'രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്ന ദേശവിരുദ്ധ ശക്തികളാണ് സി.ജെ.പി പ്രതിഷേധക്കാർ'; കങ്കണ റണാവത്ത്
വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ ആരോപിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനതാ പാർട്ടി' നടത്തുന്ന പ്രതിഷേധങ്ങളെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ബോളിവുഡ് നടിയും ബി.ജെ.പി. എം.പി.യുമായ കങ്കണ റണാവത്ത്. രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ഇതിന് നേതൃത്വം നൽകുന്നവർ ദേശവിരുദ്ധ ശക്തികളാണെന്നും കങ്കണ ആരോപിച്ചു. അത്തരം ശക്തികളെ പൊലീസിന്റെ സഹായമില്ലാതെ തന്നെ ഇപ്പോൾ സാധാരണ ജനങ്ങൾ നേരിട്ട് തിരിച്ചറിഞ്ഞ് തുറന്നുകാട്ടാൻ തുടങ്ങിയിരിക്കുകയാണെന്നും അവർ ആരോപിച്ചു.
കഴിഞ്ഞ ഒക്ടോബർ 10ന് ഡൽഹിയിലെ ജന്തർമന്തറിൽ സി.ജെ.പി. വൻ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു. എന്നാൽ പ്രതിഷേധക്കാർ ഡൽഹിയിലെ സമരസ്ഥലത്ത് എത്തുന്നതിന് മുൻപ് തന്നെ പൊലീസ് പ്രധാന നേതാക്കളെവരെ കരുതൽ തടങ്കലിലാക്കുകയായിരുന്നു. ശനിയാഴ്ച മാത്രം ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ആറായിരത്തിലധികം ആളുകളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മുൻ മുഖ്യമന്ത്രിമാരും പ്രമുഖ അഭിഭാഷകരും വിദ്യാർഥി നേതാക്കളും ഈ കൂട്ടത്തിൽ ഉൾപ്പെടുന്നു.
ഉത്തർപ്രദേശിലെ ലഖ്നോവിലിറങ്ങി അയോധ്യയിലെ രാമക്ഷേത്രത്തിലേക്ക് ദർശനത്തിനായി പോകുന്നതിനിടയിലാണ് കങ്കണ മാധ്യമങ്ങളോട് ഈ പ്രതികരണങ്ങൾ നടത്തിയത്. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ അധികാരികൾ കൃത്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും എന്നാൽ ഇത്തരം സമരങ്ങളുടെ പേരിൽ സാധാരണ ജനങ്ങൾക്ക് യാതൊരുവിധ അസൗകര്യങ്ങളും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പ് കമീഷന്റെ എസ്.ഐ.ആർ നടപടികളിലെ ഗുരുതരമായ വീഴ്ചകളും വോട്ടർ പട്ടികയിൽ നിന്ന് വ്യാപകമായി പേരുകൾ ഒഴിവാക്കപ്പെട്ടതുമാണ് ഈ പ്രതിഷേധങ്ങൾക്ക് കാരണമായി സി.ജെ.പി. ചൂണ്ടിക്കാണിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ കൂടുതൽ സുതാര്യത വേണമെന്നാണ് ആവശ്യം. എന്തായാലും പ്രക്ഷോഭങ്ങൾ ശക്തമാക്കുമെന്നും വീണ്ടും തെരുവിൽ ഇറങ്ങുമെന്നും സി.ജെ.പി. പ്രഖ്യാപിച്ച സാഹചര്യത്തിൽ ഡൽഹിയിൽ സുരക്ഷാ നിയന്ത്രണങ്ങളും പൊലീസ് ജാഗ്രതയും തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.