ചെറിയ നിർമാതാക്കൾക്ക് അദ്ദേഹത്തെ സമീപിക്കാൻ ഭയമായിരിക്കാം; റഹ്മാന് അവസരങ്ങൾ കുറയുന്നത് വർഗീയത കൊണ്ടല്ല -ജാവേദ് അക്തർ

എ.ആർ. റഹ്മാൻ അടുത്തിടെ ഒരു അഭിമുഖത്തിൽ നടത്തിയ അഭിപ്രായപ്രകടനങ്ങൾ ഇപ്പോൾ സമൂഹമാധ്യമത്തിൽ ചർച്ചയായിരിക്കുകയാണ്. കഴിഞ്ഞ എട്ട് വർഷമായി തനിക്ക് ലഭിക്കുന്ന വർക്കുകൾ കുറവാണെന്നും ഇതിന് പിന്നിലെ കാരണം വർഗീയതയായിരിക്കാം എന്നും അദ്ദേഹം പറഞ്ഞു. ഈ പ്രസ്താവന സഹകലാകാരന്മാരിൽ നിന്നും നിരൂപകരിൽ നിന്നും നിരവധി പ്രതികരണങ്ങൾക്ക് കാരണമായി. പലരും റഹ്മാനെ വിമർശിച്ച് രംഗത്തെത്തി. ഇപ്പോഴിതാ, മുതിർന്ന ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തർ കാഴ്ചപ്പാട് വെളിപ്പെടുത്തിയിരിക്കുകയാണ്.

ഐ‌.എ‌.എൻ.‌എസുമായുള്ള ഒരു സംഭാഷണത്തിൽ റഹ്മാന്റെ അവസരങ്ങൾ കുറയുന്നത് സാമുദായിക ഘടകം കൊണ്ടല്ലെന്ന് ജാവേദ് അക്തർ പറഞ്ഞു. 'എനിക്ക് ഒരിക്കലും അങ്ങനെ തോന്നിയിട്ടില്ല. മുംബൈയിൽ, ഞാൻ പലരെയും കണ്ടുമുട്ടുന്നു. അവർക്ക് അദ്ദേഹത്തോട് വലിയ ബഹുമാനമുണ്ട്. അദ്ദേഹം ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ തിരക്കിലാണെന്ന് അവർ കരുതുന്നുണ്ടാകാം. അല്ലെങ്കിൽ വിദേശത്തുള്ള അദ്ദേഹത്തിന്റെ പ്രോഗ്രാമുകളിൽ ധാരാളം സമയം എടുക്കുന്നതിനാൽ, നമ്മുടെ പ്രോജക്റ്റുകൾക്ക് അദ്ദേഹം ലഭ്യമായിരിക്കില്ല. റഹ്മാന് ഇത്രയും വലിയ വ്യക്തിത്വമുള്ളതിനാൽ, ചെറിയ നിർമാതാക്കൾ അദ്ദേഹത്തെ സമീപിക്കാൻ ഭയപ്പെടാം. എന്നാൽ ഇതിൽ ഒരു സാമുദായിക ഘടകം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല' -ജാവേദ് അക്തർ പറഞ്ഞു.

ബി.ബി.സി എഷ്യന്‍ നെറ്റ്‍വര്‍ക്കിന് നല്‍കിയ അഭിമുഖത്തിലാണ് അവസരങ്ങൾ കുറയുന്നതിനെക്കുറിച്ച് എ.ആർ. റഹ്മാൻ പറഞ്ഞത്. അവസരങ്ങൾ കുറഞ്ഞതിനെക്കുറിച്ച് പരാതിപ്പെടുന്നതിനേക്കാൾ, തനിക്ക് കുടുംബത്തോടൊപ്പം ചെലവഴിക്കാൻ കൂടുതൽ സമയം ലഭിക്കുന്നതിലാണ് സന്തോഷമെന്ന് റഹ്മാൻ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. തന്റെ ആത്മാർഥതയിലൂടെ അവസരങ്ങൾ തന്നെ തേടി വരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.  

Tags:    
News Summary - Javed Akhtar says no communal element in AR Rahman not getting work in Bollywood

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.