വ്യാജ എ.ഐ ചിത്രങ്ങൾ പ്രചരിപ്പിച്ച് ആരാധകർ; ജൂനിയർ എൻ.ടി.ആറിന്റെ ശ്രദ്ധ ക്ഷണിച്ച് ഹൈദരാബാദ് പൊലീസ് കമീഷണർ

ഹൈദരാബാദ്: സോഷ്യൽ മീഡിയയിൽ എ.ഐ നിർമ്മിത വ്യാജ ചിത്രങ്ങൾ പ്രചരിപ്പിക്കുന്ന ആരാധകരുടെ പ്രവൃത്തിയിൽ തെലുങ്ക് സിനിമാ താരം ജൂനിയർ എൻ.ടി.ആറിന്റെ ശ്രദ്ധ ക്ഷണിച്ച് ഹൈദരാബാദ് സിറ്റി പൊലീസ് കമീഷണർ വി.സി. സജ്ജനാർ. കമീഷണർ ഒരാളെ 'അറസ്റ്റ് ചെയ്യുന്നു' എന്ന രീതിയിൽ നിർമ്മിച്ച എ.ഐ വ്യാജ ചിത്രം ജൂനിയർ എൻ.ടി.ആറിന്റെ ആരാധകർ പ്രചരിപ്പിച്ചതിനെ തുടർന്നാണ് കമീഷണറുടെ പ്രതികരണം.

നടി ജാൻവി കപൂറുമായി ബന്ധപ്പെട്ട ഡീപ് ഫേക്ക് കേസിൽ പൊലീസ് നടപടിയെടുത്തു എന്ന തെറ്റിദ്ധാരണ പരത്തുന്ന രീതിയിലാണ് ചിത്രം പ്രചരിപ്പിച്ചത്. തുടർന്ന് എക്‌സിലൂടെ കമീഷണർ തന്നെ ചിത്രത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തുകയായിരുന്നു.

"ഇത് എ.ഐ ഉപയോഗിച്ച് ഉണ്ടാക്കിയ വ്യാജ ചിത്രമാണ്, യഥാർത്ഥ ഫോട്ടോയല്ല. ഇത്തരം ഡീപ്ഫേക്കുകൾ വിശ്വസിക്കുകയോ സത്യാവസ്ഥ പരിശോധിക്കാതെ ഷെയർ ചെയ്യുകയോ ചെയ്യരുത്," എന്ന് സജ്ജനാർ കുറിച്ചു. എ.ഐ ചിത്രങ്ങൾ കൂടുതൽ റിയലിസ്റ്റിക്കായി മാറുന്ന സാഹചര്യത്തിൽ ഓൺലൈനിൽ കാണുന്ന കാര്യങ്ങളെ ചോദ്യം ചെയ്യേണ്ടത് ആവശ്യമാണെന്നും, സത്യാവസ്ഥ പരിശോധിച്ച് മാത്രം വിവരങ്ങൾ പങ്കുവെക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

തുടർന്ന്, "തന്റെ ആരാധകർ ചിത്രം ദുരുപയോഗം ചെയ്യുന്ന വിഷയം @tarak9999 (ജൂനിയർ എൻ.ടി.ആർ) ഗാരു ശ്രദ്ധിക്കണം" എന്നും അദ്ദേഹം കുറിച്ചു. ഹൈദരാബാദ് പൊലീസിന്റെയും സൈബർ പൊലീസിന്റെയും ഔദ്യോഗിക ഹാൻഡ്‌ലുകളും പോസ്റ്റിൽ ടാഗ് ചെയ്തിട്ടുണ്ട്.

കമീഷണറുടെ പോസ്റ്റിന് പിന്നാലെ ചിത്രം പ്രചരിപ്പിച്ച പേജ് അത് പിൻവലിക്കുകയും ക്ഷമാപണം നടത്തുകയും ചെയ്തു. എന്നാൽ, ചിത്രം പ്രചരിപ്പിച്ചത് യഥാർത്ഥ ആരാധകരല്ലെന്ന വാദവുമായി ചില എൻ.ടി.ആർ ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. വിഷയത്തിൽ നടൻ ജൂനിയർ എൻ.ടി.ആർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

'ദേവര' എന്ന ചിത്രത്തിലെ 'ചുട്ടമല്ലെ' എന്ന പാട്ടിലെ രംഗങ്ങൾ മോർഫ് ചെയ്ത് ജാൻവി കപൂറിന്റെ വ്യാജ എ.ഐ വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിനെതിരെ കടുത്ത അമർഷവുമായി ജാൻവി രംഗത്തെത്തിയിരുന്നു. സ്ത്രീകളുടെ വ്യക്തിസ്വാതന്ത്ര്യം, സുരക്ഷിതത്വം, അതിരുകൾ എന്നിവയെക്കുറിച്ചുള്ള ദീർഘമായ കുറിപ്പാണ് ജാൻവി പങ്കുവെച്ചത്. വ്യാജ വീഡിയോ നിർമ്മിച്ചവർക്കും പ്രചരിപ്പിച്ചവർക്കുമെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് ജൂനിയർ എൻ.ടി.ആറും വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - AI Deepfake: Hyderabad Cop Warns Jr NTR

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.