ദീപികക്ക് പിന്നാലെ ശൈഖ് സായിദ് ഗ്രാൻഡ് മോസ്ക് സന്ദർശിച്ച് സോനാക്ഷി സിൻഹയും

അബുദാബിയിലെ ശൈഖ് സായിദ് ഗ്രാൻഡ് മോസ്കിൽ ചിത്രീകരിച്ച പരസ്യത്തിൽ ബുർഖ ധരിച്ചതിന് ദീപിക പദുക്കോൺ വിമർശനങ്ങൾ ഏറ്റുവാങ്ങുകയാണ്. ഇപ്പോഴിതാ, അതേ മോസ്ക് സന്ദർശനത്തിനിടയിലെ തന്‍റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ബോളിവുഡ് നടി സോനാക്ഷി സിൻഹ. ഭർത്താവും നടനുമായ സഹീർ ഇഖ്ബാലിനൊപ്പം ശൈഖ് സായിദ് ഗ്രാൻഡ് മോസ്‌ക് സന്ദർശിച്ചതിന്റെ ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ സോനാക്ഷി പങ്കുവെച്ചു.

ദീപികയെപ്പോലെ സോനാക്ഷിയും ഓൺലൈൻ വിമർശനങ്ങൾക്ക് ഇരയാകുന്നുണ്ട്. മസ്ജിദിനുള്ളിൽ ഷൂസ് ധരിച്ചതിനെ ചിലർ വിമർശിച്ചു. എന്നാൽ അത് പള്ളിയുടെ പുറത്തുനിന്നുള്ള ചിത്രങ്ങളാണെന്ന് സോനാക്ഷി കുറിച്ചു. 'അതുകൊണ്ടാണ് ഞങ്ങൾ ഷൂസ് ധരിച്ച് അകത്തേക്ക് പോകാതിരുന്നത്. സൂക്ഷിച്ചു നോക്കൂ, ഞങ്ങൾ പള്ളിയുടെ പുറത്താണ്. അകത്തേക്ക് കടക്കുന്നതിനു മുമ്പ്, ഷൂസ് എവിടെ സൂക്ഷിക്കണമെന്ന് അവർ കാണിച്ചുതന്നു. ഞങ്ങൾ അത് അഴിച്ചുമാറ്റി' -സോനാക്ഷി കൂട്ടിച്ചേർത്തു.

അതേസമയം, അബൂദാബി ടൂറിസത്തിന്‍റെ ഭാഗമായി അഭിനയിച്ച പരസ്യത്തി​​​ലെ ദീപികയുടെ വസ്ത്രമാണ് വിവാദങ്ങൾക്ക് കാരണമായത്. ലൂവെർ മ്യൂസിയത്തിൽ പാന്‍റും ടീ-ഷർട്ടും ധരിച്ച താരം ശൈഖ് സായിദ് ഗ്രാൻഡ് മോസ്‌കിലെത്തുമ്പോൾ അബായയാണ് ധരിച്ചിരുന്നത്. ഇതാണ് വിമർശകരെ ചൊടിപ്പിച്ചത്. സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനുവേണ്ടി വാദിക്കുന്ന ഒരാൾ എങ്ങനെ മതപരമായ ആചാരത്തിന് ‘കീഴടങ്ങും’ എന്ന ചോദ്യമാണ് നടിക്കെതിരെ ഉയർന്ന വിമർശനങ്ങളിലധികവും. 2015ൽ വോഗ് ഇന്ത്യക്ക് വേണ്ടി ദീപിക ചെയ്ത ‘മൈ ചോയ്‌സ്’ കാമ്പയിനിനെ ബന്ധപ്പെടുത്തിയാണ് വസ്ത്രരീതിയെ ചോദ്യം ചെയ്യുന്നത്.

ദീപിക അബായ ധരിച്ചത് അവരുടെ ഫെമിനിസ്റ്റ് നിലപാടിന് വിരുദ്ധമാണെന്നും വിമർശകർ വാദിച്ചു. എന്നാൽ ഈ പരസ്യം ദീപിക പദുക്കോണിന്‍റെ തെരഞ്ഞെടുപ്പാണെന്നും അത് സ്വാതന്ത്ര്യം തന്നെയാണ് ചൂണ്ടിക്കാട്ടുന്നതെന്നും പറയുന്ന പ്രേക്ഷകരും ഉണ്ട്. ഒരു സ്ത്രീക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യമാണ് ഫെമിനിസമെങ്കിൽ അബായ ധരിക്കുന്നത് അതിന് വിരുദ്ധമാണ് എന്നാണ് വിമർശകരിൽ ഒരാൾ എക്സിൽ കുറിച്ചത്. എന്നാൽ അബായ ആ പള്ളിയിൽ പ്രവേശിക്കാനാവശ്യമായ നിർബന്ധിത ഡ്രസ് കോഡാണ്. എല്ലാ വിനോദസഞ്ചാരിയെയും പോലെ ദീപിക അവിടെയുള്ള നിയമം പാലിക്കുക മാത്രമാണ് ഉണ്ടായത്.

എന്ത് ചെയ്യണമെന്നുള്ള ഒരു സ്ത്രീയുടെ തെരഞ്ഞെടുപ്പിനെയാണ് ഇവിടെ ചോദ്യം ചെയ്യുന്നത്. ആ പരസ്യത്തിൽ അഭിനയിക്കണോ എന്നത് ദീപികയുടെ ചോയിസാണ്. മാത്രമല്ല, പരസ്യത്തിൽ രൺവീർ സിങ് ഷെർവാണിക്ക് സമാനമായ വേഷത്തിലാണ് എത്തിയത്. വർഷങ്ങളായി അബുദാബി ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്ന ആളുമാണ് അദ്ദേഹം. പക്ഷെ എല്ലാ വിമർശനം ദീപികക്ക് മാത്രമാണ്. 

Tags:    
News Summary - Sonakshi Sinha posts photos from mosque visit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.