രാധിക ആപ്‌തെ

‘പോപ്‌കോൺ കഴിച്ച് 50 പേരെ തല്ലിച്ചതക്കുന്നത് എങ്ങനെ കാണും?’; അക്രമ സിനിമകൾക്കെതിരെ രാധിക ആപ്‌തെ

വ്യത്യസ്ത വേഷങ്ങളിലൂടെയും കഥാപാത്രങ്ങളിലൂടെയും ഇന്ത്യൻ സിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടിയാണ് രാധിക ആപ്‌തെ. മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിലും ബോളിവുഡിലും ഹോളിവുഡിലും വരെ തിളങ്ങിയ താരം, രണ്ട് പതിറ്റാണ്ടോളം നീണ്ട കരിയറിൽ എല്ലാ ജോണറുകളിലും പരീക്ഷണം നടത്തി വിജയിച്ചിട്ടുണ്ട്. ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടാതെ ഓരോ കഥാപാത്രത്തെയും വ്യത്യസ്തമാക്കിയ നടി കൂടിയാണ് രാധിക.

എന്നാൽ ഇപ്പോൾ ബോളിവുഡിൽ ട്രെൻഡായി മാറിയിരിക്കുന്ന അതിഭീകരമായ അക്രമം നിറഞ്ഞ മാസ് ആക്ഷൻ സിനിമകളോട് തനിക്ക് താൽപര്യമില്ലെന്നും അത്തരം സിനിമകളുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നില്ലെന്നും തുറന്നുപറഞ്ഞിരിക്കുകയാണ് താരം. തന്റെ പുതിയ നെറ്റ്ഫ്ലിക്സ് ഗ്യാങ്സ്റ്റർ ഡ്രാമയായ 'അക്ക'യുടെ പ്രമോഷനിടെയാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്.

‘അക്രമമാണ് ഇപ്പോൾ വിജയിക്കുന്നത്. ഞാൻ അതിനെ എതിർക്കുന്നു’. നിലവിൽ തിയറ്ററുകളിൽ വിജയിക്കുന്നത് അക്രമം നിറഞ്ഞ സിനിമകളാണെന്നും താൻ അതിനെ ശക്തമായി എതിർക്കുന്നുവെന്നും രാധിക പറഞ്ഞു. അത്തരം സിനിമകൾ കാണാൻ പോലും തനിക്ക് താൽപര്യമില്ലെന്നും താരം വ്യക്തമാക്കി. എനിക്ക് അവ അസംബന്ധമായി തോന്നുന്നു.

‘50 പേരെ തല്ലിച്ചതക്കുന്നത്, അതും ക്രിയേറ്റീവായി തല്ലുന്നത്, കഴിഞ്ഞ തവണ സിങ്കിൽ ഇട്ട് തല പൊട്ടിച്ചു, ഇത്തവണ വേറെ ഏതെങ്കിലും സ്ലാബിൽ ഇട്ട് പൊട്ടിക്കാം എന്നൊക്കെ പറയുന്നത് പോപ്‌കോൺ കഴിച്ചുകൊണ്ട് ഇരുന്ന് കാണുന്നത് എങ്ങനെയാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. എനിക്ക് അതൊന്നും കണക്ട് ചെയ്യാൻ പറ്റുന്നില്ല. അതുകൊണ്ട് ഞാൻ അതിന്റെ ഭാഗമാകാതിരിക്കാനാണ് ആഗ്രഹിക്കുന്നത്’ എന്ന് രാധിക വ്യക്തമാക്കി.

ബോളിവുഡിൽ അടുത്തിടെ ഇറങ്ങിയ പല വിജയ ചിത്രങ്ങളും അതിരുകടന്ന രക്തച്ചൊരിച്ചിലും അക്രമവും നിറഞ്ഞതായിരുന്നു. ആ പ്രവണതക്കെതിരെയാണ് രാധികയുടെ തുറന്നുപറച്ചിൽ. അമ്മയായതിന് ശേഷം ജോലിയോടുള്ള തന്റെ മുൻഗണനകൾ ആകെ മാറിയെന്നും താരം വ്യക്തമാക്കി. മകളോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനാണ് ഇപ്പോൾ ആഗ്രഹിക്കുന്നത്.

ന്യായമായ ജോലി സമയമാണ് ഇപ്പോൾ താൻ പ്രധാനമായും ആവശ്യപ്പെടുന്നതെന്ന് രാധിക പറയുന്നു. എന്റെ ജോലി ഒരിക്കലും എന്റെ ജീവിതമായിരുന്നില്ല. അത് എന്റെ ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണ്. കാര്യങ്ങൾ എപ്പോഴും മാറിക്കൊണ്ടിരിക്കും. നാളെ ഞാൻ എല്ലാം നിർത്തിയേക്കാം, അല്ലെങ്കിൽ ഒരുപാട് ചെയ്തേക്കാം. എന്നും രാധിക കൂട്ടിച്ചേർത്തു.

രാധിക ആപ്‌തെയും കീർത്തി സുരേഷും പ്രധാന വേഷത്തിലെത്തുന്ന 1980കളുടെ പശ്ചാത്തലത്തിലുള്ള ഗ്യാങ്സ്റ്റർ ഡ്രാമയാണ് 'അക്ക'. രണ്ട് ശക്തരായ ഗ്യാങ്സ്റ്റർമാർ തമ്മിലുള്ള ശത്രുതയും അധികാര പോരാട്ടവുമാണ് കഥയുടെ പ്രമേയം. രാധികയുടെ കഥാപാത്രവും ഏറെ ശക്തമാണെന്നാണ് റിപ്പോർട്ട്. ഒക്ടോബർ 30ന് നെറ്റ്ഫ്ലിക്സിൽ ചിത്രം പ്രീമിയർ ചെയ്യും. തൻവി ആസ്മി, മഹേഷ് മഞ്ജരേക്കർ, അൻഷുമാൻ പുഷ്കർ, മോണിക്ക പൻവാർ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നെറ്റ്ഫ്ലിക്സും വൈആർഎഫ് എന്റർടെയ്ൻമെന്റും തമ്മിലുള്ള സഹകരണത്തിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ വെബ് സീരീസാണിത്.

Tags:    
News Summary - Radhika Apte Rejects Violent Action Films

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.