വിമർശനങ്ങൾക്കിടയിൽ വിജയ്‌ ദേവരകൊണ്ടക്ക് പിന്തുണയുമായി രശ്മിക; ‘എന്റെ സന്തോഷത്തിൽ നിങ്ങൾക്ക് ആശങ്ക വേണ്ട’

നടൻ വിജയ് ദേവരകൊണ്ടയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള വിമർശനങ്ങൾക്ക് മറുപടിയുമായി രശ്മിക മന്ദാന. ‘കോഫി വിത്ത് കരൺ’ ഒമ്പതാം സീസണിൽ വിവാഹത്തെക്കുറിച്ച് ഇരുവരും നടത്തിയ വെളിപ്പെടുത്തലുകൾക്കു പിന്നാലെ സമൂഹമാധ്യമങ്ങളിൽ വിമർശനം ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് സ്വന്തം ജീവിതത്തിലെ തീരുമാനങ്ങളെ ന്യായീകരിച്ചും വിജയ്‌യുമായുള്ള ബന്ധത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് വ്യക്തമാക്കിയും രശ്മികയുടെ കുറിപ്പ്.

തങ്ങളുടെ ബന്ധത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും അഭിപ്രായം പറയുന്നവർക്ക് അതിന്റെ യഥാർഥ പശ്ചാത്തലം അറിയില്ലെന്ന് രശ്മിക പറഞ്ഞു. വിവാഹത്തെക്കുറിച്ച് അനാവശ്യ ഉപദേശങ്ങൾ നൽകുന്നവരോടും നടി പ്രതികരിച്ചു. താൻ ജീവിതത്തിലെ പ്രയാസകരമായ ഘട്ടങ്ങളിലൂടെ കടന്നുപോയപ്പോൾ ഒപ്പമുണ്ടായിരുന്നത് ആരാണെന്ന് ഓർക്കണമെന്നും അവർ കുറിച്ചു.

ആരോഗ്യപ്രശ്നങ്ങൾ നേരിട്ടപ്പോഴും ഉത്കണ്ഠയും വൈകാരിക ബുദ്ധിമുട്ടുകളും അനുഭവിച്ചപ്പോഴും വിജയ് തനിക്ക് പിന്തുണ നൽകിയിരുന്നുവെന്ന് രശ്മിക വ്യക്തമാക്കി. അന്ന് ഒപ്പമില്ലാതിരുന്നവർ ഇപ്പോൾ ബന്ധത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. നിങ്ങൾ അവിടെയുണ്ടായിരുന്നില്ല. അവനുണ്ടായിരുന്നു, ഇപ്പോഴും അവൻ ഒപ്പമുണ്ട് എന്നാണ് രശ്മിക കുറിച്ചത്. താൻ ഇപ്പോൾ ഏറെ സന്തോഷവതിയാണെന്നും താരം കൂട്ടിച്ചേർത്തു.

തന്റെ കുടുംബത്തെക്കുറിച്ച് അറിയാതെ അവരെ വിമർശിക്കുന്നതിനെയും രശ്മിക ചോദ്യം ചെയ്തു. സ്വന്തം ജീവിതവും പങ്കാളിയെയും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമാണ് പ്രധാനമെന്നും അതിനെ മാനിക്കണമെന്നും അവർ വ്യക്തമാക്കി.

വിവാഹാലോചനയെക്കുറിച്ച് 'കോഫി വിത്ത് കരൺ' പരിപാടിയിൽ വിജയ് നടത്തിയ പരാമർശമാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. രശ്മിക വിവാഹാഭ്യർത്ഥന നടത്തിയപ്പോൾ തന്നോട് 100 തവണ ചോദിക്കാൻ തമാശയായി പറഞ്ഞെന്നും, തുടർന്ന് ഒരു വർഷത്തോളം ദിവസവും രശ്മിക അത് ചോദിച്ച ശേഷമാണ് താൻ സമ്മതിച്ചതെന്നും വിജയ് വെളിപ്പെടുത്തിയിരുന്നു. ഇതോടെയാണ് ബന്ധത്തിൽ രശ്മികയ്ക്ക് മാത്രമാണ് താല്പര്യമെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയർന്നത്. എന്നാൽ ഇത്തരം വർത്തമാനങ്ങൾക്കപ്പുറം മുതിർന്ന രണ്ട് വ്യക്തികൾ ഒരുമിച്ച് എടുത്ത തീരുമാനങ്ങളെ ബഹുമാനിക്കണമെന്നാണ് രശ്മിക വ്യക്തമാക്കുന്നത്.

സമൂഹമാധ്യമങ്ങളിലെ വിമർശനങ്ങൾ തങ്ങളുടെ തീരുമാനങ്ങളെ മാറ്റില്ലെന്ന നിലപാടാണ് രശ്മികയുടെ കുറിപ്പിൽ വ്യക്തമാകുന്നത്. വിജയ്‌യെ ജീവിതപങ്കാളിയായി തെരഞ്ഞെടുത്തത് തന്റെ തീരുമാനമാണെന്നും വീണ്ടും അവസരം ലഭിച്ചാലും അദ്ദേഹത്തെത്തന്നെ തെരഞ്ഞെടുക്കുമെന്നും നടി വ്യക്തമാക്കി.  

Tags:    
News Summary - Rashmika Mandanna hits back at trolls after Koffee With Karan row with Vijay Deverakonda

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.