ജാസ്മിൻ സാന്‍റ്ലാസ്

‘ജീവിതകാലം മുഴുവൻ ഒരു വീടിനായി അലഞ്ഞു, മദ്യപാനത്തിന് അടിമപ്പെട്ടു, അന്ന് അത് ആവശ്യമായിരുന്നു’; മനസ്സ് തുറന്ന് ഗായിക ജാസ്മിൻ സാന്‍റ്ലാസ്

അടുത്തിടെ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രം ‘ധുരന്ധർ: ദി റിവഞ്ചിലെ’ പാട്ടുകളിലൂടെ തരംഗമായി മാറിയിരിക്കുകയാണ് ഗായിക ജാസ്മിൻ സാന്‍റ്ലാസ്. എന്നാൽ തന്‍റെ കരിയറിലെ ഈ വലിയ വിജയങ്ങൾക്കിടയിലും, കഴിഞ്ഞകാലത്തെ കയ്പ്പേറിയ അനുഭവങ്ങളെക്കുറിച്ചും മദ്യപാനത്തിന് അടിമപ്പെട്ടതിനെക്കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ് താരം. രൺവീർ അല്ലാബാദിയയുടെ പോഡ്‌കാസ്റ്റിൽ സംസാരിക്കവെയാണ് ജാസ്മിൻ തന്‍റെ ജീവിതത്തിലെ ഇരുണ്ട വശങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയത്.

കുട്ടിക്കാലത്ത് മാതാപിതാക്കളിൽ നിന്നുണ്ടായ ചില അനുഭവങ്ങൾ തന്‍റെ മനസ്സ് തകർത്തുവെന്നും ആ മുറിവുകൾ ഇപ്പോഴും മാറിയിട്ടില്ലെന്നും ജാസ്മിൻ പറഞ്ഞു. ‘അവർ അറിയാതെയാണെങ്കിലും പലതവണ എന്‍റെ ഹൃദയം തകർത്തിട്ടുണ്ട്. ഒരു കുട്ടിയുടെ ഹൃദയം തകർന്നാൽ അത് അങ്ങനെ തന്നെ അവശേഷിക്കും. സുരക്ഷിതമായ ഒരിടം ലഭിക്കാതെ വരുമ്പോൾ നമ്മൾ ഭ്രാന്തമായി മറ്റെന്തിലെങ്കിലും അഭയം തേടും. എന്‍റെ ജീവിതകാലം മുഴുവൻ ഞാൻ ഒരു വീടിനായി അലയുകയായിരുന്നു’ ജാസ്മിൻ പറഞ്ഞു.

വിജയത്തിന്‍റെ കൊടുമുടിയിൽ നിൽക്കുമ്പോഴായിരുന്നു വ്യക്തിജീവിതത്തിൽ ജാസ്മിൻ തകർച്ച നേരിട്ടത്. പ്രശസ്തി ഒരു വശത്ത് വളരുമ്പോഴും പിതാവിന്‍റെ മരണം കുടുംബത്തിന്‍റെ താളം തെറ്റിച്ചു. ‘ആ രണ്ടുമൂന്ന് വർഷങ്ങളിൽ ഞാൻ അമിതമായി മദ്യപിച്ചിരുന്നു. അതിൽ എനിക്ക് ഖേദമുണ്ട്. പക്ഷേ അന്നത്തെ സാഹചര്യത്തിൽ എനിക്ക് അത് ആവശ്യമായിരുന്നു. ജീവിതം നമ്മളെ തളർത്തുമ്പോൾ നമ്മൾ ആരുടെയെങ്കിലും പിന്തുണ തേടും’ താരം വ്യക്തമാക്കി.

ജലന്ധറിൽ ജനിച്ച ജാസ്മിൻ വളർന്നത് കാലിഫോർണിയയിലാണ്. 2008ൽ 'മുസ്കാൻ' എന്ന പാട്ടിലൂടെയാണ് കരിയർ തുടങ്ങിയത്. 2014ൽ സൽമാൻ ഖാൻ ചിത്രം 'കിക്കിലെ' 'യാർ നാ മിലെ' എന്ന ഗാനം ജാസ്മിനെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ചു. ശാശ്വത് സച്ച്ദേവ് സംഗീതം നൽകിയ 'ധുരന്ധറിലെ' പാട്ടുകളും ഇപ്പോൾ ചാർട്ട്ബസ്റ്ററുകളാണ്.

Tags:    
News Summary - Singer Jasmine Santlas opens up about life

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.