സോനം വാങ്ചുക്, ആമിർ ഖാൻ
‘അന്ന് ഗജിനി വേഷത്തിലായിരുന്നില്ലേ, അതുകൊണ്ട് ഓർമക്കുറവ് വന്നതാകാം’; ആമിർ ഖാന് സോനം വാങ്ചുക്കിന്റെ മറുപടി
സൂപ്പർഹിറ്റ് ചിത്രം ‘3 ഇഡിയറ്റ്സി’ലെ പ്രശസ്തമായ ‘ഫുങ്സുക് വാങ്ഡു’ എന്ന കഥാപാത്രത്തിന് താനുമായി യാതൊരു ബന്ധവുമില്ലെന്നും, സിനിമയുടെ നിർമാണവേളയിൽ സോനം വാങ്ചുക് ആരാണെന്ന് തനിക്ക് അറിയില്ലെന്നുമായിരുന്നു ആമിർ ഖാന്റെ മുൻപത്തെ വെളിപ്പെടുത്തൽ. എന്നാൽ, ഈ പ്രസ്താവനക്ക് പിന്നാലെ 2008ൽ ഇരുവരും തമ്മിൽ കണ്ടുമുട്ടിയതിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുകയുണ്ടായി.
എന്നാൽ ഈ അവകാശവാദത്തെ വളരെ രസകരമായ രീതിയിലും തമാശ രൂപേണയും ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് പരിസ്ഥിതി പ്രവർത്തകനുമായ സോനം വാങ്ചുക്. പ്രഖർ ഗുപ്തയുടെ യൂട്യൂബ് പോഡ്‌കാസ്റ്റിൽ സംസാരിക്കവെയാണ് സോനം വാങ്ചുക് ഇതിനെ കുറിച്ച് സംസാരിച്ചത്.
ആമിർ ഖാൻ തന്റെ ‘ഗജിനി’ സിനിമയുടെ ഗെറ്റപ്പിൽ സോനം വാങ്ചുക്കിന്റെ ഒരു പ്രസംഗം ശ്രദ്ധയോടെ കേട്ടിരിക്കുന്നതായിരുന്നു ദൃശ്യങ്ങൾ മുൻപ് വളരെ ശ്രദ്ധ നേടിയിരുന്നു. ഈ വിഡിയോ ചൂണ്ടിക്കാണിച്ചാണ് സോനം വാങ്ചുക് നടന്റെ ഓർമശക്തിയെ ചോദ്യം ചെയ്തത്.
‘ആ സമയത്ത് ഞങ്ങൾ കണ്ടിട്ടേയില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ പിന്നീട് ഞങ്ങൾ ഒന്നിച്ചുള്ള ചില വിഡിയോകൾ പുറത്തുവന്നു. അതിൽ അദ്ദേഹം ‘ഗജിനി’യുടെ വേഷത്തിൽ എന്റെയൊരു പ്രസംഗം കണ്ടിരിക്കുകയായിരുന്നു. ഒരുപക്ഷേ 'ഗജിനി' സിനിമയിലെ കഥാപാത്രത്തിന്റെ വേഷത്തിലായിരുന്നതിനാൽ അദ്ദേഹത്തിന് ഷോർട്ട് ടേം മെമ്മറി ലോസ് സംഭവിച്ചിട്ടുണ്ടാകാമെന്നും വാങ്‌ചുക് തമാശയായി പറഞ്ഞു.
അതുകൊണ്ട് 15 മിനിറ്റിനുള്ളിൽ അദ്ദേഹം ആ കൂടിക്കാഴ്ച മറന്നുപോയതായിരിക്കാം. അതിനാൽ എനിക്ക് ഇതിൽ അത്ഭുതമൊന്നുമില്ല. ഇല്ലെങ്കിൽ ഞങ്ങൾ അന്ന് വളരെ വിശദമായിത്തന്നെ സംസാരിച്ചിരുന്നു," സോനം വാങ്ചുക് പോഡ്‌കാസ്റ്റിൽ പറഞ്ഞു.
2008ൽ പുറത്തിറങ്ങിയ ‘ഗജിനി’ എന്ന ചിത്രത്തിൽ സഞ്ജയ് സിംഘാനിയ എന്ന കഥാപാത്രത്തെയാണ് ആമിർ അവതരിപ്പിച്ചത്. ചുരുങ്ങിയ സമയത്തേക്ക് മാത്രം ഓർമകൾ നിലനിൽക്കുന്ന അപൂർവ്വ രോഗാവസ്ഥയുള്ള കഥാപാത്രമായിരുന്നു അത്. ഈ സിനിമയിലെ ആമിറിന്റെ കഥാപാത്രത്തെ ഓർമ്മിപ്പിച്ചുകൊണ്ടാണ് വാങ്ചുക് ആമിറിന്‍റെ വാദങ്ങളെ പൊളിച്ചടുത്തത്.
