പ്രതിഷേധത്തിൽ പങ്കെടുത്തതിന് ഇന്ത്യ വിടാൻ ഉത്തരവ്; ബോംബെ ഹൈകോടതിയെ സമീപിക്കാനൊരുങ്ങി നടൻ ഇമ്രാൻ ഖാൻ

മുംബൈ: ഇന്ത്യ വിടണമെന്ന വിദേശകാര്യ രജിസ്ട്രേഷൻ ഓഫീസിന്റെ ഉത്തരവിനെതിരെ ബോംബെ ഹൈകോടതിയെ സമീപിക്കാനൊരുങ്ങി ബോളിവുഡ് നടൻ ഇമ്രാൻ ഖാൻ. അമേരിക്കൻ പൗരനും ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ കാർഡ് ഉടമയുമായ നടനോട് ഒക്ടോബർ 28നകം രാജ്യം വിടാനാണ് അധികൃതർ നിർദേശിച്ചിരിക്കുന്നത്.

ഉത്തരവിനെ ചോദ്യം ചെയ്ത് അഭിഭാഷകൻ സുൽഫിഖർ മേമൻ ഹൈകോടതിയിൽ ഹരജി സമർപ്പിക്കും. മുംബൈയിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തതിനെ തുടർന്നാണ് ഇമ്രാൻ ഖാനെതിരെ നടപടി. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി സംഘടിപ്പിച്ച പ്രതിഷേധത്തിലാണ് നടൻ പങ്കെടുത്തത്.

അമേരിക്കൻ പൗരനായ ഇമ്രാൻ ഖാൻ പ്രതിഷേധത്തിൽ പങ്കെടുത്തത് ചട്ടലംഘനമാണെന്ന് ആരോപിച്ച് ബി.ജെ.പി നേതാവ് കിരിത് സോമയ്യ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് നടനോട് രാജ്യം വിടാൻ നിർദേശിച്ചത്. ഒ.സി.ഐ കാർഡ് കൈവശമുണ്ടെങ്കിലും വിദേശ പൗരന്മാർക്ക് പ്രതിഷേധങ്ങളിൽ പങ്കെടുക്കാൻ അനുമതിയില്ലെന്നാണ് അധികൃതരുടെ നിലപാട്.

2025ലെ ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമാണ് നടപടി. വിദേശികളുടെ ഇന്ത്യയിലേക്കുള്ള പ്രവേശനം, രാജ്യം വിടൽ, രാജ്യത്തെ താമസം, സഞ്ചാരം എന്നിവ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാരിന് അധികാരം നൽകുന്നതാണ് നിയമത്തിലെ ഏഴാം വകുപ്പ്.

മുംബൈയിലെ ആഗസ്റ്റ് ക്രാന്തി മൈതാനത്ത് നടന്ന പ്രതിഷേധത്തിൽ ഇമ്രാൻ ഖാനൊപ്പം പങ്കാളി ലേഖ വാഷിങ്ടണും ബന്ധു സെയ്ൻ മേരി ഖാനും പങ്കെടുത്തിരുന്നു. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു. പൊലീസ് വാഹനത്തിനുള്ളിൽ നിന്നുള്ള ചിത്രം പങ്കുവെച്ച ഇമ്രാൻ ഖാൻ, ‘ഞാൻ ഒരു യാത്രയ്ക്ക് പോകുകയാണെന്ന് തോന്നുന്നു’ എന്ന പരിഹാസക്കുറിപ്പും പോസ്റ്റ് ചെയ്തിരുന്നു. താൻ പ്രത്യേക ആവശ്യങ്ങളൊന്നുമായല്ല പ്രതിഷേധത്തിൽ പങ്കെടുത്തതെന്നും ഈ നഗരത്തിൽ ജീവിക്കുന്ന ഒരാളെന്ന നിലയിലാണ് എത്തിയതെന്നും ഇമ്രാൻ ഖാൻ നേരത്തേ വ്യക്തമാക്കിയിരുന്നു. 

Tags:    
News Summary - Actor Imran Khan to move HC against notice asking him to leave country for taking part in protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.