‘ആ ഞെട്ടൽ ഇപ്പോഴും മാറിയിട്ടില്ല; ആരോടും ശത്രുതയില്ല, എന്നിട്ടും ഇത് സംഭവിച്ചത് എങ്ങനെയെന്ന് മനസ്സിലാകുന്നില്ല’: ടൈഗർ ഷ്റോഫ്

മുംബൈ: തനിക്കുനേരെയുണ്ടായ വധശ്രമത്തിന്റെ ഞെട്ടൽ ഇപ്പോഴും തന്നെ വേട്ടയാടുന്നുണ്ടെന്ന് ബോളിവുഡ് താരം ടൈഗർ ഷ്റോഫ്. ശത്രുക്കളായി ആരും തന്നെയില്ലെന്നും എന്തിനാണ് ഇത്തരത്തിലുള്ള വധശ്രമം ഉണ്ടായതെന്ന് മനസ്സിലാകുന്നില്ലെന്നും മുംബൈ ക്രൈംബ്രാഞ്ച് സംഘത്തോട് താരം വ്യക്തമാക്കി.

ആ സംഭവത്തിന്റെ ഞെട്ടൽ മാറിയിട്ടില്ല. ഇപ്പോഴും അതിനെക്കുറിച്ച് വിവരിക്കാൻ കഴിയുന്നില്ല. എനിക്ക് ആരോടും ശത്രുതയില്ല. എന്നിട്ടും അവരെന്തിനാണ് എന്നോടിത് ചെയ്തതെന്ന് എനിക്ക് അറിയില്ല. ജീവന് തന്നെ ഭീഷണിയാകുന്ന രീതിയിൽ ഇത്തരമൊരു ആക്രമണം ആര്, എന്തിന് നടത്തണം -ടൈഗർ ഷ്റോഫ് പറഞ്ഞു.

കടുത്ത മാനസിക ആഘാതത്തിലായതിനാൽ താരം ഇതുവരെ ഔദ്യോഗികമായി പൊലീസിന് മൊഴി നൽകിയിരുന്നില്ല. അതേസമയം, സംഭവത്തിൽ ഇതുവരെ 11 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് ശനിയാഴ്ച ഇൻഡോറിൽനിന്ന് 22കാരനായ പ്രഞ്ജൽ താഖ്രാനെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ ഒക്ടോബർ 18ന് മുംബൈ ജുഹു പ്രദേശത്തുവെച്ചായിരുന്നു ആക്രമണം. ഫുട്ബോൾ കളി കഴിഞ്ഞ് മടങ്ങുകയായിരുന്ന താരത്തിന്റെ ബി.എം.ഡബ്ല്യു കാറിനുനേരെ ബൈക്കിലെത്തിയ പ്രതികൾ വെടിയുതിർക്കുകയായിരുന്നു. കാറിന്റെ മുൻവശത്തെ പാസഞ്ചർ സീറ്റിലിരുന്ന താരം അത്ഭുതകരമായി രക്ഷപ്പെട്ടു. താരത്തിന്റെ ഡ്രൈവർ ഫിർദൗസ് ബലൂച്ചിനും ഒപ്പമുണ്ടായിരുന്ന വ്ലോഗർ ഉമേഷ് ചൗഹാനും പരിക്കേറ്റു. ആക്രമണത്തിനുശേഷം പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിലെത്തിക്കാൻ ടൈഗർ ഷ്രോഫ് തന്നെയാണ് സ്വയം കാറോടിച്ച് പോയത്.

ആക്രമണത്തിന് ശേഷം ഹരിയാന സ്വദേശികളായ ഫൂൽ സിങ്, റൈഹാൻ റഹിസുദ്ദീൻ അൻസാരി എന്നിവർ ബിഹാർ സ്വദേശിയായ ഹൃതിക് കുമാറിനൊപ്പം ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. സൂറത്തിലേക്ക് കടന്ന ഇവർ ഡൽഹിക്ക് ബസ് കിട്ടാത്തതിനെത്തുടർന്ന് പ്യൂൺ-ജയ്പൂർ എക്സ്പ്രസ് ട്രെയിനിൽ രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. പിന്നീട് രാജസ്ഥാനിലെ കോട്ടയിൽവെച്ച് പിടിയിലാവുകയായിരുന്നു. ലോറൻസ് ബിഷ്ണോയ് സംഘത്തിൽ അംഗമായ അനിൽ പണ്ഡിറ്റാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി തുടർനടപടികൾ സ്വീകരിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.

Tags:    
News Summary - "That Shock Still Lingers; Have No Enmity with Anyone, Don't Understand How This Happened": Tiger Shroff

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.