നയൻതാര, രജനികാന്ത്
സൂപ്പർസ്റ്റാറും ലേഡി സൂപ്പർസ്റ്റാറും വീണ്ടും ഒന്നിക്കുന്നു; രജനികാന്ത് ചിത്രം 'ധർമനി'ൽ നയൻതാരയും
തമിഴ് സൂപ്പർസ്റ്റാർ രജനികാന്തിന്റെ പുതിയ ചിത്രമായ 'ധർമനിൽ' നയൻതാരയും പ്രധാന വേഷത്തിൽ എത്തുന്നു. കമൽഹാസന്റെ നിർമാണ കമ്പനിയായ രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ നിർമിക്കുന്ന ചിത്രത്തിലേക്ക് നയൻതാരയെ സ്വാഗതം ചെയ്തുകൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം അണിയറ പ്രവർത്തകർ നടത്തി.
'THE AURA IS DOUBLE, Welcoming the one and only Nayanthara to DHARMAN' എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റർ പുറത്തുവിട്ടത്. ഇരുണ്ട ഒരു ഇടനാഴിയിൽ രജനികാന്തിന് അഭിമുഖമായി നയൻതാര നിൽക്കുന്ന തരത്തിലുള്ള ത്രില്ലർ മൂഡിലുള്ള പോസ്റ്ററാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
പോസ്റ്റർ പങ്കുവെച്ചതിന് പിന്നാലെ നയൻതാര തന്റെ എക്സ് അക്കൗണ്ടിൽ "OnToTheNext with One and Only Superstar" എന്ന് കുറിച്ചുകൊണ്ട് സന്തോഷം പങ്കുവെച്ചു. രാജ് കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ഇൻസ്റ്റഗ്രാം പേജിലും വിഡിയോ പങ്കുവെച്ചിട്ടുണ്ട്.
രജനികാന്തിനൊപ്പം നയൻതാര വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഇതിനുമുമ്പ് 'ചന്ദ്രമുഖി', 'ശിവാജി', 'കുസേലൻ', 'ദർബാർ', 'അണ്ണാത്തെ' തുടങ്ങി നിരവധി ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചിട്ടുണ്ട്. ഇരുവരുടെയും കെമിസ്ട്രി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. നയൻതാരക്ക് പുറമെ നടിമാരായ സിമ്രാനും രാശി ഖന്നയും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ടെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.
ഷൂട്ടിങ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ നിരവധി മാറ്റങ്ങൾക്ക് വിധേയമായ ചിത്രമാണ് 'ധർമൻ'. ഓ മൈ കടവുളെ, ഡ്രാഗൺ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ അശ്വത് മാരിമുത്തുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈ പ്രോജക്ടിനായി തങ്ങൾ പ്രഖ്യാപിച്ച നാലാമത്തെ സംവിധായകനാണ് അശ്വത് എന്ന് രജനികാന്ത് തന്നെ ഈ വർഷം ആദ്യം വെളിപ്പെടുത്തിയിരുന്നു.
‘ആദ്യം രവികുമാറിനൊപ്പം ഒരു ചിത്രം ചെയ്യാനായിരുന്നു പ്ലാൻ. അത് നടന്നില്ല, പിന്നീട് സുന്ദർ സി യെ തീരുമാനിച്ചു. പക്ഷേ അദ്ദേഹത്തിന് മറ്റ് പ്രോജക്ടുകൾ വൈകിയതിനാൽ പിന്മാറി. പിന്നീട് സിബി ചക്രവർത്തിയെ തീരുമാനിച്ചു’ എന്നാണ് രജനികാന്ത് പറഞ്ഞത്.
സിബി പറഞ്ഞ കഥയെക്കുറിച്ചും താരം വിശദീകരിച്ചിരുന്നു. ‘കഥ വളരെ നല്ലതാണ്, പക്ഷേ അത് സെൻസിറ്റീവ് ആയ വിഷയമാണ്. ഒരു ആണവ ശാസ്ത്രജ്ഞനെ കുറിച്ചും ആണവായുധങ്ങളെ കുറിച്ചുമുള്ള കഥയായിരുന്നു. അഫ്ഗാനിസ്താനിലും റഷ്യയിലുമായിട്ടായിരുന്നു ഷൂട്ടിങ് പ്ലാൻ ചെയ്തിരുന്നത്. നല്ല വിഷയമാണ്, പക്ഷേ വളരെ സെൻസിറ്റീവും സമയമെടുക്കുന്നതുമാണ്. അതുകൊണ്ട് ആ പ്രോജക്ട് മാറ്റിവെച്ച് അശ്വത് മാരിമുത്തുവിനൊപ്പമുള്ള ചിത്രം ഫൈനൽ ചെയ്തു എന്നാണ് രജനികാന്ത് പറഞ്ഞത്.
നേരത്തെ പുറത്തുവിട്ട ഫസ്റ്റ് ലുക്ക് പോസ്റ്റർ വലിയ ചർച്ചയായിരുന്നു. ഓപ്പറേഷൻ തിയറ്ററിൽ കൈയിൽ ചോര പുരണ്ട കത്തിയുമായി സ്ക്രബ് ധരിച്ച് നിൽക്കുന്ന രജനികാന്തിന്റെ ഭയാനകമായ ലുക്കിലുള്ള പോസ്റ്ററായിരുന്നു അത്. പോസ്റ്റർ കണ്ടപ്പോൾ തന്നെ രജനി ആരാധകർ ചിത്രത്തെ ഏറ്റെടുത്തിരുന്നു. ഇപ്പോൾ പുതിയ അപ്ഡേറ്റിലും പ്രേക്ഷകർ ആവേശത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.