'എന്റെ കാര്യങ്ങൾ എന്നോട് ചോദിക്കൂ, മറ്റുള്ളവരുടേത് അവരോടും, കുടുംബത്തിലെ എല്ലാവരും ഒരുപോലെയല്ല; വിവാദത്തിൽ അഹാന കൃഷ്ണ

തിരുവനന്തപുരം: കുടുംബാംഗങ്ങൾ പറയുന്നതിനോ ചെയ്യുന്നതിനോ മറ്റുള്ളവരെ ഉത്തരവാദികളാക്കരുതെന്നും "ഞാൻ പറഞ്ഞതിലോ ചെയ്തതിലോ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് എന്നോട് നേരിട്ട് ചോദിക്കുക, അച്ഛൻ പറഞ്ഞതാണെങ്കിൽ അദ്ദേഹത്തോടും അമ്മയോ സഹോദരിമാരോ പറഞ്ഞതാണെങ്കിൽ അവരോടും ചോദിക്കുക" എന്നും വ്യക്തമാക്കി നടി അഹാന കൃഷ്ണ. സഹോദരി ദിയ കൃഷ്ണയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ഉയർന്ന വിവാദങ്ങൾക്ക് മറുപടിയായാണ് അഹാന തന്റെ സോഷ്യൽ മീഡിയ പേജുകളിൽ സന്ദേശം പങ്കുവെച്ചത്.

Full View

തങ്ങൾ ആറുപേരുള്ള അടുത്ത ബന്ധമുള്ള കുടുംബമാണെങ്കിലും ചിന്തകളിലും അഭിപ്രായങ്ങളിലും വ്യത്യസ്തരായ ആറ് വ്യക്തികളാണെന്ന് അഹാന കുറിച്ചു. ഒരു കുടുംബത്തിൽ അംഗമായതുകൊണ്ട് എല്ലാവർക്കും ഒരേ അഭിപ്രായമായിരിക്കണമെന്നോ, മറ്റൊരാളുടെ പ്രവൃത്തിക്ക് മറ്റുള്ളവർ ഉത്തരവാദികളാണെന്നോ അർത്ഥമില്ല.

പൊതുരംഗത്ത് പ്രവർത്തിക്കുന്നവർ എന്ന നിലയിൽ വിമർശനങ്ങളും അഭിപ്രായവ്യത്യാസങ്ങളും സ്വാഭാവികമാണ്. എന്നാൽ ഒരാളുടെ പേരിലുള്ള വിഷയത്തിലേക്ക് കുടുംബത്തെ മുഴുവൻ വലിച്ചിഴയ്ക്കുന്നത് കാര്യങ്ങൾ വ്യക്തമാക്കാനാണോ അതോ ശ്രദ്ധ പിടിച്ചുപറ്റാൻ മാത്രമാണോ എന്ന് സംശയമുണ്ടെന്നും അഹാന കുറ്റപ്പെടുത്തി. അതേസമയം, അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിലും ഏതൊരു സാഹചര്യത്തിലും കുടുംബം ഒന്നിച്ചുനിൽക്കുമെന്നും പരസ്പരം പിന്തുണയ്ക്കുമെന്നും താരം വ്യക്തമാക്കി.

ഫോർട്ട് കൊച്ചി നിറയെ മുസ്‌ലീങ്ങളാണെന്നും കേരളം അപകടത്തിലാണെന്നും കേന്ദ്ര സർക്കാർ ഉടൻ ഇടപെടണമെന്നും ഇൻഫ്ലുവൻസർ അമൃത് സിങ് പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക്, ദിയ കൃഷ്ണ ‘സാഡ് റിയാലിറ്റി’ എന്ന് കമന്റ് ചെയ്തതാണ് വിവാദമായത്. 'ലിറ്റിൽചോക്ക് അപ്പ്' എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് അമൃത് സിങ് ഈ വിവാദ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. താൻ നിലവിൽ ഫോർട്ട് കൊച്ചിയിലാണ് താമസിക്കുന്നതെന്നും ഈ വീഡിയോയ്ക്ക് ശേഷം തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണ ഉത്തരവാദിത്തം കേരള സർക്കാരിനായിരിക്കും എന്നും ഇൻഫ്ലുവൻസർ വീഡിയോയിലൂടെ പറയുന്നുണ്ട്.

അതേസമയം, താൻ പങ്കുവെച്ച കമന്റിന് വിശദീകരണവുമായി ദിയ കൃഷ്ണ രംഗത്തെത്തിയിട്ടുണ്ട്. ഈ സംഭവത്തിൽ ദിയ മാപ്പ് ചോദിച്ചു. വീഡിയോയുടെ ആദ്യഭാഗം മാത്രം കണ്ടാണ് കമന്റ് ചെയ്തത്. കഫേയിലെ ചുവരിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചിത്രത്തോടൊപ്പം ജിന്നയുടെ ചിത്രം വെച്ചതിനെക്കുറിച്ചായിരുന്നു തന്റെ കമന്റെന്നും, വീഡിയോയിൽ മുസ്‌ലിങ്ങളെക്കുറിച്ച് പറയുന്ന ഭാഗം ശ്രദ്ധിച്ചിരുന്നില്ലെന്നും ദിയ കൃഷ്ണ പറഞ്ഞു. ജിന്നയുടെ ഫോട്ടോ കണ്ടതിനാണ് അങ്ങനെ കമന്റ് ഇട്ടതെന്നും അത് ഇനി എവിടെ കണ്ടാലും ഇടും എന്നും ദിയ കൃഷ്ണ വ്യക്തമാക്കി.

കേരളത്തിൽ ഹിന്ദു-മുസ്‌ലിം, ഹിന്ദു-ക്രിസ്ത്യൻ വിഭാഗങ്ങൾക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടായാൽ അതിന്റെ ഒത്ത നടുക്ക് ഞാനോ അച്ഛനോ ഉണ്ടാകും. ഞാൻ എവിടെ പോയാലും എന്റെ കൂടെ വന്ന് ഫോട്ടോ എടുക്കുന്നവരിൽ കൂടുതലും മുസ്‌ലിം വിഭാഗത്തിൽ ഉള്ളവരാണ്. ഇന്ത്യയിലെ പുരാതന നഗരത്തിന്റെ പേരുള്ള കഫേയിൽ മഹാത്മാഗാന്ധിയുടെയോ നെഹ്‌റുവിന്റെയോ ചിത്രം വെച്ചാൽ മനസ്സിലാക്കാം; എന്നാൽ, പാകിസ്താന്റെ സ്ഥാപകന്റെ (ജിന്നയുടെ) ഫോട്ടോ എന്തിന് വെക്കുന്നു എന്നാണ് എന്റെ സംശയമെന്നും ദിയ കൃഷ്ണ തന്റെ ഫേസ്ബുക്ക്/ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ ചോദിച്ചു.

Tags:    
News Summary - Ask Me About My Matters, Not Others': Ahaana Krishna Reacts To Family Controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.