ശശികല,ഗൗതം ഗംഭീർ
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ശ്രീകല ശശിധരന്‍. കായംകുളം കൊച്ചുണ്ണി എന്ന ഐക്കോണിക് പരമ്പരയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരം, ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത 'എന്റെ മാനസപുത്രി' എന്ന പരമ്പരയിലെ 'സോഫി' എന്ന കഥാപാത്രത്തിലൂടെയാണ് കേരളത്തിലെ കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്.
പിന്നീട് മലയാളത്തിലും മറ്റ് ഭാഷകളിലുമായി നിരവധി പരമ്പരകളില്‍ സജീവ സാന്നിധ്യമായി മാറിയ ശ്രീകല, സിനിമകളിലും തന്റെ അഭിനയമികവ് തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ, സോഷ്യല്‍ മീഡിയയില്‍ തനിക്ക് പതിവായി ലഭിക്കുന്ന രസകരമായ ചില കമന്റുകളെക്കുറിച്ചും അത്തരം അനുഭവങ്ങളെക്കുറിച്ചും അഭിമുഖത്തിൽ മനസ്സ് തുറന്നിരിക്കുകയാണ്.
ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസവും നിലവിലെ പുരുഷ ടീം പരിശീലകനുമായ ഗൗതം ഗംഭീറുമായുള്ള തന്റെ മുഖസാദൃശ്യത്തെക്കുറിച്ച് ആളുകൾ നിരന്തരം ചോദിക്കുന്നതിനെക്കുറിച്ചാണ് ശ്രീകല സംസാരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ താൻ ഒരു ചിത്രം പങ്കുവെച്ചാൽ ഉടൻ തന്നെ ആരാധകരുടെ വകയായി ട്രോളുകളും ചോദ്യങ്ങളും എത്തുമെന്നും താരം പറയുന്നു.
‘എന്നെ കണ്ടാല്‍ ആരെയെങ്കിലും പോലെയുണ്ടോ? ഗൗതം ഗംഭീറിനെ പോലെയുണ്ടെന്നാണ് ആളുകൾ പറയുന്നത്. എനിക്ക് ഇൻസ്റ്റാഗ്രാമിൽ ഒരു പോസ്റ്റ് ഇടാന്‍ പറ്റില്ല, ഫോട്ടോ ഇട്ടാല്‍ അപ്പോള്‍ തന്നെ 'ഗൗതം ഗംഭീറിന്റെ സഹോദരിയാണോ?', 'ഇന്നു മാച്ചില്ലേ?' എന്നൊക്കെയുള്ള ചോദ്യങ്ങൾ വരും. തുടക്കത്തില്‍ ഇതൊക്കെ ഞാന്‍ ആസ്വദിച്ചിരുന്നു. എന്നാല്‍ ഇപ്പോൾ അത് കേള്‍ക്കുമ്പോള്‍ ശരിക്കും സമാധാനമില്ലാത്ത അവസ്ഥയാണ്.
ഒരിക്കൽ ക്രിക്കറ്റ് മത്സരം കാണാന്‍ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പോയപ്പോള്‍ പോലും ഒരു കുട്ടി എന്റെ അടുത്ത് വന്ന് പറഞ്ഞു, 'ചേച്ചിയെ കണ്ടാല്‍ ഗൗതം ഗംഭീറിനെപ്പോലെയുണ്ട്' എന്ന്. ആ സമയത്ത് എന്ത് മറുപടി പറയണമെന്ന് അറിയാതെ ഞാന്‍ 'ശരി' എന്ന് മാത്രമാണ് മറുപടി പറഞ്ഞത്."
അതേസമയം, തനിക്ക് ക്രിക്കറ്റിനോടുള്ള അടങ്ങാത്ത ആവേശത്തെക്കുറിച്ചും അഭിമുഖത്തിൽ താരം വ്യക്തമാക്കുന്നുണ്ട്. ഫുട്‌ബാളിനേക്കാളും തനിക്കിഷ്ടം ക്രിക്കറ്റാണെന്നും, എന്നാല്‍ ഭര്‍ത്താവിന് ഇഷ്ടം ഫുട്‌ബാളിനോടാണെന്നും ശ്രീകല പറയുന്നു. ഗൗതം ഗംഭീറുമായി ബന്ധപ്പെടുത്തി ശ്രീകല പങ്കുവെച്ച ഈ രസകരമായ വെളിപ്പെടുത്തൽ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിൽ വൈറലായിക്കഴിഞ്ഞു.
വിഡിയോ പുറത്തുവന്നതോടെ നിരവധി ആരാധകരാണ് പിന്തുണയുമായും ചിരിപ്പിക്കുന്ന കമന്റുകളുമായും രംഗത്തെത്തുന്നത്. ഒരിടവേളക്ക് ശേഷം തന്റെ ഇഷ്ട മേഖലയായ മിനിസ്‌ക്രീനിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ശ്രീകല ഇപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.