'ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്, കോളനിയല്ല'; ഇലോൺ മസ്‌കിന് മറുപടിയുമായി കമൽഹാസൻ

ഇന്ത്യയിലോ അമേരിക്കയിലോ ഉള്ള ഒരു ശതകോടീശ്വരനും രാജ്യത്തിന്റെ നയങ്ങൾ തീരുമാനിക്കാൻ അവകാശമില്ലെന്ന് നടനും രാജ്യസഭാ എംപിയുമായ കമൽഹാസൻ. ഇന്ത്യയിൽ സ്റ്റാർലിങ്കിന്റെ പ്രവർത്തനം ആരംഭിക്കുന്നത് ചില വ്യവസായ പ്രമുഖർ തടയുകയാണെന്ന ശതകോടീശ്വരൻ ഇലോൺ മസ്‌കിന്റെ ആരോപണത്തോടുള്ള പ്രതികരണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

തന്റെ ഔദ്യോഗിക എക്സ് പേജിലൂടെയായിരുന്നു കമൽഹാസന്റെ പ്രതികരണം. "ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്, അല്ലാതെ കോളനിയല്ല. ഞങ്ങൾ ലോകത്തെ സ്വാഗതം ചെയ്യുന്നു, എന്നാൽ ഇന്ത്യക്കാരായ ഞങ്ങൾ തന്നെയായിരിക്കും ഞങ്ങളുടെ ഭാവി നിർണ്ണയിക്കുക" എന്ന് അദ്ദേഹം കുറിച്ചു.

നെറ്റ്‌വർക്കുകളെയും സ്പെക്ട്രത്തെയും വെറുമൊരു വാണിജ്യ സ്വത്തായി കാണാതെ തന്ത്രപ്രധാനമായ അടിസ്ഥാന സൗകര്യങ്ങളായാണ് കാണേണ്ടതെന്ന് കമൽഹാസൻ ഓർമ്മിപ്പിച്ചു. രാജ്യത്തിന്റെ സുരക്ഷാ മുൻകരുതലുകളിൽ യാതൊരു വിട്ടുവീഴ്ചയും പാടില്ല. വിപണിയിൽ സ്വതന്ത്ര മത്സരം വേണമെന്ന് വാദിക്കുന്ന പാശ്ചാത്യ രാജ്യങ്ങൾ സ്വന്തം നാട്ടിൽ സംരക്ഷണവാദം നടപ്പിലാക്കുന്ന ഇരട്ടത്താപ്പും അദ്ദേഹം ചോദ്യം ചെയ്തു. അമേരിക്ക ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾക്ക് 100 ശതമാനം തീരുവ ചുമത്തിയത് ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൂടാതെ, സാറ്റലൈറ്റ് ഇന്റർനെറ്റ് സാധാരണക്കാർക്ക് താങ്ങാനാവുന്ന വിലയിലായിരിക്കണമെന്നും, ഉയർന്ന വരിസംഖ്യയും ഉപകരണങ്ങളുടെ വിലയും പുതിയൊരു ഡിജിറ്റൽ വിടവുകൾ സൃഷ്ടിക്കാൻ ഇടയാക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സ്റ്റാർലിങ്കിന് ലൈസൻസ് നൽകാതെ ഇന്ത്യയിൽ ചില കുത്തകകൾ തടസ്സം നിൽക്കുന്നുണ്ടെന്നും, "മുകേഷ് അംബാനിയാണോ ഇന്ത്യയുടെ യഥാർത്ഥ ബോസ്?" എന്നും ഇലോൺ മസ്ക് മുൻപ് ചോദിച്ചിരുന്നു. ഇതിന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി 'മറ്റൊരാൾ കൂടിയുണ്ട്' എന്ന് മറുപടി നൽകുകയും മസ്കിനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. ഗൗതം അദാനിയെ ലക്ഷ്യമിട്ടാണ് രാഹുൽ ഈ പരാമർശം നടത്തിയതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. രാഹുലിന്റെ പ്രതികരണത്തിന് നന്ദി പറഞ്ഞ മസ്ക്, ഈ വിഷയം ഏറെ ആശങ്കാജനകമാണെന്നും കൂട്ടിച്ചേർത്തിരുന്നു.

Tags:    
News Summary - Kamal Haasan Slams Elon Musk Over Starlink Claims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.