യാഷ്
രാമായണക്ക് 4000 കോടിയുടെ ബജറ്റ് എന്തിനെന്ന് വ്യക്തമാക്കി യാഷ്; ‘ഇന്ത്യൻ സിനിമകൾക്ക് ആഗോള പിന്തുണ വേണം’
ബഹുബ്രഹ്മാണ്ഡ ചിത്രമായ 'രാമായണ'ത്തിന്റെ 4000 കോടി രൂപ ബജറ്റിനെക്കുറിച്ചുള്ള ചർച്ചകളിൽ വിശദീകരണവുമായി കന്നഡ സൂപ്പർതാരം യാഷ്. ഒക്ടോബർ 15ന് ബംഗളൂരുവിൽ നടന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് ചടങ്ങിൽ സംസാരിക്കവേയാണ്, നിർമാതാക്കൾ സിനിമയുടെ കൂറ്റൻ ബജറ്റ് വീണ്ടും വീണ്ടും എടുത്തുപറയുന്നതിന്റെ കാരണം യാഷ് വ്യക്തമാക്കിയത്. അന്താരാഷ്ട്ര സിനിമാ വിപണിയിലും ആഗോള പ്രേക്ഷകർക്കിടയിലും ചിത്രത്തിന് അർഹിക്കുന്ന ശ്രദ്ധയും പ്രാധാന്യവും ലഭിക്കുന്നതിന് നിർമാണച്ചെലവിന്റെ വലിപ്പം തുറന്നുപറയേണ്ടത് അത്യന്താപേക്ഷിതമാണെന്ന് യാഷ് പറഞ്ഞു.
‘നമ്മുടെ സിനിമകൾ വിദേശ രാജ്യങ്ങളിൽ പ്രൊമോട്ട് ചെയ്യാൻ പോകുമ്പോൾ, കുറഞ്ഞ ബജറ്റിൽ എടുത്ത ചെറിയൊരു ചിത്രമാണെന്ന് പറഞ്ഞാൽ അവർ അതിന് നൽകേണ്ട പ്രാധാന്യം നൽകിയെന്ന് വരില്ല. അതിനായി നമ്മൾ എത്രത്തോളം വലിയ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും നമ്മുടെ രാജ്യത്തിന് എന്തൊക്കെ ചെയ്യാൻ ശേഷിയുണ്ടെന്നും ആത്മവിശ്വാസത്തോടെ ലോകത്തിന് മുന്നിൽ കാണിച്ചുകൊടുക്കണം’ യാഷ് അഭിപ്രായപ്പെട്ടു.
നിർമാതാവ് നമിത് മൽഹോത്ര ചൂണ്ടിക്കാണിച്ച 4000 കോടി രൂപ എന്നത് ചിത്രത്തിന്റെ രണ്ട് ഭാഗങ്ങൾക്കുമായി മാറ്റിവെച്ച ആകെ ബജറ്റാണെന്നും യാഷ് കൂട്ടിപ്പേർത്തു. അന്താരാഷ്ട്ര തലത്തിലെ വിതരണവും പ്രൊമോഷൻ ചെലവുകളും ഉൾപ്പെടെയാണ് ഈ തുക കണക്കാക്കിയിരിക്കുന്നത്.
തദ്ദേശീയമായ സിനിമകളെയും വലിയ പരിശ്രമങ്ങളെയും കണ്ണുമടച്ച് വിമർശിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് ഇന്ത്യൻ പ്രേക്ഷകരോട് യാഷ് അഭ്യർത്ഥിച്ചു. ‘വേർതിരിച്ചു ഭരിക്കുക എന്ന രീതി ഉപേക്ഷിച്ച്, നമ്മൾ ഒരു രാജ്യമായി ഒന്നിച്ചുനിൽക്കണം. സ്വന്തം സിനിമകളുടെ നിർമാണത്തെയോ വി.എഫ്.എക്സിനെയോ അപഗ്രഥിച്ച് തരംതാഴ്ത്തുന്നതിന് പകരം, ഇന്ത്യൻ സിനിമ ലോകത്തിന്റെ ഉന്നതിയിലെത്താനുള്ള ഈ പരിശ്രമത്തെ ആത്മാർത്ഥമായി പിന്തുണക്കുകയാണ് വേണ്ടതെന്നും യാഷ് വ്യക്തമാക്കി.
നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ഈ ഇതിഹാസ ചിത്രത്തിന്റെ രണ്ട് ഭാഗങ്ങളിൽ രാവണനായി വേഷമിടുന്നത് യാഷ് ആണ്. ബംഗളൂരുവിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന രൺബീർ കപൂർ (ശ്രീരാമൻ), സായ് പല്ലവി (സീത), രവി ദുബെ (ലക്ഷ്മണൻ), രാകുൽ പ്രീത് സിങ് (ശൂർപ്പണഖ) എന്നിവരും സംവിധായകൻ നിതേഷ് തിവാരി, സംഗീത സംവിധായകൻ എ.ആർ. റഹ്മാൻ തുടങ്ങിയവരും പങ്കെടുത്തു.
സഹപ്രവർത്തകനായ രൺബീർ കപൂറിന്റെ സമർപ്പണബോധത്തെ യഷ് വേദിയിൽ പ്രശംസിച്ചു. തങ്ങൾ തികഞ്ഞ ആത്മാർത്ഥതയോടെയും ബഹുമാനത്തോടെയുമാണ് ഈ ഐതിഹാസിക പ്രോജക്ടിനെ സമീപിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.