വിക്കി കൗശൽ നായകനായ ഛാവ ഭിന്നിപ്പിക്കുന്ന ചിത്രമാണെന്ന് സംഗീതസംവിധായകൻ എ.ആർ. റഹ്മാൻ പറഞ്ഞത് വിവാദങ്ങൾക്ക് വഴിവെച്ചു. ഛാവയുടെ രാഷ്ട്രീയവുമായി പൊരുത്തപ്പെടുന്നില്ലെങ്കിലും ചിത്രത്തിന് സംഗീതം നൽകാൻ താൻ സമ്മതിച്ചതിന്റെ കാരണവും അദ്ദേഹം വിശദീകരിച്ചു. ബി.ബി.സിക്ക് നൽകിയ അതേ അഭിമുഖത്തിൽ, 'വർഗീയ കാരണങ്ങളാൽ' ഹിന്ദി ചലച്ചിത്രമേഖലയിൽ തനിക്ക് അവസരങ്ങൾ കുറയുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇപ്പോഴിതാ, തന്റെ 'എമർജൻസി' എന്ന ചിത്രത്തിന് സംഗീതം നൽകാൻ എ.ആർ. റഹ്മാൻ വിസമ്മതിച്ചെന്ന് പറയുകയാണ് നടിയും ബി.ജെ.പി എം.പിയുമായ കങ്കണ റണാവത്ത്.
റഹ്മാനെ മുൻവിധിയുള്ള വ്യക്തിയെന്നാണ് കങ്കണ വിശേഷിപ്പിച്ചത്. സിനിമയിൽ സഹകരിക്കാൻ ആഗ്രഹിച്ചപ്പോൾ അദ്ദേഹം തന്നെ കാണാൻ പോലും വിസമ്മതിച്ചെന്ന് അവർ ആരോപിച്ചു. 'പ്രിയപ്പെട്ട റഹ്മാൻ ജീ, കാവി പാർട്ടിയെ പിന്തുണക്കുന്നതിനാൽ സിനിമ മേഖലയിൽ എനിക്ക് വളരെയധികം മുൻവിധിയും പക്ഷപാതവും നേരിടേണ്ടി വരുന്നു. പക്ഷേ നിങ്ങളേക്കാൾ മുൻവിധിയും വെറുപ്പും ഉള്ള ഒരു മനുഷ്യനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല' -എന്ന് കങ്കണ ഇൻസ്റ്റഗ്രാമിൽ എഴുതി.
'ഞാൻ സംവിധാനം ചെയ്ത എമർജൻസിയെക്കുറിച്ച് നിങ്ങളോട് പറയാൻ ഞാൻ അതിയായി ആഗ്രഹിച്ചു. ആഖ്യാനം മറന്നേക്കൂ, നിങ്ങൾ എന്നെ കാണാൻ പോലും വിസമ്മതിച്ചു. ഒരു പ്രൊപഗണ്ട സിനിമയുടെ ഭാഗമാകാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് എന്നോട് പറഞ്ഞു. വിരോധാഭാസമെന്നു പറയട്ടെ, എല്ലാ വിമർശകരും എമർജൻസിയെ ഒരു മാസ്റ്റർപീസ് എന്ന് വിളിച്ചു. പ്രതിപക്ഷ പാർട്ടി നേതാക്കൾ പോലും ചിത്രത്തിന്റെ സന്തുലിതവും കാരുണ്യപൂർണമായ സമീപനത്തെ അഭിനന്ദിച്ച് എനിക്ക് കത്തുകൾ അയച്ചു. പക്ഷേ നിങ്ങളുടെ വെറുപ്പ് നിങ്ങളെ അന്ധനാക്കിയിരിക്കുന്നു. എനിക്ക് നിങ്ങളോട് സഹതാപം തോന്നുന്നു -എന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.