‘ഞങ്ങൾ തമ്മിൽ വിശദമായി ആശയവിനിമയം നടന്നിട്ടുണ്ട്’തങ്ങൾ തമ്മിലുള്ളത് യാദൃശ്ചികമായൊരു ഹലോ പറച്ചിൽ മാത്രമായിരുന്നില്ലെന്നും, ആമിറുമായി തങ്ങൾ നീണ്ട ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും സോനം വാങ്ചുക് വ്യക്തമാക്കുന്നു. "നടന്മാർ തങ്ങളുടെ കഥാപാത്രങ്ങളിലേക്ക് പൂർണ്ണമായി ആഴ്ന്നിറങ്ങാറുണ്ടെന്ന് നമ്മൾ കേട്ടിട്ടുണ്ട്. അന്ന് ഗജിനി എന്ന കഥാപാത്രത്തിന്റെ ലഹരിയിൽ അദ്ദേഹം ഏറെ ആണ്ടുപോയതുകൊണ്ടാകാം, താൻ അവാർഡ് വാങ്ങിയ ഒരു ചടങ്ങിൽ അദ്ദേഹം അതിഥിയായി പങ്കെടുത്തതും എന്നെ കണ്ടതും ഒക്കെ അദ്ദേഹം മറന്നുപോയത്.
അല്ലെങ്കിൽ ഞങ്ങൾ പരസ്പരം ഏറെ നേരം സംസാരിക്കുകയും നിരവധി ആശയങ്ങൾ പങ്കുവെക്കുകയും ചെയ്തിട്ടുള്ളതാണ്," വാങ്ചുക് കൂട്ടിച്ചേർത്തു. ‘3 ഇഡിയറ്റ്സ്’ തന്റെ ജീവിതം ആസ്പദമാക്കി നിർമിച്ച പൂർണ്ണ ജീവചിത്രമാണെന്നൊന്നും താൻ അവകാശപ്പെടുന്നില്ലെന്ന് സോനം വാങ്ചുക് വ്യക്തമാക്കുന്നു. എന്നാൽ തങ്ങൾ തമ്മിലുള്ള കൂടിക്കാഴ്ചയും ചർച്ചകളും ചിത്രത്തിന് ഒരു വലിയ സ്വാധീനമായിരുന്നിരിക്കാം എന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
‘ആമിർ ഖാൻ ആ കൂടിക്കാഴ്ചയിൽ നിന്ന് ചില ആശയങ്ങൾ ഉൾക്കൊണ്ടിരിക്കാം. പിന്നീട് അദ്ദേഹം തന്റെ ടീമുമായി അത് ചർച്ച ചെയ്യുകയും സിനിമക്കായി അത് മാറ്റിയെഴുതുകയും ചെയ്തിട്ടുണ്ടാകാം. എന്നാൽ ചിത്രത്തിന്റെ സഹസംവിധായകരോ എഴുത്തുകാരോ ചിലപ്പോൾ ഈ ആശയങ്ങളുടെ യഥാർത്ഥ ഉറവിടം അറിഞ്ഞുകൊള്ളണമെന്നില്ല. അതെക്കുറിച്ചോർത്ത് എനിക്ക് യാതൊരു പ്രശ്നവുമില്ല, അതൊക്കെ വിട്ടേക്കൂ’ വാങ്ചുക് പറഞ്ഞു.
രാജ്‍കുമാർ ഹിറാനിയുടെ സംവിധാനത്തിൽ 2009ൽ പുറത്തിറങ്ങിയ ‘3 ഇഡിയറ്റ്സ്’ ബോക്സോഫിസിൽ ചരിത്രവിജയം നേടുകയും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. ചിത്രത്തിലെ നായക കഥാപാത്രമായ ഫുങ്സുക് വാങ്ഡുവിന്റെ യഥാർത്ഥ ഉറവിടം സോനം വാങ്ചുക്കാണെന്നത് വർഷങ്ങളായി നിലനിൽക്കുന്ന വിശ്വാസമാണ്.
എന്നാൽ ഈയിടെ ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ (BFI) നടന്ന ഒരു പരിപാടിയിൽ വെച്ചാണ്, സിനിമ ചെയ്യുമ്പോൾ സോനം വാങ്ചുക് ആരാണെന്ന് തനിക്കോ സംവിധായകനോ എഴുത്തുകാരനോ അറിയില്ലായിരുന്നുവെന്ന് ആമിർ ഖാൻ പറഞ്ഞ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.