അമൃത സിങും സെയ്ഫ് അലി ഖാനും

ആദ്യ ഭാര്യ അമൃതയെ മതം മാറ്റാൻ ശ്രമിച്ചിട്ടില്ല, 13 വർഷത്തെ ദാമ്പത്യം വേണ്ടെന്നു വെച്ചതിന് പിന്നിൽ...; വിവാദങ്ങളോട് പ്രതികരിച്ച് സെയ്ഫ് അലി ഖാൻ

വ്യത്യസ്തമായ മത വിഭാഗങ്ങളിൽ നിന്നുമുള്ള വ്യക്തികളായിരുന്നു സെയ്ഫ് അലി ഖാനും അമൃത സിങും. എന്നാൽ മതം ഒരിക്കലും തങ്ങളുടെ പ്രണയത്തിന് അതിർവരമ്പായിരുന്നില്ലെന്ന് വിവാഹ ശേഷം നൽകിയ അഭിമുഖങ്ങളിൽ ഇരുവരും പറഞ്ഞിരുന്നു. 13 വർഷത്തെ ദാമ്പത്യത്തിനുശേഷം ഇരുവരും വേർപിരിഞ്ഞപ്പോൾ അത് ഏറെ വിവാദങ്ങൾക്കു വഴിവെച്ചു. നടൻ അമൃതയെ ഇസ്ലാം മതം സ്വീകരിക്കാൻ പ്രേരിപ്പിച്ചിരുന്നുവെന്നായിരുന്നു വിവാദം.

എന്നാൽ സ്ക്രീൻ മാഗസിന് നൽകിയ റിപ്പോർട്ടിൽ ഇത്തരം അഭ്യൂഹങ്ങൾ തീർത്തും വസ്തുത വിരുദ്ധമാണെന്ന് നടൻ പ്രതികരിച്ചു. 'ഡിംഗിയെ (അമൃത സിങ്) ഒരിക്കലും ഇസ്ലാം മതം സ്വീകരിക്കാൻ നിർബന്ധിച്ചിട്ടില്ല. ആചാരങ്ങൾ പിന്തുടരാൻ ആവശ്യപ്പെട്ടിട്ടുമില്ല. തുടക്കം മുതൽ ഓരോരുത്തർക്കും അവരവരുടെ മതം എന്നതായിരുന്നു ഞങ്ങളുടെ രീതി. മക്കളായ സാറയും ഇബ്രാഹിമും വളർന്നുവന്നപ്പോഴും ഇതേ ആശയം തന്നെയാണ് ഞങ്ങൾ പിന്തുടർന്നത്' സെയ്ഫ് പറഞ്ഞു.

അമൃത ഗുരുദ്വാരയിൽ പോകുമ്പോൾ താൻ വീട്ടിലിരുന്ന് കുട്ടികളെ നോക്കാറുണ്ടായിരുന്നുവെന്നും കുട്ടികൾ രണ്ട് മതങ്ങളെയും ബഹുമാനിച്ചാണ് വളർന്നതെന്നും സെയിഫ് വെളിപ്പെടുത്തി. മുസ്ലീം മതവിശ്വാസിയായ റുക്‌സാന സുൽത്താനയും സിഖ് പിതാവ് ശിവിന്ദർ സിങ് വിർക്കിയുമാണ് അമൃതയുടെ മാതാപിതാക്കൾ. സെയ്ഫിന്‍റെ മാതാവ് ഷർമിള ടാഗോർ, മൻസൂർ അലി ഖാൻ പട്ടൗഡിയെ വിവാഹം കഴിച്ചപ്പോൾ ഇസ്ലാം മതം സ്വീകരിക്കുകയായിരുന്നു.

അമൃതയുമായുള്ള 13 വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ചപ്പോൾ മക്കളായ സാറയെയും ഇബ്രാഹിമിനെയും ഓർത്ത് താൻ ഏറെ ആശങ്കപ്പെട്ടിരുന്നുവെന്ന് നടൻ പറഞ്ഞു. 'ഞങ്ങൾ വേർപിരിഞ്ഞപ്പോൾ കുട്ടികൾ അമൃതയുടെ കൂടെയായിരുന്നു. എങ്കിലും കുട്ടികളെ സ്വാധീനിക്കാനോ മതപരമായ കാര്യങ്ങളിൽ അവരെ സമ്മർദത്തിലാക്കാനോ അമൃത ഒരിക്കലും ശ്രമിക്കില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു' സെയ്ഫ് വ്യക്തമാക്കി.

വർഷങ്ങൾക്ക് ശേഷം കരീന കപൂറിനെ വിവാഹം കഴിച്ചപ്പോഴും നടനെതിരെ മതപരമായ ചോദ്യങ്ങൾ ഉയർന്നുവന്നിരുന്നു. എന്നാൽ അന്ന് അത്തരം കാര്യങ്ങൾ തന്നെ ബാധിക്കില്ലെന്നായിരുന്നു സെയിഫിന്‍റെ മറുപടി. ഇപ്പോൾ സെയ്ഫ് അലി ഖാനും കരീനയും സന്തോഷകരമായ ദാമ്പത്യം നയിക്കുന്നു. അവർക്ക് തൈമൂർ, ജെഹ് എന്നിങ്ങനെ രണ്ട് മക്കളുണ്ട്.

Tags:    
News Summary - Saif Ali Khan Reacts to Rumours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.