റിമ കല്ലിങ്കൽ

‘ഓരോ വീടും ജന്തർ മന്തർ ആകണം’: തെരുവിൽ അടി വാങ്ങുന്ന കുട്ടികൾക്കായി നമുക്കിതെങ്കിലും ചെയ്യാം; റിമ കല്ലിങ്കൽ

നല്ല നാളെക്ക് വേണ്ടി തെരുവിൽ പൊരുതുന്ന വിദ്യാർഥികൾക്ക് നേരെ നടക്കുന്ന ക്രൂരമായ കടന്നാക്രമണങ്ങൾക്കെതിരെ ഓരോ വീടും ജന്തർ മന്തർ ആകണമെന്ന് നടി റിമ കല്ലിങ്കൽ. ഡിവൈഎഫ്ഐ തൃപ്പൂണിത്തുറയിൽ സംഘടിപ്പിച്ച ജന്തർ മന്തർ പ്രതിഷേധ ഐക്യദാർഢ്യ യോഗത്തിൽ സംസാരിക്കുകയായിരുന്നു താരം. 

‘ആ കുട്ടികളെ കാണുമ്പോൾ കഴിഞ്ഞ ഒരു 10-15 വർഷമായി നാം നിശ്ചലരായി ജീവിക്കുകയായിരുന്നു എന്ന് തോന്നിപ്പോകും. എന്നാൽ ഇന്ന് അവർ സ്വന്തം അവകാശങ്ങൾക്കും ഭാവിക്കുമായി പോരാടാനിറങ്ങിയപ്പോഴാണ് നമുക്ക് ഇവിടെ ഒത്തുചേരാനുള്ള ഊർജ്ജം പോലും ലഭിച്ചത്. അവർ വാങ്ങി കൂട്ടുന്ന അടിക്ക് പകരമായി, ആക്രമണങ്ങൾക്കെതിരെ കുറഞ്ഞപക്ഷം ഇതെങ്കിലും ചെയ്യാൻ നമുക്ക് സാധിക്കണം. ഓരോ വീടും ജന്തർ മന്തർ ആകണം. നേഹ ബോറയൊക്കെ സംസാരിക്കുമ്പോൾ ഉണ്ടാകുന്ന ആവേശം വെറുതെ കേട്ടിരിക്കാനുള്ളതല്ല, അത് നമ്മൾ നെഞ്ചിലേറ്റേണ്ടതുണ്ട്’ റിമ പറഞ്ഞു. 

നമ്മുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്താനുള്ള ഊർജ്ജം നാം വീണ്ടെടുക്കേണ്ടതുണ്ട്. നാളേക്ക് വേണ്ടി പോരാടുന്ന വിദ്യാർഥികൾക്കും അവരുടെ പ്രസ്ഥാനങ്ങൾക്കും ഹൃദയം നിറഞ്ഞ നന്ദി. നമുക്കായി തെരുവിലിറങ്ങുന്ന ആ കുട്ടികൾക്ക് പിന്നിൽ അണിനിരക്കാനും, ഇനിയൊരു ചത്തുജീവിക്കലിന് തയാറല്ലെന്ന് പ്രഖ്യാപിക്കാനും നമുക്ക് സാധിക്കണം. നമുക്കും ഒരു നട്ടെല്ലുണ്ടെന്ന് നമ്മെ ബോധ്യപ്പെടുത്തിയവരാണവർ.  മുന്നോട്ട് പോരാടാനുള്ള പ്രതീക്ഷ തന്ന വിദ്യാർഥികൾക്കൊപ്പം ഇനിയും നമുക്ക് തോളോടുതോൾ ചേർന്ന് മുന്നേറാം റിമ കൂട്ടിച്ചേർത്തു. 

എസ്.ഐ.ആർ പിൻവലിക്കണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നും ആവശ്യപ്പെട്ട് സി.ജെ.പിയും പ്രതിപക്ഷമായ ഇൻഡ്യ സഖ്യവും ഡൽഹിയിൽ പ്രതിഷേധം തുടരുകയാണ്. ജന്തർ മന്തറിൽ പ്രതിഷേധിക്കാൻ അനുമതി തേടി പൊലീസിനെ സമീപിച്ചെങ്കിലും സി.ജെ.പിയുടെ ആവശ്യം പൊലീസ് തള്ളുകയായിരുന്നു. കനത്ത സുരക്ഷ വലയത്തിലാണ് ഡൽഹി നഗരം. അതേസമയം കോട്ട കെട്ടിയടച്ച ജന്തർ മന്തറിലേക്ക് പൊലീസിന്റെ കണ്ണുവെട്ടിച്ച് കടന്ന് പ്രതിഷേധിച്ച സി.ജെ.പി നേതാക്കളായ അശുതോഷ് റങ്ക, സൗരവ് ദാസ്, അജിങ്ക്യ ഷിൻഡെ എന്നിവർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

Tags:    
News Summary - Rima Kallingal Supports Delhi Protests

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.