മമ്മൂട്ടിക്കൊപ്പം സൂര്യ
‘ഇഷ്ടമുള്ളതെല്ലാം കഴിക്കാം, എന്നാൽ തോന്നുന്നത്ര അളവിൽ കഴിക്കരുത്’; അതാണ് മമ്മൂട്ടി എനിക്ക് തന്ന ഉപദേശം -സൂര്യ
തമിഴ് സിനിമാ ലോകത്തെ ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് സൂര്യയും ജ്യോതികയും. വെള്ളിത്തിരയിലെ തിരക്കുകൾക്കിടയിലും ആരോഗ്യകരമായ ജീവിതശൈലിയും ഫിറ്റ്‌നസും കൃത്യമായി പാലിക്കുന്നവരാണ് ഇരുവരും. തങ്ങളുടെ ദൈനംദിന വ്യായാമമുറകളെക്കുറിച്ചും ഭക്ഷണക്രമങ്ങളെക്കുറിച്ചും ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ താരങ്ങൾ മനസ്സ് തുറന്നു.
ആരോഗ്യകരമായ ഭക്ഷണക്രമത്തെക്കുറിച്ച് മമ്മൂട്ടി തനിക്ക് നൽകിയ വിലയേറിയ ഉപദേശത്തെക്കുറിച്ച് സൂര്യ അഭിമുഖത്തിൽ ഓർത്തെടുത്തു. ‘ഇഷ്ടമുള്ളതെല്ലാം കഴിക്കാം, എന്നാൽ തോന്നുന്നത്ര അളവിൽ കഴിക്കരുത്’ എന്നായിരുന്നു മമ്മൂട്ടി തനിക്ക് നൽകിയ ഉപദേശമെന്ന് സൂര്യ പറയുന്നു. അതോടൊപ്പം എട്ട് മുതൽ ഒൻപത് മണിക്കൂർ വരെ കൃത്യമായി ഉറങ്ങുന്നതിൽ ഒരിക്കലും വിട്ടവീഴ്ച ചെയ്യരുതെന്നും മമ്മൂട്ടി പറഞ്ഞതായി സൂര്യ വ്യക്തമാക്കി.
ആരോഗ്യം എന്നത് മസിലുകൾ ഉണ്ടാക്കുന്നത് മാത്രമല്ല, മറിച്ച് ഒരു ബാലൻസ് ജീവിതം നയിക്കുകയാണെന്ന് സൂര്യ വിശ്വസിക്കുന്നു. ഉറക്കം, ഭക്ഷണം, മാനസിക സമ്മർദം, ജോലി, ലക്ഷ്യങ്ങൾ എന്നിവയിലെല്ലാം കൃത്യമായ ബാലൻസ് ആവശ്യമാണെന്നും, താനും അതിനായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും താരം പറയുന്നു. വിറ്റാമിൻ ഡി, വിറ്റാമിൻ ബി 12 തുടങ്ങിയ അടിസ്ഥാന സപ്ലിമെന്റുകളുടെ പ്രാധാന്യത്തെക്കുറിച്ചും സൂര്യ സംസാരിച്ചു. സ്ത്രീകൾ ചെറുപ്പകാലത്ത് തന്നെ, പ്രത്യേകിച്ച് നാൽപ്പതാം വയസ്സിനു ശേഷം ഭാവിയിൽ മുട്ടുവേദന പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാനായി പേശികൾ ശക്തിപ്പെടുത്തണമെന്നും താരം ഓർമിപ്പിച്ചു.
താൻ ജിമ്മിലേക്ക് പോകുമ്പോൾ കയ്യിൽ കരുതുന്ന പ്രധാന വസ്തുക്കളെക്കുറിച്ച് ജ്യോതിക അഭിമുഖത്തിൽ വ്യക്തമാക്കി. ജിം ഗ്ലൗസുകൾ, വാട്ടർ ബോട്ടിൽ, ഡിയോഡറന്റ് സ്പ്രേ എന്നിവ തന്റെ ജിം ബാഗിൽ എപ്പോഴുമുണ്ടാകാറുണ്ടെന്ന് ജ്യോതിക പറയുന്നു. ജ്യോതികയുടെ ഈ ശീലം തനിക്കും പ്രചോദനമായെന്ന് സൂര്യ കൂട്ടിച്ചേർത്തു. നടക്കാനും ജോഗിങ് ചെയ്യാനുമൊക്കെ ഇഷ്ടപ്പെടുന്ന താനും എപ്പോഴും വാട്ടർ ബോട്ടിലും ജോഫിങ് ഷൂസും കയ്യിൽ കരുതാറുണ്ടെന്ന് സൂര്യ പറഞ്ഞു. കൂടാതെ തന്റെ നിത്യപയോഗത്തിലുള്ള സപ്ലിമെന്റുകളും താരം ഒപ്പം കൂട്ടാറുണ്ട്.
