വ്യവസായ പ്രമുഖനും ബോളിവുഡ് നടി കരിഷ്മ കപൂറിന്റെ മുൻ ഭർത്താവുമായ സഞ്ജയ് കപൂറിന്റെ സ്വത്ത് തർക്കത്തിൽ വിൽപത്രത്തിന്റെ ഫോറൻസിക് പരിശോധന എതിർത്ത് പ്രിയ സച്ച്ദേവ്. സഞ്ജയ് കപൂറിന്റേതായി ആരോപിക്കപ്പെടുന്ന വിൽപത്രത്തിന്റെ ആധികാരികത ചോദ്യം ചെയ്ത് സഞ്ജയ് കപൂറിന്റെയും കരിഷ്മയുടെയും മക്കൾ ആവശ്യപ്പെട്ട ഫോറൻസിക് പരിശോധനയാണ് പ്രിയ സച്ച്ദേവ് എതിർത്തത്.
മരണപ്പെട്ട സഞ്ജയുടെ വിൽപത്ര പ്രകാരം, സഞ്ജയ് കപൂറിന്റെ മുഴുവൻ സ്വത്തുക്കളും ഭാര്യയായ പ്രിയ സച്ച്ദേവ് കപൂറിനാണ് ലഭിക്കുക. ഇത് ചോദ്യം ചെയ്താണ് സമൈറയും സഹോദരൻ കിയാനും കോടതിയെ സമീപിച്ചത്. വിൽപത്രത്തിൽ സംശയം പ്രകടിപ്പിച്ച് സഞ്ജയുടെ അമ്മയും ഇവർക്കൊപ്പം കക്ഷി ചേർന്നിരുന്നു. ഇതിനിടെ പ്രിയക്ക് എങ്ങനെയാണ് വിൽപത്രം ലഭിച്ചതെന്ന കോടതിതുടെ ചോദ്യത്തിന് ഓരോ തവണയും വ്യത്യസ്ത വിശദീകരണങ്ങളാണ് പ്രിയ നൽകിയത്.
സഞ്ജയ് കപൂറിന്റെ സ്വകാര്യ സ്വത്തിനും 30,000 കോടി രൂപയിലധികം ആസ്തിയുള്ള സോണ കോംസ്റ്റാർ ഗ്രൂപ്പിനുമേലുള്ള അവരുടെ അവകാശവും രേഖപ്പെടുത്തിയ വിൽ പത്രമാണ് ഫോറൻസിക് പരിശോധനക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ടത്. വിൽപത്രത്തിന്റെ നടത്തിപ്പുകാരി ശ്രദ്ധ സൂരി മർവ മൊഴി മാറ്റിയതോടെയാണ് വിൽ പത്രത്തെ സംബന്ധിച്ചുള്ള സംശയങ്ങൾ വർധിച്ചത്.
തുടക്കത്തിൽ വിൽപത്രം എവിടെ നിന്നു ലഭിച്ചു എന്ന ചോദ്യത്തിന് പ്രിയ കപൂർ തന്നതാണെന്ന് സൂരി പറഞ്ഞിരുന്നു. പിന്നീട് മൊഴി മാറ്റി ദിനേശ് അഗർവാൾ തന്നതാണെന്ന് പറഞ്ഞു. എന്നാൽ ഇപ്പോൾ തന്റെ ആദ്യ മൊഴിയിൽ ഉറച്ചു നിൽക്കണമന്ന് ആവശ്യപ്പെട്ട് സൂരി അപേക്ഷ നൽകിയിട്ടുണ്ട്. വിൽപത്രത്തിന്റെ എക്സിക്യൂട്ടറായി തന്നെ നിയമിച്ചത് അറിയില്ലായിരുന്നുവെന്നും, സ്വതന്ത്രമായ നിയമോപദേശമോ വിൽപത്രത്തിന്റെ ഉള്ളടക്കത്തെക്കുറിച്ചോ വ്യക്തതയില്ലായിരുന്നുവെന്നും സൂരി സമ്മതിച്ചിട്ടുണ്ട്. ഇന്ത്യൻ നിയമപ്രകാരം ഒരു എക്സിക്യൂട്ടീവിനെ നിയമിക്കാൻ മുൻകൂർ അനുമതിയി ആവശ്യമാണെന്ന് സമൈറക്കും കിയാനും വേണ്ടി ഹാജരായ അഭിഭാഷകൻ മഹേഷ് ജെത്മലാനി വാദിച്ചു.
വിൽപത്രം നിയമപരമായ പരിശോധനയിൽ പരാജയപ്പെട്ടാൽ സ്വത്ത് അവകാശത്തിൽ നിന്ന് ഒഴിവാക്കപ്പെട്ട കുട്ടികൾ ഉൾപ്പെടെ എല്ലാ അവകാശികൾക്കും സഞ്ജയ് കപൂറിന്റെ എസ്റ്റേറ്റ് തുല്യമായി വിഭജിക്കപ്പെടും. ഫോറൻസിക് പരിശോധനാ അപേക്ഷയിലും സൂരിയുടെ ഭേദഗതി അപേക്ഷയിലും ഡൽഹി ഹൈക്കോടതി 2026 ജനുവരി 20 ന് വാദം കേൾക്കും.
സഞ്ജയുടെ മരണത്തിന് ശേഷം ഒരു വിൽപത്രവുമില്ലെന്നാണ് ആദ്യം പ്രിയ പറഞ്ഞിരുന്നത്. സഞ്ജയ് കപൂറിന്റെ എല്ലാ സ്വത്തുക്കളും ആർ.കെ. ഫാമിലി ട്രസ്റ്റിന് കീഴിലാണെന്ന് അവകാശപ്പെടുകയും ചെയ്തു. എന്നാൽ 2025 മാർച്ച് 21 എന്ന തീയതിയിലുള്ള ഒരു രേഖ ഹാജരാക്കുകയും അത് സഞ്ജയ് കപൂറിന്റെ വിൽപത്രമാണെന്ന് അവകാശപ്പെടുകയും ചെയ്തു. ഈ വിൽപത്രമാണ് കുട്ടികൾ വ്യാജമാണെന്ന് ആരോപിക്കുന്നത്. പ്രിയയും അവരുടെ പ്രായപൂർത്തിയാകാത്ത മകനുമാണ് ഹരജിയിൽ ആരോപിക്കപ്പെട്ട പ്രധാന പ്രതികൾ. 2025 ജൂണ്‍ 12ന് യു.കെയിലെ വിൻഡ്‌സറിൽ പോളോ കളിക്കുന്നതിനിടെയുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നാണ് സഞ്ജയ് കപൂര്‍ അന്തരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.