ഷംന കാസിം,രജനികാന്ത്

‘രജനി സാറിനൊപ്പം ഒരു പാട്ട് ചെയ്യുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല’; മാതൃത്വം തന്നെ കൂടുതൽ സെലക്ടീവാക്കിയെന്ന് ഷംന കാസിം

സൂപ്പർസ്റ്റാർ രജനീകാന്തിനൊപ്പം ഒരേ ഫ്രെയിമിൽ എത്തുക എന്നത് ഏതൊരു നടിയുടെയും വലിയൊരു സ്വപ്നമാണ്. ഇപ്പോഴിതാ ഷംന കാസിം, രജനീകാന്തിന്റെ സൂപ്പർഹിറ്റ് ചിത്രമായ ‘ജയിലർ 2’വിലെ ‘അല ബോലേലോ’ എന്ന ഗാനത്തിൽ ഒപ്പമുണ്ടായ അനുഭവങ്ങളും, നൃത്തത്തോടുള്ള തന്റെ അടങ്ങാത്ത അഭിനിവേശവും, മഹേഷ് ബാബുവിന്റെ ‘ഗുണ്ടൂർ കാരം’ സിനിമയിലെ ‘കൂർച്ചി മടതപെട്ടി’ പാട്ട് നൽകിയ ജനപ്രീതിയെക്കുറിച്ചും മനസ്സ് തുറക്കുകയാണ്. 

‘സൂപ്പർസ്റ്റാറിനൊപ്പം പ്രവർത്തിക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. അതിനാൽ എനിക്കിത് ഒരു സ്വപ്ന സാക്ഷാത്ക്കാരമാണ്. മുമ്പ് പല വേദികളിൽ ഞാൻ അദ്ദേഹത്തെ കണ്ടിട്ടുണ്ടെങ്കിലും, അദ്ദേഹത്തോടൊപ്പം ഒരു ഗാനത്തിൽ ഒപ്പമുണ്ടാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ‘പടയപ്പ’യിലെ ‘മിൻസാര കണ്ണാ’ എനിക്ക് ഏറെ ഇഷ്ടപ്പെട്ട പാട്ടാണ്. രമ്യ കൃഷ്ണൻ മാഡം ചെയ്ത ആ സ്ഥാനത്ത് എന്നെത്തന്നെ സങ്കൽപ്പിച്ച് ഞാൻ പല വേദികളിലും ആ പാട്ടിന് നൃത്തം ചെയ്തിട്ടുണ്ട്’ ഷംന പറഞ്ഞു.

രജനികാന്തിൽ നിന്ന് ലഭിച്ച പ്രശംസയെക്കുറിച്ച് താരം ഓർത്തെടുത്തു. രജനി സർ എന്റെ കണ്ണുകളെ പ്രശംസിച്ചു. പലരും എനിക്ക് നല്ല പ്രകടനാത്മകമായ കണ്ണുകളാണെന്ന് പറഞ്ഞിട്ടുണ്ട്, എന്നാൽ ഇത്രയധികം നടിമാർക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള സൂപ്പർസ്റ്റാർ നേരിട്ട് പറയുമ്പോൾ അതൊരു വലിയ കാര്യമാണെന്ന് ഷംന പറയുന്നു. 

‘ജയിലർ 2’വിലെ പ്രത്യേക നൃത്തച്ചുവടുകൾ ഉള്ള ഗാനമായതിനാൽ തനിക്ക് ഒരേയൊരു കാര്യത്തിൽ മാത്രമായിരുന്നു ആശങ്കയുണ്ടായിരുന്നത് എന്ന് ഷംന പറയുന്നു. "അതൊരു സ്പെഷ്യൽ സോങ് ആയതുകൊണ്ട് എന്റെ ഒരേയൊരു ടെൻഷൻ കോസ്റ്റ്യൂമിനെക്കുറിച്ചായിരുന്നു. എന്നാൽ അണിയറിലുള്ളവർ വിഷമിക്കേണ്ടതില്ലെന്നും താൻ ധരിക്കാൻ പോകുന്ന വസ്ത്രത്തെക്കുറിച്ചും കൃത്യമായി പറഞ്ഞുതന്നു. അതിനുശേഷമെനിക്ക് മറ്റൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല.

