ശിവകാർത്തികേയന്റെ റിലീസിനൊരുങ്ങുന്ന ചിത്രമാണ് പരാശക്തി. ചിത്രത്തിന്‍റെ പ്രമോഷൻ തിരക്കുകളിലാണ് ഇപ്പോൾ അണിയറപ്രവർത്തകർ. കേരളത്തിൽ നടന്ന പ്രമോഷൻ പരിപാടിയുടെ വിഡിയോ ഇപ്പോൾ വൈറലാണ്. പരിപാടിക്കിടെ ശിവകാർത്തികേയൻ തുടരും സിനിമയിലെ മോഹൻലാലിന്‍റെ ഡയലോഗ് പറഞ്ഞത് ആരാധകരെ ആവേശത്തിലാക്കി. 'നിന്റെയൊക്കെ കൂട്ടത്തോട് പോയി പറഞ്ഞേക്ക് ഒറ്റയാൻ വീണ്ടും കാട് കയറിട്ടുണ്ടെന്ന്' എന്ന ഡയലോഗാണ് നടൻ പറഞ്ഞത്.
തുടരുമിലെ മോഹൻലാലിന്‍റെ പ്രകടനത്തിൽ താൻ ഞെട്ടിപ്പോയെന്നും ഡയലോഗിന്‍റെ അർത്ഥം മനസിലാവുന്നതിന് മുമ്പ് തന്നെ കൈയടിച്ചെന്നും പിന്നീടാണ് അതിന്‍റെ പൂർണ അർത്ഥം മനസ്സിലായതെന്നും താരം പറഞ്ഞു. ഈ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. രവി മോഹൻ, അഥർവ, ശ്രീലീല എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
സുധ കൊങ്കര സംവിധാനം ചെയ്യുന്ന പരാശക്തി പീരിയഡ് ഡ്രാമയാണ് ഒരുക്കിയിരിക്കുന്നത്. അഥർവയും ശിവകാർത്തികേയനും സഹോദരന്മാരായാണ് ചിത്രത്തില്‍ എത്തുന്നത്. പൊങ്കൽ റിലീസായി പരാശക്തി ജനുവരി 10ന് ലോകവ്യാപകമായി തിയറ്ററുകളിലേക്കെത്തും. ശ്രീ ഗോകുലം മൂവീസിന്റെ ഒഫീഷ്യൽ ഡിസ്ട്രിബൂഷൻ പാർട്ട്നറായ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം കേരളത്തിലെ തിയറ്ററുകളിലേക്കെത്തിക്കുന്നത്.
സീ ഫൈവ് ചിത്രത്തിന്റെ ഒ.ടി.ടി അവകാശങ്ങൾ 52 കോടി രൂപക്ക് സ്വന്തമാക്കിയെന്നാണ് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നത്. ശിവകാർത്തികേയൻ ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ തുകക്ക് വിറ്റഴിച്ച ചിത്രം കൂടെയാണിത്. ശിവകാർത്തികേയന്റെ 25-ാമത്തെ ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. തമിഴ്‌നാട്ടിലെ ഹിന്ദി പ്രതിഷേധത്തെക്കുറിച്ചുള്ള കഥയാണ് ചിത്രം പറയുന്നത്. നടൻ രവി മോഹൻ വില്ലൻ വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്. നടി ശ്രീലീലയുടെ തമിഴ് അരങ്ങേറ്റ ചിത്രവുമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.