പെൺവാണിഭത്തിനായി മനുഷ്യക്കടത്ത് സംഘം തട്ടികൊണ്ടുപോയ പ്രമുഖ ഹിന്ദി നടിയെ രക്ഷപ്പെടുത്തി; ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്
മുംബൈ: മഹാരാഷ്ട്രയിലെ താഡേ ജില്ലയിൽ പ്രവർത്തിച്ചിരുന്ന മനുഷ്യക്കടത്തിന്റെയും പെൺവാണിഭത്തിന്റെയും വലിയൊരു റാക്കറ്റിന്‍റെ ഞെട്ടിക്കുന്ന വിവരങ്ങളാണിപ്പോൾ പുറത്തു വരുന്നത്. ഈ സംഘത്തിന്റെ പിടിയിൽ നിന്നും പ്രമുഖ ഹിന്ദി സീരിയൽ നടിയെ പോലീസ് സുരക്ഷിതമായി മോചിപ്പിച്ചത് വലിയ വാർത്തയാവുകയാണ്. വിനോദവ്യവസായ മേഖലയിലുള്ള സ്ത്രീകളെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഈ സംഘത്തെക്കുറിച്ചുള്ള വിവരങ്ങൾ സിനിമാ ലോകത്തെയും പൊതുജനങ്ങളെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഒരു സന്നദ്ധ സംഘടന നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഈ നിർണായക നീക്കം നടത്തിയത്. ഒക്ടോബർ 8-ന് മീര-ഭയന്ദർ റോഡിലെ ഒരു ഹോട്ടലിലേക്ക് പൊലീസ് വ്യാജ ഇടപാടുകാരനെ അയക്കുകയും തുടർന്ന് നടത്തിയ മിന്നൽ പരിശോധനയിൽ സംഘത്തെ പിടികൂടുകയുമായിരുന്നു. ഛത്തീസ്ഗഢിലെ സുർഗുജ ജില്ലക്കാരിയും നിലവിൽ മുംബൈയിലെ ജോഗേശ്വരിയിൽ താമസക്കാരിയുമായ തബസ്സും അപരനാമമായ സോണിയ ഉമർ ഖുറേഷി (39) എന്ന സ്ത്രീയാണ് പിടിയിലായത്. ഇവരിൽ നിന്ന് പണം വാങ്ങി സ്ത്രീകളെ നിർബന്ധിത പെൺവാണിഭത്തിലേക്ക് തള്ളിവിടുന്നതായി പൊലീസ് കണ്ടെത്തി. ഒളിവിൽ പോയ ഇവരുടെ കൂട്ടാളിക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.
സംഘത്തിന്റെ പിടിയിൽ നിന്ന് മോചിപ്പിച്ച നടിയെ മുംബൈയിലെ 'റെസ്ക്യൂ ഫൗണ്ടേഷൻ' കേന്ദ്രത്തിൽ സുരക്ഷിതമായി മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 143 (മനുഷ്യക്കടത്ത്), അനാശാസ്യ പ്രവർത്തന നിരോധന നിയമം എന്നിവ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. ടിവി സീരിയലുകളിലും ഫോട്ടോഷൂട്ടുകളിലും വെബ് സീരീസുകളിലും അവസരങ്ങൾ വാഗ്ദാനം ചെയ്ത് യുവതികളെ വലയിലാക്കുന്ന ഇത്തരം മാഫിയാ സംഘങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് അധികാരികൾ വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.