ഗീതു മോഹൻദാസ് സംവിധാനത്തിൽ പുറത്തിറങ്ങിയ യാഷ് ചിത്രം 'ടോക്സിക്' സ്ത്രീവിരുദ്ധതയുടെ പേരിൽ വിവാദങ്ങളിൽ അകപ്പെട്ടതോടെയാണ് വർഷങ്ങൾക്ക് മുൻപുള്ള 'കസബ' വിവാദം വീണ്ടും സോഷ്യൽ മീഡിയയിൽ സജീവമായത്. 2016-ൽ നിതിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ 'കസബ' എന്ന ചിത്രത്തിലെ സ്ത്രീവിരുദ്ധതയെ പാർവതി തിരുവോത്ത് പരസ്യമായി വിമർശിച്ചപ്പോൾ അടുത്തിരുന്ന ഗീതു മോഹൻദാസ് സിനിമയുടെ പേര് എടുത്ത് പറയാൻ പാർവതിയെ പ്രോത്സാഹിപ്പിച്ചിരുന്നു. അന്ന് വലിയ ചർച്ചകൾക്ക് വഴിതുറന്ന ഈ വിഷയം ഇന്നും സോഷ്യൽ മീഡിയയിൽ പാർവതിക്ക് നേരെയുള്ള സൈബർ ആക്രമണങ്ങൾക്ക് കാരണമാകാറുണ്ട്.
എന്നാൽ ഈ വിവാദങ്ങളെക്കുറിച്ച് അടുത്തിടെ നൽകിയ അഭിമുഖത്തിൽ പാർവതി തിരുവോത്ത് വ്യക്തത വരുത്തി. 'കസബ'യെക്കുറിച്ചുള്ള തന്റെ നിലപാടിൽ മാറ്റമില്ലെന്നും സത്യം എപ്പോഴും സത്യമായിത്തന്നെ തുടരുമെന്നും പാർവതി പറഞ്ഞു. ഇത്തരം വിവാദങ്ങൾ കാരണം തനിക്ക് സിനിമകൾ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും, ആ നഷ്ടങ്ങളെ താൻ കാര്യമാക്കുന്നില്ലെന്നും, അവ യഥാർത്ഥ വ്യക്തികളെ തിരിച്ചറിയാൻ സഹായിച്ചെന്നും പാർവതി വ്യക്തമാക്കി. താൻ ആ സിനിമയിലെ രംഗങ്ങളെ വിമർശിക്കുന്നതിന് മുൻപ് തന്നെ സംസ്ഥാന വനിതാ കമ്മീഷൻ 'കസബ'യ്‌ക്കെതിരെ സ്വമേധയാ കേസെടുത്തിരുന്നുവെന്നും, അതുകൊണ്ടുതന്നെ തന്റെ വാദങ്ങൾ ആരുടെയും ഈഗോയെ മനഃപൂർവ്വം മുറിവേൽപ്പിക്കാൻ ആയിരുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.
അതോടൊപ്പം ഗീതു മോഹൻദാസിന് തന്റേതായ ആവിഷ്കാര സ്വാതന്ത്ര്യമുണ്ടെന്ന് പാർവതി എടുത്തുപറഞ്ഞു. താൻ പറഞ്ഞ അഭിപ്രായങ്ങൾ വ്യക്തിപരമാണെന്നും ഗീതു അത് അതേപടി പിന്തുണച്ചിട്ടില്ലെന്നും താരം വ്യക്തമാക്കി. ഒരു സ്ത്രീയാണ് മറ്റൊരു സ്ത്രീയുടെ ഏറ്റവും വലിയ ശത്രു എന്ന പുരുഷാധിപത്യപരമായ ചിന്താഗതി വെച്ച് ഇരു സംഭവങ്ങളെയും തമ്മിൽ കൂട്ടിക്കെട്ടേണ്ടതില്ലെന്ന് പാർവതി പറഞ്ഞു. ഒപ്പം ഇരുന്നതുകൊണ്ട് മാത്രം താൻ പറഞ്ഞ അഭിപ്രായങ്ങൾ ഗീതുവിന്റെ സിനിമകളെ സ്വാധീനിക്കണമെന്ന് വാശിപിടിക്കാനാവില്ലെന്നും ഏതൊരു സംവിധായകനെയും പോലെ സിനിമ ചെയ്യാൻ ഗീതുവിനും പൂർണ സ്വാതന്ത്ര്യമുണ്ടെന്നും പാർവതി കൂട്ടിച്ചേർത്തു. സെപ്റ്റംബർ 11-ന് തിയറ്ററുകളിലെത്തുന്ന 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' എന്ന സിനിമയാണ് പാർവതിയുടേതായി റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.