‘ഞങ്ങൾ എപ്പോഴും ഒന്നിച്ചായിരിക്കാൻ ആഗ്രഹിക്കുന്നു, ജോലി ചെയ്യുന്നതും വ്യായാമം ചെയ്യുന്നതുമെല്ലാം ഒന്നിച്ചാണ്; വിവാഹശേഷം മനസ്സ് തുറന്ന് സാമന്ത

നടി സാമന്ത കഴിഞ്ഞ കുറച്ച് വർഷങ്ങളായി വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ്. നാഗചൈതന്യയുമായുള്ള വിവാഹമോചനം, മയോസൈറ്റിസ് എന്ന രോഗാവസ്ഥ, പിന്നീട് സംവിധായകൻ രാജ് നിഡിമോരുവുമായുള്ള വിവാഹം എന്നിവയെക്കുറിച്ചെല്ലാം അടുത്തിടെ വോഗ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ സാമന്ത മനസ്സ് തുറന്നു. നാഗചൈതന്യയുമായുള്ള വേർപിരിയൽ തന്നെ പൂർണ്ണമായും തളർത്തിയെന്ന് സാമന്ത പറയുന്നു. ‘ആ സമയത്ത് ഞാൻ മറ്റൊരാളെ വിശ്വസിക്കാനോ ആശ്രയിക്കാനോ കഴിയില്ലെന്ന് കരുതിയിരുന്നു. എന്നാൽ ആ പ്രണയവും സൗഹൃദവും സ്വീകരിക്കാൻ ഞാൻ തയാറായി. രാജ് എന്ന വ്യക്തിയുമായുള്ള ബന്ധം എന്നെ മെച്ചപ്പെട്ട ഒരാളാക്കി മാറ്റി’ സാമന്ത പറഞ്ഞു.

തന്റെ ശ്വാസം മുട്ടലുകൾ മാറിയെന്ന് അടുത്തിടെ കണ്ട ഒരു പഴയ സുഹൃത്ത് പറഞ്ഞ കാര്യവും സാമന്ത പങ്കുവെച്ചു. ‘ഇപ്പോൾ ഞാൻ അഭിനയിക്കുകയല്ല, ഞാൻ ഞാനായി തന്നെ ജീവിക്കുകയാണ്’ സാമന്ത കൂട്ടിച്ചേർത്തു. ‘പൊതുമധ്യത്തിൽ നിൽക്കുമ്പോൾ എപ്പോഴും ഒരു ഭയമുണ്ടാകും. അപമാനിക്കപ്പെടുമോ, ട്രോൾ ചെയ്യപ്പെടുമോ എന്നൊക്കെ. നമ്മുടെ സ്റ്റാറ്റസ് സംരക്ഷിക്കാൻ നമ്മൾ എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കും. കാരണം നമ്മൾ താഴെ വീഴുമ്പോൾ ലോകം മുഴുവൻ നോക്കിനിൽക്കുന്നുണ്ടാകും. എന്നാൽ ഇപ്പോൾ ഞാൻ ആ പ്രകടനം നിർത്തി. ഞാൻ ഞാനായി ജീവിക്കാൻ തുടങ്ങി’ സാമന്ത പറഞ്ഞു.

‘ഞങ്ങൾ എപ്പോഴും ഒന്നിച്ചായിരിക്കാൻ ആഗ്രഹിക്കുന്ന ദമ്പതികളാണ്. ജോലി ചെയ്യുന്നതും വ്യായാമം ചെയ്യുന്നതുമെല്ലാം ഒന്നിച്ചാണ്. ഇതൊരു ഹണിമൂൺ ഘട്ടമാണെന്ന് ഞാൻ കരുതുന്നില്ല, അതിനേക്കാൾ ആഴമുള്ള ബന്ധമാണിത്. രാജ് കൂടെയുള്ളപ്പോൾ ഞാൻ കൂടുതൽ മികച്ച നടിയായി മാറുന്നു. കാരണം, സംവിധായകൻ എന്ത് വിചാരിക്കും എന്ന പേടിയില്ലാതെ എനിക്ക് കഥാപാത്രമായി മാറാൻ കഴിയുന്നു. ഞാൻ എന്ത് വിഡ്ഢിത്തം കാണിച്ചാലും അയാൾക്ക് ഇപ്പോൾ എന്നെ വിട്ടുപോകാൻ കഴിയില്ലല്ലോ സാമന്ത പറഞ്ഞു.

കഴിഞ്ഞ വർഷമാണ് സംവിധായകൻ രാജ് നിഡിമോരുമായുള്ള സാമന്തയുടെ വിവാഹം നടന്നത്. നടൻ നാഗ ചൈതന്യയുമായായിരുന്നു സാമന്തയുടെ ആദ്യവിവാഹം. 2021 ൽ അവർ വിവാഹമോചനം നേടി. രാജ് നിഡിമോരുവിന്‍റെയും രണ്ടാം വിവാഹമാണിത്. ശ്യാമാലി ദേയെയായിരുന്നു മുന്‍പ് രാജ് വിവാഹം കഴിച്ചിരുന്നത്. 2022ൽ അവർ വേർപിരിഞ്ഞു. തനിക്കെതിരെ വരുന്ന ട്രോളുകളെയും വിമർശനങ്ങളെയും ഇപ്പോൾ ഗൗരവമായി എടുക്കാറില്ലെന്ന് സാമന്ത വ്യക്തമാക്കി. 16 വർഷമായി സിനിമയിലുള്ള താൻ ഇപ്പോൾ അത്തരം കാര്യങ്ങളിൽ പക്വത കൈവരിച്ചുവെന്നും തന്നെ ആരെങ്കിലും പുകഴ്ത്തിയാലും അധിക്ഷേപിച്ചാലും അത് ഒരുപോലെ കാണാനാണ് ശ്രമിക്കുന്നതെന്നും താരം പറഞ്ഞു.

Tags:    
News Summary - Samantha Ruth Prabhu on life with Raj Nidimoru post marriage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.