വിവാഹമോചനത്തിന് ശേഷം അതിരുവിട്ട മദ്യപാനം, 26 ദിവസം റീഹാബിലിറ്റേഷൻ സെന്ററിൽ; തുറന്നുപറഞ്ഞ് യുസ്വേന്ദ്ര ചഹൽ
തന്റെ വ്യക്തിജീവിതത്തിലുണ്ടായ തകർച്ചകളും മദ്യപാന ശീലവും കരിയറിനെയും മാനസികാരോഗ്യത്തെയും എങ്ങനെ ബാധിച്ചുവെന്ന് വെളിപ്പെടുത്തി ഇന്ത്യൻ ലെഗ് സ്പിന്നർ യുസ്വേന്ദ്ര ചഹൽ. മുൻ ഇന്ത്യൻ താരം ആകാശ് ചോപ്രയുടെ ബൈത് ആൻഡ് ബോൾ പോഡ്കാസ്റ്റിൽ സംസാരിക്കവെയാണ് താരം തന്റെ ജീവിതത്തിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഘട്ടങ്ങളെക്കുറിച്ചും അതിൽ നിന്നും കരകയറിയതിനെക്കുറിച്ചും മനസ്സ് തുറന്നത്.
വിവാഹ മോചനത്തിനു ശേഷം തന്റെ മദ്യപാനം അതിരുവിട്ടുവെന്നും പിന്നീട് അത് അവസാനിപ്പിക്കാൻ 26 ദിവസം റീഹാബ് സെന്ററിൽ താമസിച്ച് ചികിത്സ തേടിയെന്നും താരം പറഞ്ഞു. കരിയറിന്റെ തുടക്കകാലത്ത് സുഹൃത്തുക്കൾക്കൊപ്പം പാർട്ടികളിൽ പങ്കെടുക്കാറുണ്ടായിരുന്നതായി ചഹൽ ഓർമ്മിച്ചു. 2011-ൽ ഐപിഎൽ സമയത്തെ പാർട്ടികളിൽ പങ്കെടുക്കുന്തിനിടയിലാണ് മദ്യപാനം ആരംഭിച്ചതെന്ന് താരം പറഞ്ഞു. ജീവിതത്തിൽ എന്ത് ചെയ്യുമ്പോഴും സന്തുലിതാവസ്ഥ വളരെ പ്രധാനമാണെന്ന് എബി ഡിവില്ലിയേഴ്സ് സർ എനിക്ക് ഒരിക്കൽ ഉപദേശം തന്നിരുന്നു. അത് കേൾക്കാൻ എളുപ്പമാണെങ്കിലും പ്രാവർത്തികമാക്കാൻ വളരെ ബുദ്ധിമുട്ടാണെന്ന് ചഹൽ പറഞ്ഞു.
വ്യക്തിജീവിതത്തെക്കുറിച്ചുള്ള വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത് തന്നെ ബാധിച്ചുവെന്ന് ചഹൽ വെളിപ്പെടുത്തി. അത് എന്റെ ക്രിക്കറ്റിനെയും ബാധിച്ചു. ആ വർഷം എനിക്ക് ഇടവേളയെടുക്കേണ്ടിവന്നു. ആ വർഷം രണ്ട് വൈറ്റ് ബോൾ മത്സരങ്ങൾ മാത്രമാണ് കളിച്ചത്, മാനസികാവസ്ഥ ശരിയല്ലാതിരുന്നതിനാൽ ടി20 മത്സരങ്ങളിൽ നിന്നും വിട്ടുനിന്നു. ഇത് ഉത്കണ്ഠക്കും മറ്റ് പ്രശ്നങ്ങൾക്കും കാരണമായെന്നും അദ്ദേഹം പറഞ്ഞു.
പാനിക് അറ്റാക്കുകൾ നേരിട്ടിരുന്ന ഭീകരമായ നിമിഷങ്ങളെക്കുറിച്ചും താരം സംസാരിച്ചു. പാനിക് അറ്റാക്ക് വരുമ്പോൾ എന്റെ മുഖം ചുരുങ്ങിപ്പോകുമായിരുന്നു. എനിക്ക് സംസാരിക്കാൻ പോലും കഴിയുമായിരുന്നില്ല. എന്റെ ചുണ്ടുകൾ മുറുകി ഒരു വശത്തേക്ക് വലിഞ്ഞുപോകുന്ന അവസ്ഥയുണ്ടായിട്ടുണ്ട്. സോഷ്യൽ മീഡിയയിലുള്ളവർ എന്തും സംസാരിച്ചോട്ടെ നമുക്ക് അവരെ അടച്ചുപൂട്ടാൻ കഴിയില്ല. അതുകൊണ്ട് പഴയതെല്ലാം മറന്ന് നമ്മൾ പുതിയ തുടക്കം കുറിക്കണമെന്ന് ചാഹൽ കൂട്ടിച്ചേർത്തു. കഴിഞ്ഞ ഐപിഎൽ സീസണിൽ പഞ്ചാബ് കിങ്സിനായി കളിക്കുമ്പോൾ നേരിട്ട പ്രതിസന്ധികളും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരമാണ് തന്റെ കരിയറിലെ വഴിത്തിരിവായതെന്നും ചാഹൽ വെളിപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.