'നാലാളുടെ വാക്കുകേട്ടാൽ തകർന്നുപോകുന്നതല്ല കത്രീന കൈഫിന്‍റെ ആത്മവിശ്വാസം'; ബോഡി ഷെയിമിങിൽ പ്രതികരണവുമായി നടി
അമ്മയായശേഷം പൊതുവേദിയിൽ എത്തിയ കത്രീന കൈഫിന് നേരെ കടുത്ത രീതിയിലുള്ള ബോഡ് ഷെയിമിങ് ആണ് ആളുകൾ നടത്തിയത്. എന്നാൽ തന്റെ ശരീരപ്രകൃതിയെയും രൂപത്തെയും കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന മോശം കമന്റുകൾക്കും ട്രോളുകൾക്കും എതിരെ ശക്തമായ നിലപാടുമായി എത്തിയിരിക്കുകയാണ് താരമിപ്പോൾ. ലണ്ടനിൽ തന്റെ ബ്യൂട്ടി ബ്രാൻഡിന്റെ വാർഷികാഘോഷ ചടങ്ങിൽ സംസാരിക്കവെയാണ് കത്രീന ഈ വിഷയത്തിൽ തുറന്നടിച്ചതും തന്റെ നിലപാട് വ്യക്തമാക്കിയതും.
സോഷ്യൽ മീഡിയയിലെ അനാവശ്യ വിമർശനങ്ങളും നിരന്തരമായ ട്രോളുകളും തന്റെ വ്യക്തിജീവിതത്തെയോ ആത്മവിശ്വാസത്തെയോ ഒരിക്കലും ബാധിക്കാൻ അനുവദിക്കില്ലെന്ന് കത്രീന വ്യക്തമാക്കി. എല്ലാവരുടെയും പ്രതീക്ഷകൾക്കനുസരിച്ച് ജീവിക്കാൻ ശ്രമിച്ചാൽ അത് സ്വന്തം തീരുമാനങ്ങളെടുക്കാനുള്ള കഴിവിനെ ഗുരുതരമായി ബാധിക്കുമെന്നും താരം ചൂണ്ടിക്കാണിച്ചു. തനിക്കെതിരെ ഉയരുന്ന ഓരോ വിമർശനവും തന്റെ ജീവിതത്തിലെടുത്തേക്കാവുന്ന തീരുമാനങ്ങളെ നിയന്ത്രിക്കാൻ അനുവദിച്ചിരുന്നെങ്കിൽ ഭയം മൂലം താൻ എപ്പോഴേ തളർന്നുപോയേനെ എന്നും കത്രീന ഓർത്തു. ലോകം നിങ്ങളെ അഭിനന്ദിക്കുന്ന സമയങ്ങളുണ്ടാകുമെന്നും എന്നാൽ പ്രതികൂല സാഹചര്യങ്ങളിൽ നമ്മൾ തന്നെയാണ് നമ്മുടെ ഏറ്റവും വലിയ പിന്തുണക്കാരാകേണ്ടതെന്നും അവർ കൂട്ടിച്ചേർത്തു.
തന്റെ കോസ്മെറ്റിക് ബ്രാൻഡിന്റെ 'ഇറ്റ്സ് കേയ് ടു ബി യു' എന്ന ടാഗ്‌ലൈനുമായി ഈ അനുഭവത്തെ ബന്ധപ്പെടുത്തിക്കൊണ്ട് താരം കൂടുതൽ കാര്യങ്ങൾ പങ്കുവെച്ചു. ജീവിതത്തിൽ എല്ലാ കാര്യങ്ങളും നമ്മൾ വിചാരിച്ചതുപോലെ വിജയകരമായി മുന്നോട്ടുപോകുന്ന സമയങ്ങളും ഒന്നിനും ഒരു വ്യക്തതയും ലഭിക്കാത്ത ബുദ്ധിമുട്ടേറിയ ഘട്ടങ്ങളും ഉണ്ടാകാം. എങ്കിലും ഇത്തരം കാര്യങ്ങളെല്ലാം വളരെ ലാഘവത്തോടെ കാണാനും സ്വയം അമിതമായി സമ്മർദ്ദത്തിലാക്കാതിരിക്കാനും ശീലിക്കണമെന്നും കത്രീന വ്യക്തമാക്കുന്നു.
കഴിഞ്ഞ മാസം അംബാനിയുടെ വസതിയിൽ നടന്ന ഗണപതി പൂജയിൽ കത്രീന കൈഫ് പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് നടി ക്രൂരമായ ട്രോളുകൾക്കും അധിക്ഷേപങ്ങൾക്കും ഇരയായത്. നവംബറിൽ തനിക്ക് മകൻ വിഹാൻ പിറന്ന കാര്യം പോലും മറന്നുകൊണ്ടായിരുന്നു ചിലർ സോഷ്യൽ മീഡിയയിൽ അന്ന് അധിക്ഷേപങ്ങൾ ചൊരിഞ്ഞത്. എന്നാൽ സൽമാൻ ഖാൻ, ഹൃതിക് റോഷൻ തുടങ്ങി സിനിമാ ലോകത്തെ നിരവധി പ്രമുഖ സഹപ്രവർത്തകർ അന്ന് കത്രീനക്ക് പിന്തുണയുമായി പരസ്യമായി രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.