെയ്തത്. 2025 ഡിസംബർ 5നാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗം 2026 മാർച്ച് 19ന് പുറത്തിറങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.