സെറ്റിലേക്ക് പോകാൻ ഞാൻ വെറുതെ കാത്തിരിക്കുകയായിരുന്നു. അതൊരു വലിയ നീണ്ട നടപടിക്രമമൊന്നുമല്ലായിരുന്നു ഷംന പറഞ്ഞു. തന്റെ ചിത്രത്തിലെ സാന്നിധ്യം രഹസ്യമായി സൂക്ഷിക്കാൻ ആരും ആവശ്യപ്പെട്ടിരുന്നില്ലെങ്കിലും, ആ വാർത്ത തനിയെ പുറത്തുവരട്ടെയെന്ന് കരുതിയാണ് താൻ മുൻകൂട്ടി ഒന്നും സംസാരിക്കാതിരുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

മഹേഷ് ബാബുവിന്റെ ‘ഗുണ്ടൂർ കാരം’ ചിത്രത്തിലെ വൈറൽ ഗാനമായ ‘കൂർച്ചി മടതപെട്ടി’യിലൂടെ മികച്ച സ്വീകാര്യതയാണ് ഷംനക്ക് ലഭിച്ചത്. എന്നാൽ ആ പാട്ടിലെ തന്റെ നൃത്തത്തെക്കുറിച്ച് ആദ്യം വലിയ ആശങ്കയുണ്ടായിരുന്നു. "ആ പാട്ടിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ് ഞാൻ ചെയ്തത്. പ്രസവിച്ച് നാല് മാസം മാത്രം കഴിഞ്ഞിരുന്നതിനാൽ തടിയുണ്ടായിരുന്ന ആ സമയത്ത് എന്റെ ഭാഗം കോറിയോഗ്രാഫ് ചെയ്യുമ്പോൾ ഞാൻ വല്ലാതെ ടെൻഷനടിച്ചിരുന്നു.

ആ കാലത്ത് പല നടിമാരും ബോഡി ഷെയ്മിങ്ങിന് ഇരയാകുന്നുണ്ടായിരുന്നു, അതിനാൽ അടുത്ത ഇര ഞാൻ തന്നെയായിരിക്കുമെന്ന് ഞാൻ ഉറപ്പിച്ചു. ആളുകൾ എന്നെ ബോഡി ഷെയ്ം ചെയ്യുമെന്ന് ഞാൻ പൂർണ്ണമായും വിശ്വസിച്ചിരുന്നു. എന്നാൽ പാട്ട് പുറത്തുവന്നപ്പോൾ പ്രതികരണം പൂർണ്ണമായും അമ്പരപ്പിക്കുന്നതായിരുന്നു.

പാട്ട് ഇറങ്ങിയപ്പോൾത്തന്നെ എനിക്ക് നിരന്തരം സന്ദേശങ്ങൾ വരാൻ തുടങ്ങി. ആളുകൾ കണ്ട് എന്നെ വിമർശിക്കുകയാണെന്നാണ് ഞാൻ ആദ്യം കരുതിയത്. എന്നാൽ പ്രതികരണം തികച്ചും അനുകൂലമായിരുന്നു. പലപ്പോഴും നമ്മൾ പ്രതീക്ഷിക്കുന്നതല്ല യഥാർത്ഥത്തിൽ സംഭവിക്കാറുള്ളതെന്ന് ഷംന പറയുന്നു.

മാതൃത്വം തന്നെ കൂടുതൽ സെലക്ടീവാക്കി മാറ്റിയെന്ന് താരം പറയുന്നു. ‘തമിഴിലും തെലുങ്കിലും ചില പ്രൊജക്റ്റുകളെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നുണ്ട്. എന്റെ കുട്ടികൾ വളരെ ചെറുതായതുകൊണ്ട് അവർക്കൊപ്പം അമ്മയുടെ സാന്നിധ്യം ആവശ്യമാണ്. അതുകൊണ്ട് ഞാൻ വളരെ ചൂസിയാണ്. എങ്കിലും നല്ല പ്രജക്റ്റുകൾ വന്നാൽ തീർച്ചയായും ചെയ്യാൻ ആഗ്രഹിക്കുന്നു താരം കൂട്ടിച്ചേർത്തു.

വലിയ ഷെഡ്യൂളുകളുള്ള സിനിമകൾ തിരഞ്ഞെടുക്കാറില്ലെന്നും കുട്ടികളെ നോക്കിക്കൊണ്ട് മാനേജ് ചെയ്യാൻ പാകത്തിലുള്ള കഥാപാത്രങ്ങളാണ് താൻ ഇപ്പോൾ തിരഞ്ഞെടുക്കുന്നതെന്നും ഷംന കൂട്ടിച്ചേർത്തു. നല്ലൊരു കുടുംബ പിന്തുണ തനിക്കുണ്ടെന്നും അതിനാലാണ് കരിയർ മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്നതെന്നും അവർ നന്ദിയോടെ ഓർക്കുന്നു.

Tags:    
News Summary - Shamna Kasim on Working with Rajinikanth in Jailer 2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.