തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികയാണ് സായ് പല്ലവി. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെ നായികയായി ചുവടുവെച്ച താരം ചെറിയ സമയത്തിനുള്ളിൽ തെന്നിന്ത്യൻ സിനിമ പ്രേമികളുടെ പ്രിയങ്കരിയായി മാറി. ഇതിനോടകം നിരവധി ശക്തമായ കഥാപാത്രങ്ങൾ ചെയ്യാൻ സായ് പല്ലവിക്ക് കഴിഞ്ഞിട്ടുണ്ട്. 2022 ൽ പുറത്തിറങ്ങിയ ഗാർഗി എന്ന ചിത്രത്തിലെ പ്രകടനം വലിയ ചർച്ചയായിരുന്നു. ദേശീയ അവാര്‍ഡ് ലഭിക്കുമെന്നുവരെ കരുതിയിരുന്നു. എന്നാൽ ആ വർഷത്തെ മികച്ച നടിക്കുള്ള പുരസ്കാരം നടി നിത്യ മേനനാണ് ലഭിച്ചത്.
ഇപ്പോഴിതാ താൻ ഒരു ദേശീയ പുരസ്കാരം ആഗ്രഹിക്കുന്നുണ്ടെന്ന് പറയുകയാണ് സായ് പല്ലവി.അതിനൊരു പ്രത്യേക കാരണവുമുണ്ട്.ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
'ഞാനൊരു നാഷണൽ അവാർഡ് ആഗ്രഹിക്കുന്നുണ്ട്. കാരണം എനിക്ക് 21 വയസ്സുള്ളപ്പോൾ മുത്തശ്ശി ഒരു സാരി സമ്മാനമായി തന്നു. കല്യാണത്തിന് ഉടുക്കണമെന്ന് പറഞ്ഞാണ് തന്നത്. അന്ന് അവർ ഓപ്പറേഷനൊക്കെ കഴിഞ്ഞ് തീരെ സുഖമില്ലാതിരിക്കുന്ന സമയമായിരുന്നു. ആ സമയത്ത് പ്രേമം റിലീസ് ചെയ്തിട്ടില്ല. അന്നൊക്കെ ഞാൻ കരുതിയിരുന്നത് കല്യാണമാണ് അടുത്ത വലിയ സ്റ്റെപ് എന്ന്.പിന്നെയൊരു 23-24 വയസായപ്പോഴാണ് പ്രേമം പുറത്തിറങ്ങിയത്.
പിന്നെ ഞാൻ കരുതി വലിയൊരു പുരസ്കാരം കിട്ടുകയാണെങ്കിൽ മുത്തശ്ശി നൽകിയ സാരി ഉടുക്കാമെന്ന്. നമുക്ക് ദേശീയ പുരസ്കാരമാണല്ലോ ഏറ്റവും വലിയ അവാർഡ്. എന്നെ സംബന്ധിച്ചടത്തോളം ആ സാരി നാഷണൽ അവാർഡുമായി ബന്ധപ്പെട്ട് കിടക്കുകയാണ്. എന്നെങ്കിലും നാഷണൽ അവാർഡ് കിട്ടിയാൽ ആസരി ഉടുക്കണമെന്നാണ് ആഗ്രഹം.
പക്ഷേ സത്യം പറഞ്ഞാൽ, എന്റെ കഥാപാത്രന്റെ വേദന പ്രേക്ഷകരും അനുഭവിക്കുന്നുണ്ടെങ്കിൽ അതുമാത്രം മതി എനിക്ക്. അതാണ് ഒരു അഭിനേതാവിന് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരം. അതിനുശേഷം ലഭിക്കുന്നതെല്ലാം ബോണസാണ്'- സായ് പല്ലവി പറഞ്ഞു.
തണ്ടേൽ ആണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ സായ് പല്ലവിയുടെ ചിത്രം. നാഗ ചൈതന്യയായിരുന്നു നായകൻ. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളി എത്തിയ ചിത്രം ബോക്സോഫീസിൽ മികച്ച വിജയം നേടി. തൊട്ടുമുമ്പ് ഇറങ്ങിയ അമരനും വൻ വിജയമായിരുന്നു. ബോളിവുഡിലും ചുവടുവെക്കാൻ നടി തയാറെടുക്കുകയാണ്. നടൻ രൺബീർ കപൂറിനൊപ്പമുള്ള രാമായണം അണിയറയിൽ ഒരുങ്ങുകയാണ്. ജുനൈദ് ഖാനൊപ്പമുള്ള ചിത്രത്തിലും സായ് പല്ലവിയാണ് നായിക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.