സംവൃത സുനിൽ

എട്ട് വർഷത്തെ ഇടവേളക്ക് ശേഷം സംവൃത സുനിൽ വീണ്ടും വെള്ളിത്തിരയിലേക്ക്; ‘മലയാള സിനിമയെ മിസ് ചെയ്തിരുന്നു’

നീണ്ട എട്ട് വർഷത്തെ ഇടവേളക്ക് ശേഷം മലയാള സിനിമയിലേക്ക് മടങ്ങിയെത്തുകയാണ് പ്രിയ നടി സംവൃത സുനിൽ. 'തങ്കം' എന്ന നിരൂപക പ്രശംസ നേടിയ ചിത്രത്തിന് ശേഷം ഷഹീദ് അറഫാത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് താരത്തിന്‍റെ തിരിച്ചുവരവ്. നവരസ ഫിലിംസിന്റെയും സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോയുടെയും ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പൂജാചടങ്ങുകൾ ആഘോഷപൂർവമായി നടന്നു. ചിത്രത്തിന്റെ ടൈറ്റിൽ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ചിത്രത്തിന്‍റെ പൂജ സ്റ്റിൽസ് ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്.

മലയാള സിനിമയെ താൻ ഏറെ മിസ് ചെയ്തിരുന്നുവെന്നും ഈ തിരിച്ചുവരവിൽ സന്തോഷത്തോടൊപ്പം ചെറിയ ആകാംക്ഷയുമുണ്ടെന്നും ചിത്രത്തിന്റെ പൂജാ ചടങ്ങുകൾക്കിടയിൽ മാധ്യമങ്ങളോട് സംസാരിക്കവെ സംവൃത വ്യക്തമാക്കി. ‘കുറേ നാളായല്ലോ, സിനിമ നന്നായി വരണമെന്ന ആഗ്രഹവും പ്രതീക്ഷയുമൊക്കെയുണ്ട്. തിരിച്ചു വരണമെന്ന് തോന്നുന്നതുപോലെയുള്ള കഥാപാത്രവും കഥയും ഇപ്പോഴാണ് കിട്ടിയത്.

എട്ട് വർഷമായി ഞാൻ മലയാള സിനിമയിൽ നിന്ന് മാറി നിന്നിട്ട്. സത്യം പറഞ്ഞാ വിശ്വസിക്കുമോ ആണ് അവസാനം ചെയ്തത്’ താരം പറഞ്ഞു. ഇതിനിടയിലും പല കഥകളും കേട്ടിരുന്നെങ്കിലും മനസ്സിന് പൂർണ്ണമായി തൃപ്തി നൽകുന്ന പ്രൊജക്ട് ഇപ്പോൾ മാത്രമാണ് യാഥാർത്ഥ്യമായതെന്നും സിനിമയിൽ വലിയ മാറ്റങ്ങൾ വന്നിട്ടുണ്ടോ എന്നറിയാൻ ഷൂട്ടിങ് ആരംഭിക്കട്ടെയെന്നും സംവൃത കൂട്ടിച്ചേർത്തു.

മറ്റൊരു പ്രത്യേകത ചിത്രത്തിലെ താരനിരയാണ്. സംവിധായകനും നടനുമായ ദിലീഷ് പോത്തനും സംവിധായകൻ അൽഫോൻസ് പുത്രനും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. വളരെ പ്രതിഭാധനരായ ഒരു ടീമിനൊപ്പം പ്രവർത്തിക്കാൻ കഴിയുന്നതിന്റെ സന്തോഷത്തിലാണ് അണിയറപ്രവർത്തകർ. ഷഹീദ് അറഫാത്തിന്റെ സംവിധാന മികവിലും ശക്തമായ തിരക്കഥയിലും ഒരുങ്ങുന്ന ഈ ചിത്രം മികച്ചൊരു ദൃശ്യാനുഭവമായിരിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകരും.

ചിത്രത്തിൽ ജിബിൻ ഗോപിനാഥ്, അഭിജിത്ത് സുരേഷ്, അശ്വതി മനോഹരൻ, റിയാസ് ഖാൻ, ശ്രുതി ജയൻ, ബിസാൽ പ്രസന്ന എന്നിവരും ഭാഗമാണ്. ആടുജീവിതം എന്ന ചിത്രത്തിന് ശേഷം സുനിൽ കെ.എസ് ഛായഗ്രഹണം നിർവഹിക്കുന്ന ചിത്രമാണിത്. ഗപ്പി, അമ്പിളി, ആശാൻ എന്നീ ചിത്രങ്ങളുടെ സംവിധായകൻ ജോൺപോൾ ജോർജ് ചിത്രത്തിന് സംഗീതം ഒരുക്കുന്നു. സിനിമയുടെ കൂടുതൽ വിവരങ്ങളും ചിത്രത്തിന്റെ ഔദ്യോഗിക ടൈറ്റിലും വരും ദിവസങ്ങളിൽ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags:    
News Summary - Samvrutha Sunil Back in Cinema After 8 Years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.