മുംബൈ: മുൻ ഭാര്യ റീത്ത ഭട്ടാചാര്യക്കെതിരെ ബോംബെ ഹൈകോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് ഗായകൻ കുമാർ സാനു. റീത്തയുടെ അഭിമുഖങ്ങൾ കാരണം തന്റെ പ്രശസ്തിക്കുണ്ടായ നഷ്ടത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കുമാർ സാനു ഹരജി നൽകിയത്. കൂടാതെ, തനിക്കെതിരെ അപകീർത്തികരമായ പ്രസ്താവനകൾ നടത്തിയതായി ആരോപിക്കപ്പെടുന്ന അഭിമുഖങ്ങൾ നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
ഇത്തരം അവകാശവാദങ്ങൾ വിവാഹമോചന കരാറിനെ ലംഘിക്കുന്നതാണെന്നാണ് അഭിഭാഷകയായ സന റയീസ് ഖാൻ ഹരജിയിൽ ചൂണ്ടിക്കാണിച്ചത്. 2001 ഫെബ്രുവരി ഒമ്പതിന് ബാന്ദ്ര കുടുംബ കോടതിയിൽ രേഖപ്പെടുത്തിയ കരാറിൽ ഭാവിയിൽ ഇരുവർക്കും പരസ്പരം ആരോപണങ്ങൾ ഉന്നയിക്കാൻ അനുവാദമില്ലെന്ന് വ്യക്തമായി പറയുന്നുണ്ട്. 80കളുടെ അവസാനത്തിലായിരുന്നു ഇവരുടെ വിവാഹം. ഇവർക്ക് ജിക്കോ, ജാസ്സി, ജാൻ കുമാർ സാനു എന്നീ മൂന്ന് മക്കളുണ്ട്. കുനിക്ക സദാനന്ദുമായുള്ള സാനുവിന്റെ പ്രണയത്തെത്തുടർന്ന് 1994ൽ ദമ്പതികൾ വിവാഹമോചനം നേടി. തുടർന്ന് കുട്ടികളുടെ സംരക്ഷണം റീത്തക്ക് ലഭിച്ചു.
ഫിലിം വിൻഡോയുമായുള്ള ഒരു സംഭാഷണത്തിനിടെ സാനുവിനെ വിജയകരമായ ഒരു ഗായകനാക്കിയത് താനാണെന്ന് റീത്ത പറഞ്ഞിരുന്നു. 'അദ്ദേഹം ഒരു മികച്ച ഗായകനാണ്. പക്ഷേ ഒരു മനുഷ്യനെന്ന നിലയിൽ, അദ്ദേഹത്തെക്കുറിച്ച് കഴിയുന്നത്ര കുറച്ചുമാത്രം സംസാരിക്കുന്നതാണ് നല്ലത്. അദ്ദേഹം ഒരിക്കലും അതിമോഹിയായിരുന്നില്ല. അദ്ദേഹത്തെ ഒരു ഗായകനാക്കുക എന്നത് എന്റെ സ്വപ്നമായിരുന്നു. ഞാൻ അദ്ദേഹത്തെ മുന്നോട്ട് നയിച്ചു. അദ്ദേഹത്തെ കുമാർ സാനു ആകാൻ ഞാൻ സഹായിച്ചു' -റീത്ത പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.