ശോഭന

ഓണക്കാലം മുഴുവൻ നൃത്തവേദികളിൽ ആയിരുന്നു, ജനക്കൂട്ടത്തിന്റെ ആവേശമാണ് എന്‍റെ ഓണമെന്ന് ശോഭന

അങ്ങനെ വീണ്ടുമൊരു ഓണക്കാലം കൂടി കടന്നുപോകുന്നു. അത്തംനാൾ മുതൽ തിരുവോണം വരെ പൂക്കളമിട്ട്, ഊഞ്ഞാലിലാടി, തിരുവോണനാളിൽ മാവേലിയെ നടുമുറ്റത്ത് കുടിയിരുത്തി പൂജകൾ ചെയ്ത്, പിന്നെ ഓണക്കളികളും ഓണക്കോടിയും വിഭവസമൃദ്ധമായ സദ്യയുമൊക്കെയായി ചതയംനാളിൽ മാവേലിയെ എടുത്തുമാറ്റുന്നതുവരെ ഓണം തിമിർക്കുകയായിരുന്നു.

ലോകമെമ്പാടുമുള്ള മലയാളികൾ വലിയ ആവേശത്തോടെയും ആഘോഷങ്ങളോടെയും ഓണം വരവേൽക്കുന്ന വേളയിൽ, നടി ശോഭന ഓണത്തെക്കുറിച്ച് പങ്കുവെച്ച ഓർമകളും വിശേഷങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുകയാണ്. 'ട്രൂലി റാം' യൂട്യൂബ് ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മലയാളികളുടെ പ്രിയപ്പെട്ട നർത്തകി കൂടിയായ ശോഭന തന്റെ മനോഹരമായ അനുഭവങ്ങൾ തുറന്നുപറഞ്ഞത്.

തന്റെ കുട്ടിക്കാലത്തെ ഓണത്തെക്കുറിച്ച് വലിയ ഓർമകളൊന്നുമില്ലെന്ന് ശോഭന പറയുന്നു. ആ സമയത്ത് ചെന്നൈയിലായിരുന്നു താമസിച്ചിരുന്നത്. അമ്മ മലേഷ്യയിൽ നിന്ന് വന്നയാളായതും, അച്ഛൻ ആഘോഷങ്ങളിൽ വലിയ താൽപ്പര്യമുള്ള ആളല്ലാത്തതും കാരണം കുടുംബത്തിൽ പരമ്പരാഗത രീതിയിലുള്ള വലിയ ഓണാഘോഷങ്ങൾ ഉണ്ടായിരുന്നില്ലെന്ന് താരം പറയുന്നു.

എന്നാൽ, സിനിമകളിൽ സജീവമായി അഭിനയിച്ചു തുടങ്ങിയതോടെയാണ് ഓണത്തിന്റെ യഥാർത്ഥ സൗന്ദര്യവും അതിന്റെ ഭംഗിയും തനിക്ക് മനസിലായി തുടങ്ങിയതെന്ന് ശോഭന പറയുന്നു. ഏതാണ്ട് 15 മുതൽ 16 വർഷത്തോളം കേരളത്തിൽ തന്നെയായിരുന്നു താമസിച്ചിരുന്നത്. ആ നാളുകളിലെ ഭൂരിഭാഗം ഓണവും സിനിമ യൂണിറ്റിനൊപ്പമാണ് ആഘോഷിച്ചിട്ടുള്ളത്. അവധി ദിവസമാണെങ്കിലും അന്നൊക്കെ ജോലിയുടെ ഭാഗമായി ഷൂട്ടിങ് സെറ്റുകളിൽ തന്നെയായിരിക്കും. സെറ്റിലുള്ളവരെല്ലാം ചേർന്ന് പ്രത്യേകമായി ഓണസദ്യ ഉണ്ടാക്കുമായിരുന്നു.

സിനിമകൾക്ക് പുറമെ ഓണക്കാലത്ത് നിരവധി നൃത്ത പരിപാടികൾക്കായി തനിക്ക് യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ടെന്ന് ശോഭന പറയുന്നു. വലിയ ജനക്കൂട്ടത്തിന് മുന്നിൽ നൃത്തം അവതരിപ്പിക്കുന്നതായിരുന്നു പലപ്പോഴും എന്‍റെ ഓണക്കാലങ്ങൾ. ജനക്കൂട്ടത്തിന്റെ ആവേശവും ഉന്മേഷവും നിറഞ്ഞുനിൽക്കുന്ന അന്തരീക്ഷത്തിൽ അവരോടൊപ്പം ആ സന്തോഷം പങ്കിടാൻ കഴിഞ്ഞതാണ് എന്‍റെ ഓണക്കാലത്തെ ഏറ്റവും വലിയ പ്രത്യേകതയെന്ന് ശോഭന കൂട്ടിച്ചേർത്തു.

ഓണസദ്യയിൽ തനിക്ക് ഏറ്റവും ഇഷ്ടമുള്ള വിഭവം 'ഓലൻ' ആണെന്ന് ശോഭന വെളിപ്പെടുത്തി. എന്നാൽ മുൻപ് മറ്റൊരു അഭിമുഖത്തിൽ താൻ പുളിയിഞ്ചിയാണ് ഇഷ്ടവിഭവമായി പറഞ്ഞിട്ടുള്ളതെന്നും, അതുകൊണ്ട് താൻ ഇത് മാറ്റി മാറ്റി പറയുാറാണെന്നും താരം ചിരിച്ചുകൊണ്ട് പറയുന്നു. പുളിയിഞ്ചിയും ഓലനും ഉൾപ്പെടെ സദ്യയിലെ എല്ലാ വിഭവങ്ങളും തനിക്ക് ഒരുപോലെ പ്രിയപ്പെട്ടതാണെന്നും ശോഭന കൂട്ടിച്ചേർത്തു.

Tags:    
News Summary - Shobhana Recalls Onam Memories In Interview

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.