രാജ്യത്തെ മുൻനിര വിവാഹ വിഡിയോഗ്രാഫറായി മാറുന്നതിന് മുമ്പ്, ഷാരൂഖ് ഖാന്‍റെ റെഡ് ചില്ലീസ് എന്റർടൈൻമെന്റിലാണ് വിശാൽ പഞ്ചാബി (ദി വെഡ്ഡിങ് ഫിലിമർ) പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ 15 വർഷമായി വ്യത്യസ്ത മതവിഭാഗങ്ങളിലെ ദമ്പതികളെ പ്രോത്സാഹിപ്പിക്കുന്നതിനാൽ തനിക്കെതിരെ വെറുപ്പ് വർധിച്ചുവെന്ന് അദ്ദേഹം പറയുന്നു. ഷാരൂഖിനും ഭാര്യ ഗൗരി ഖാനുമൊപ്പം പ്രവർത്തിച്ചത് അത്തരം സങ്കൽപ്പങ്ങളെ മറികടക്കേണ്ടത് എത്ര പ്രധാനമാണെന്ന് പഠിപ്പിച്ചുവെന്നും വിശാൽ ഒരു അഭിമുഖത്തിൽ പറഞ്ഞു.
ആധുനിക സിങ്ങിന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. താൻ ആദ്യമായി എടുത്ത സ്വവർഗ വിവാഹ ചിത്രം പുറത്തിറങ്ങിയതിന് ശേഷം ധാരാളം അധിക്ഷേപങ്ങൾ നേരിടേണ്ടി വന്നതായും ഫോളോവേഴ്‌സ് നഷ്ടപ്പെട്ടതായും അദ്ദേഹം പറഞ്ഞു. എന്നാൽ താൻ ഉൾക്കൊള്ളൽ മാത്രമേ പ്രോത്സാഹിപ്പിക്കൂ എന്നും അദ്ദേഹം പറഞ്ഞു. 'ഈ ലോകം 15 വർഷം മുമ്പ് ഉണ്ടായിരുന്നതുപോലെയല്ല. നമ്മൾ മിശ്രവിവാഹങ്ങൾ നടത്തിയപ്പോഴെല്ലാം, ട്രോളുകൾക്ക് ഇരയാകുന്നു. ഞാൻ ഒരു മുസ്ലിമിനെ വിവാഹം കഴിച്ചു. അതിന്റെ പേരിൽ ഞാൻ വെറുക്കപ്പെട്ടു. പക്ഷേ എനിക്കതിൽ ഖേദമില്ല' -മിശ്രവിവാഹങ്ങളിൽ പ്രവർത്തിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ വിശാൽ പറഞ്ഞു.
തന്‍റെ അമ്മ ക്രിസ്ത്യാനിയും അച്ഛൻ ഹിന്ദുവുമാണെന്ന് അദ്ദേഹം പറഞ്ഞു. 'വ്യക്തിപരമായി എനിക്ക് മിശ്രവിവാഹങ്ങൾ വളരെ ഇഷ്ടമാണ്. അതിലും മനോഹരമായി മറ്റൊന്നില്ല. ഷാറൂഖിൽ നിന്നും ഞാൻ പഠിച്ച കാര്യമാണിത്. അദ്ദേഹം ദീപാവലിയും ഈദും ആഘോഷിച്ചിരുന്നു. അദ്ദേഹത്തിന് അത് ചെയ്യാൻ കഴിയുമെങ്കിൽ എനിക്കും അത് ചെയ്യാൻ കഴിയും. ലോകത്തിനും അത് ചെയ്യാൻ കഴിയും. ഒരാളുടെ മതത്തെ ബഹുമാനിക്കുന്നത് തെറ്റല്ല' -വിശാൽ കൂട്ടിച്ചേർത്തു.
അക്കാലത്ത് റെഡ് ചില്ലീസ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വന്നിരുന്ന ചെറുപ്പക്കാരുടെ ഒരു വലിയ ടീമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ക്രൂവിനോട് എങ്ങനെ പെരുമാറണമെന്ന് എന്നത് ഷാറൂഖ് വളരെ ശ്രദ്ധിച്ചിരുന്നു. സ്റ്റുഡിയോയിൽ സൗജന്യ ഉച്ചഭക്ഷണം ലഭിച്ചിരുന്നു. അത് തങ്ങൾക്ക് സമയവും പണവും ലാഭിക്കാൻ കാരണമായതായി അദ്ദേഹം പറഞ്ഞു. കൂടെ നിൽക്കുന്നവരെ കരുതുക, അവർക്ക് നല്ല ശമ്പളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, അവർ സൃഷ്ടിപരമായി പ്രചോദിതരാണെന്ന് ഉറപ്പാക്കുക, എന്നതൊക്കെ ഷാറൂഖിൽ നിന്ന് പഠിച്ചതാണെന്നും വിശാൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.