ബോളിവുഡിന്റെ കിങ് ഖാൻ ഷാരൂഖിന് ഇന്ന് 60-ാം ജന്മദിനമാണ്. അലിബാഗിലെ തന്റെ വസതിയിൽ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും പങ്കെടുത്ത ജന്മദിന പാർട്ടിയിൽ നടൻ തന്‍റെ ജന്മദിനം ആഘോഷിച്ചു. താരത്തിന്‍റെ പിറന്നാൾ വലിയ രീതിയിൽ ആഘോഷിക്കാൻ ഒരുങ്ങുകയാണ് രാജ്യമെമ്പാടുമുള്ള ആരാധകർ.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആരാധകർക്ക് മുംബൈയിലേക്ക് എത്താനുള്ള ദിവസമായി ഷാരൂഖിന്‍റെ പിറന്നാൾ മാറിയിട്ട് പതിറ്റാണ്ടുകളായി. എല്ലാവർഷവും ഈ ദിവസം അദ്ദേഹത്തിന്റെ വസതിയായ മന്നത്തിന് മുന്നിൽ വലിയ ജനക്കൂട്ടം തടിച്ചുകൂടുന്നു. എല്ലാവരോടും കൈവീശി നന്ദി പറയാൻ കിങ് ഖാൻ മന്നത്തിന്‍റെ ബാൽക്കണിയിൽ എത്തും. ഇത്തവണയും ശനിയാഴ്ച രാത്രി മുതൽ അദ്ദേഹത്തിന്റെ വീടിന് പുറത്ത് ധാരാളം ആളുകൾ തടിച്ചുകൂടിയിട്ടുണ്ട്.
ഫൗജി എന്ന ടെലിവിഷൻ ഷോയിലൂടെയാണ് ഷാരൂഖ് ഖാൻ അഭിനയരംഗത്തേക്ക് പ്രവേശിച്ചത്. പിന്നീട് നിരവധി ടി.വി ഷോകളിൽ അഭിനയിച്ചു. 1992ൽ രാജ് കൻവാറിന്റെ ദീവാനയിലൂടെയാണ് ഷാരൂഖ് ബിഗ് സ്‌ക്രീനിൽ അരങ്ങേറ്റം കുറിക്കുന്നത്. 1993ൽ അബ്ബാസ്-മുസ്താൻ സംവിധാനം ചെയ്ത 'ബാസിഗർ', യാഷ് ചോപ്രയുടെ 'ഡർ' എന്നീ ചിത്രങ്ങളാണ് അദ്ദേഹത്തിന്‍റെ കരിയറിൽ വഴിത്തിരിവായത്.
1995ൽ പുറത്തിറങ്ങിയ ആദിത്യ ചോപ്ര ചിത്രം 'ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ'യുടെ ചരിത്ര വിജയത്തോടെ ഷാരൂഖ് സൂപ്പർസ്റ്റാറായി ഉയർന്നു. തുടർന്ന് കരൺ ജോഹറിന്റെ 'കുച്ച് കുച്ച് ഹോത്താ ഹേ', 'കഭി ഖുഷി കഭി ഗം', യാഷ് ചോപ്രയുടെ 'ദിൽ തോ പാഗൽ ഹേ', 'വീർ സാറ', നിഖിൽ അദ്വാനിയുടെ 'കൽ ഹോ ന ഹോ' തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകൾ പുറത്തിറങ്ങി.
ഉയർച്ച താഴ്ചകൾ ഉണ്ടായിട്ടും പകരമവെക്കാനില്ലാത്ത ഒന്നായി ഷാരൂഖിന്‍റെ സിനിമ ജീവിതം മാറുന്നു. നിരവധി പ്രമുഖരാണ് ബോളിവുഡിന്‍റെ സൂപ്പർ താരത്തിന് പിറന്നാൾ ആശംസകൾ അറിയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.