'ഫ്രെയിം ഏ പാറുങ്ക ജീ'; റഹ്‌മാനൊപ്പമുള്ള അനിരുദ്ധിന്‍റെ ചിത്രം വൈറൽ, സച്ചിനും കോഹ്‌ലിക്കും ഉപമിച്ച് ആരാധകർ
ചെന്നൈ: ഓസ്കാർ ജേതാവ് എ.ആർ. റഹ്‌മാനൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് പ്രമുഖ സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ. "ഫ്രെയിം ഏ പാറുങ്ക ജീ (ഈ ഫ്രെയിം ഒന്നു നോക്കൂ)" എന്ന രജനീകാന്ത് ചിത്രം 'ജയിലർ 2'-ലെ പ്രശസ്തമായ ഡയലോഗും "എന്റെ 'GOAT' കൂടെയുള്ള നിമിഷങ്ങൾ എപ്പോഴും മികച്ചതാണ്" എന്ന കുറിപ്പോടെയുമാണ് അനിരുദ്ധ് ചിത്രം പോസ്റ്റ് ചെയ്തത്.
ചിത്രം പുറത്തുവന്നതോടെ ഇൻസ്റ്റാഗ്രാമിൽ റഹ്‌മാന്റെ മകൻ എ.ആർ. അമീനും ഇത് പങ്കുവെച്ചു. നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'രാമായണ'യിലെ 'രാവണ താണ്ഡവം' എന്ന ഗാനത്തിന്റെ ബിജിഎമ്മോടെയാണ് അമീൻ സ്റ്റോറി ഇട്ടത്. എ.ആർ. റഹ്‌മാനും ഹാൻസ് സിമ്മറും ചേർന്നാണ് ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ഇതിന്റെ തമിഴ് പതിപ്പ് ആലപിച്ചിരിക്കുന്നത് അനിരുദ്ധും ജി.വി. പ്രകാശും ചേർന്നാണ്. രൺബീർ കപൂർ, സായ് പല്ലവി, യാഷ് എന്നിവരാണ് 'രാമായണ'യിൽ പ്രധാന വേഷങ്ങളിലെത്തുന്നത്.
ചിത്രം തരംഗമായതോടെ ഇന്ത്യൻ സംഗീത ലോകത്തെ സച്ചിൻ ടെണ്ടുൽക്കറും വിരാട് കോഹ്‌ലിയുമാണ് ഇരുവരുമെന്ന് ആരാധകർ കുറിച്ചു. രജനീകാന്തിന്റെ വരാനിരിക്കുന്ന ചിത്രം 'ധർമൻ'-ൽ അനിരുദ്ധിന്റെ സംഗീതത്തിൽ റഹ്‌മാൻ പാടണമെന്ന ആഗ്രഹവും ആരാധകർ പങ്കുവെക്കുന്നുണ്ട്.
അടുത്തിടെ പുറത്തിറങ്ങി വൻ വിജയമായ അരുൺ മാതേശ്വരൻ ചിത്രം 'ഡിസി', രജനീകാന്തിന്റെ 'ജയിലർ 2' എന്നിവയിലെ മികച്ച പശ്ചാത്തല സംഗീതത്തിന് അനിരുദ്ധിന് വൻ പ്രശംസയാണ് ലഭിക്കുന്നത്. ലോകേഷ് കനകരാജും വാമിക ഗബ്ബിയും പ്രധാന വേഷങ്ങളിലെത്തിയ 'ഡിസി'യുടെ ബോക്സ് ഓഫീസ് വിജയത്തിന് പിന്നാലെ ചിത്രത്തിന്റെ നിർമാതാവും കലാനിധി മാരൻ അനിരുദ്ധിന് ബിഎംഡബ്ല്യു കാർ സമ്മാനമായി നൽകിയിരുന്നു. ക്ലാസിക്കൽ, വെസ്റ്റേൺ സംഗീതങ്ങളുടെ മനോഹരമായ മിശ്രണമാണ് അനിരുദ്ധ് ഈ ചിത്രത്തിൽ ഒരുക്കിയത്. തന്റെ സംഗീതത്തിൽ ക്ലാസിക്കൽ ഘടകങ്ങൾ കൂടി ഉൾപ്പെടുത്തണമെന്ന് മുൻപ് റഹ്‌മാൻ ഉപദേശിച്ചിരുന്നു; അത് അനിരുദ്ധ് നടപ്പിലാക്കിയതിന്റെ തെളിവാണ് 'ഡിസി'യിലെ ഗാനങ്ങളെന്ന് സംഗീത ലോകം വിലയിരുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.