ടൊവിനോ തോമസ്

ടൊവിനോയുടെ പേരിൽ വ്യാജ ഇമെയിൽ തട്ടിപ്പ്; ആരാധകർക്ക് മുന്നറിയിപ്പുമായി നടൻ

തന്റെ പേര് ദുരുപയോഗം ചെയ്ത് വ്യാജ ഇമെയിൽ അയക്കുന്ന തട്ടിപ്പുകാരെക്കുറിച്ച് ആരാധകർക്ക് ജാഗ്രതാ നിർദേശവുമായി നടൻ ടൊവിനോ തോമസ്. വ്യാജ ഇമെയിൽ ഐ.ഡി ഉപയോഗിച്ച് ചിലർ താനാണെന്ന് തെറ്റിധരിപ്പിച്ച് സന്ദേശങ്ങൾ അയക്കുന്നുണ്ടെന്നും ഇത്തരം വ്യാജപ്രചാരണങ്ങളിൽ ആരും വീണുപോകരുതെന്നും താരം ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ആരാധകരെ അറിയിച്ചു.

'tovinothomas79@gmail.com' എന്ന ഇമെയിൽ വിലാസത്തിൽ നിന്നാണ് ഇത്തരത്തിലുള്ള വ്യാജ സന്ദേശങ്ങൾ അയക്കപ്പെടുന്നതെന്ന് ടൊവിനോ ചൂണ്ടിക്കാണിച്ചു. ഈ ഇമെയിൽ വിലാസവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും തന്റെ പേരിൽ ആർക്കും ഔദ്യോഗികമായി ചുമതലകൾ നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം സന്ദേശങ്ങളിൽ നിന്ന് വരുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ, വ്യക്തിഗത വിവരങ്ങൾ പങ്കുവെക്കുകയോ, സാമ്പത്തിക ഇടപാടുകൾ നടത്തുകയോ ചെയ്യരുതെന്ന് അദ്ദേഹം ശക്തമായി അഭ്യർത്ഥിച്ചു. ഈ ഐ.ഡി സ്പാം ആയി റിപ്പോർട്ട് ചെയ്ത് ഡിലീറ്റ് ചെയ്യണമെന്നും താരം ആരാധകരോട് ആവശ്യപ്പെട്ടു.

‘‘പ്രധാനപ്പെട്ട അറിയിപ്പ് - വ്യാജ സന്ദേശങ്ങളെക്കുറിച്ച് . എന്റെ പേര് വ്യാജമായി ഉപയോഗിച്ചുകൊണ്ട് ചില വ്യക്തികൾ വിവിധ ആളുകളിലേക്ക് ഇമെയിലുകൾ അയക്കുന്നതായി എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. താഴെ പറയുന്ന ഇമെയിൽ വിലാസത്തിൽ നിന്നാണ് ഈ സന്ദേശങ്ങൾ വരുന്നത്: tovinothomas79@gmail.comഈ ഇമെയിൽ വിലാസവുമായി എനിക്ക് യാതൊരു ബന്ധവുമില്ലെന്നും, എന്റെ പേരിൽ സന്ദേശങ്ങൾ അയക്കാൻ ഞാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു.

ഈ ഇമെയിലിൽ നിന്ന് സന്ദേശങ്ങൾ ലഭിക്കുകയാണെങ്കിൽ, ദയവായി അത് സ്പാം/ഫിഷിങ് ആയി റിപ്പോർട്ട് ചെയ്ത് ഉടൻ തന്നെ ഡിലീറ്റ് ചെയ്യുക. മറ്റാരും ഈ വ്യാജ പ്രചാരണത്തിന് ഇരയാകാതിരിക്കാൻ ഈ വിവരം ഇത്തരം സന്ദേശങ്ങൾ ലഭിക്കാൻ സാധ്യതയുള്ള മറ്റുള്ളവരുമായും പങ്കുവക്കുക. എന്റെ പേരിൽ വരുന്ന ഏതൊരു സന്ദേശവും പ്രതികരിക്കുന്നതിന് മുൻപ് അതിന്റെ ഉറവിടം പരിശോധിച്ച് ഉറപ്പുവരുത്തുക. നിങ്ങളുടെ സഹകരണത്തിനും പിന്തുണക്കും നന്ദി.’’ ടൊവിനോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.

കരിയറിന്റെ കാര്യത്തിൽ ഏറെ തിരക്കുകളിലൂടെ കടന്നുവരുന്ന ടൊവിനോ തോമസ്, സമീപകാലത്തായി 'പള്ളിചട്ടമ്പി', 'അതിരടി' തുടങ്ങിയ ചിത്രങ്ങളിൽ നായകനായി എത്തിയിരുന്നു. കൂടാതെ മിന്നൽ മുരളിയിലൂടെ പാൻ-ഇന്ത്യൻ തലത്തിൽ ശ്രദ്ധനേടിയ ടൊവിനോയുടെ പുതിയ സിനിമകൾക്കായി വലിയ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. സൈബർ ഇടങ്ങളിലെ ഇത്തരം വ്യാജന്മാരെ കരുതിയിരിക്കാൻ ആരാധകർക്ക് ജാഗ്രതയേകിയ നടന്റെ ഈ ഇടപെടൽ ഇതിനോടകം ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.

Tags:    
News Summary - Tovino Thomas warns fans about scamster impersonating him from this email ID

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.