അതിരാവിലെ എഴുന്നേൽക്കാൻ ഇഷ്ടപ്പെടുന്ന ജ്യോതിക, ജിമ്മിൽ പോകുന്നതിന് മുൻപായി ഒരു ആപ്പിൾ കഴിച്ചുകൊണ്ടാണ് തന്റെ ദിവസം ആരംഭിക്കുന്നത്. വെയ്റ്റ്‌ലിഫ്റ്റിങ്ങിനും സ്ട്രെങ്ത് ട്രെയിനിങ്ങിനുമാണ് ജ്യോതിക കൂടുതലും പ്രാധാന്യം നൽകുന്നത്. ആഴ്ചയിൽ നാല് മുതൽ അഞ്ച് തവണ വരെ താരം ജിമ്മിൽ വർക്കൗട്ട് ചെയ്യാറുണ്ട്.
ഫിറ്റ്‌നസ് ട്രെയിനർ മഹേഷ് ഘനേകറാണ് തന്റെ വ്യായാമരീതികളെ മാറ്റിമറിച്ചതെന്ന് ജ്യോതിക പറയുന്നു. ശരീരം ശക്തമാക്കൂ, ബാക്കിയുള്ളവയെല്ലാം അതിന്റെ പിന്നാലെ വരും" എന്നായിരുന്നു അദ്ദേഹം തനിക്ക് നൽകിയ ഉപദേശമെന്ന് താരം വ്യക്തമാക്കി. സ്ട്രെങ്ത് ട്രെയിനിങ് തന്റെ ജീവിതത്തിന്റെ വലിയൊരു ഭാഗമായി മാറിയെന്നും, സ്ത്രീകൾ നാൽപ്പതാം വയസ്സിനു ശേഷം ശരീരം ശക്തമാക്കാൻ ശ്രദ്ധിക്കണമെന്നും ജ്യോതിക പറയുന്നു.
മുൻകാലങ്ങളിൽ പരിക്കുകൾ പറ്റിയിട്ടുള്ളതിനാൽ കനത്ത വെയ്റ്റ്‌ലിഫ്റ്റിങ്ങും പവർലിഫ്റ്റിങ്ങും താൻ ഇപ്പോൾ പൂർണ്ണമായി ഒഴിവാക്കാറുണ്ടെന്ന് സൂര്യ വ്യക്തമാക്കി. പകരം ഫങ്ഷണൽ സ്ട്രെങ്ത് ട്രെയിനിങ്ങിനും പുൾ-അപ്പുകൾക്കുമാണ് താൻ ഇപ്പോൾ മുൻഗണന നൽകുന്നത്. ശരീരത്തിന്റെ ഫ്ലെക്സിബിലിറ്റിയും മൊബിലിറ്റിയുമാണ് താൻ ഇപ്പോൾ ലക്ഷ്യമിടുന്നത്.
ഫിറ്റ്‌നസിനെക്കുറിച്ച് സംസാരിക്കുമ്പോൾ സൂര്യ വ്യക്തമാക്കിയ മറ്റൊരു പ്രധാന കാര്യം ഇതാണ്. "ഓരോ പത്തിലും ഫിറ്റ്‌നസ് അർത്ഥമാക്കുന്നത് വ്യത്യസ്തമായ കാര്യങ്ങളാണ്. ഇരുപതുകളിൽ അത് ബൈസെപ്സിനെക്കുറിച്ചും നല്ലൊരു ടി-ഷർട്ട് ബോഡിയെക്കുറിച്ചും മാത്രമായിരുന്നു. എന്നാൽ എനിക്ക് ഇപ്പോൾ അത് മൊബിലിറ്റിയെക്കുറിച്ചാണ്. കാണിക്കാൻ വെക്കുന്ന മസിലുകളെക്കുറിച്ചല്ല, മറിച്ച് ശരീരത്തിന്റെ പ്രവർത്തനക്ഷമതയെക്കുറിച്ചാണ് ഞാൻ ചിന്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.