മാധവൻ മകനൊപ്പം

‘മകൻ ഒളിമ്പിക്സിനായിട്ടില്ല, കിട്ടുന്ന ശ്രദ്ധ എന്‍റെ പേര് കൊണ്ട് മാത്രം’: പ്രശസ്തിയും വിജയവും അവൻ തിരിച്ചറിയണമെന്ന് ആർ. മാധവൻ

മകൻ വേദാന്ത് മാധവന്റെ സ്വിമ്മിങ് കരിയറിനെക്കുറിച്ചും അവന് ലഭിക്കുന്ന അമിതമായ മാധ്യമ ശ്രദ്ധയെക്കുറിച്ചും തികച്ചും യാഥാർത്ഥ്യബോധത്തോടെയുള്ള തുറന്നുപറച്ചിലുമായി നടൻ ആർ. മാധവൻ. വേദാന്ത് നിലവിൽ ഒളിമ്പിക്‌സ് നിലവാരത്തിലേക്ക് എത്തിയിട്ടില്ലെന്നും, അവൻ ഇപ്പോൾ നേടുന്ന വലിയ മാധ്യമശ്രദ്ധ തന്റെ സെലിബ്രിറ്റി പദവിയുടെ ഭാഗമായി മാത്രമാണെന്നും മാധവൻ വ്യക്തമാക്കുന്നു. ലല്ലൻടോപ്പ് സിനിമക്ക് നൽകിയ അഭിമുഖത്തിലാണ് മാധവൻ മകന്റെ കായികരംഗത്തെക്കുറിച്ചുള്ള തന്റെ നിലപാടുകൾ തുറന്നുപറഞ്ഞത്.

മകന്റെ കായിക നേട്ടങ്ങളെ അഭിനന്ദിക്കുമ്പോഴും, അതിനെ അതിശയോക്തിയോടെ കാണാൻ മാധവൻ തയാറല്ല. ‘സ്വിമ്മിങ്ങിൽ  അവൻ നേടുന്ന നേട്ടങ്ങൾ അഭിനന്ദനാർഹമാണ്, എന്നാൽ അവൻ ഇപ്പോൾ ഒളിമ്പിക്സിന് തൊട്ടടുത്തുപോലും എത്തുന്ന നിലവാരത്തിലല്ല ഉള്ളത്. അവൻ എന്റെ മകനായതുകൊണ്ട് മാത്രമാണ് ഇത്രയധികം ശ്രദ്ധയും മാധ്യമ കവറേജും അവന് ലഭിക്കുന്നത്. ആ സത്യം ഞങ്ങൾക്ക് രണ്ടുപേർക്കും വ്യക്തമായി അറിയാം. മകനും ഇക്കാര്യം നന്നായി അറിയാവുന്നതുകൊണ്ട് അവൻ ആ അനാവശ്യ ശ്രദ്ധയിൽ തലവെച്ചുകൊടുക്കാതെ, വളരെ വിനീതനായി തന്റെ പരിശീലനവുമായി മുന്നോട്ട് പോവുകയാണെന്ന് മാധവൻ പറഞ്ഞു. 

തന്റെ പ്രശസ്തിയുടെ നിഴലിൽ വളരുന്ന മകൻ, മാധ്യമങ്ങളുടെയും പൊതുസമൂഹത്തിന്റെയും അനാവശ്യമായ വലിയ പ്രതീക്ഷകളിൽ വീണുപോകാതിരിക്കാൻ മാധവനും ഭാര്യ സരിതയും പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. വേദാന്ത് തന്റെ വിജയങ്ങളെയും പ്രശസ്തിയെയും പക്വതയോടെയാണ് സമീപിക്കുന്നതെന്നും മാധവൻ പറഞ്ഞു. 

രാജ്യാന്തര തലത്തിൽ മെഡലുകൾ വാരിക്കൂട്ടിയ സമയത്ത് മകന് നൽകിയ ജീവിതപാഠങ്ങളെക്കുറിച്ചും മാധവൻ ഓർത്തെടുത്തു. ‘വിജയവും പ്രശസ്തിയും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് ഞാൻ അവന് മനസിലാക്കിക്കൊടുത്തു. ഈ ചെറുപ്രായത്തിൽ കിട്ടുന്ന പ്രശസ്തി സ്വന്തം കഠിനാധ്വാനത്തിന്റെ മാത്രം ഫലമായി തെറ്റിദ്ധരിക്കരുത്. യഥാർത്ഥ വിജയത്തിലെത്താനും ലക്ഷ്യങ്ങൾ കീഴടക്കാനും അവന് ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്’ മാധവൻ പറഞ്ഞു.

കായിക രംഗത്ത് സ്വന്തമായൊരു വിലാസം സ്വന്തം പ്രയത്നത്തിലൂടെ നിർമിച്ചെടുക്കാൻ വേദാന്ത് കഠിനാധ്വാനം ചെയ്യുമ്പോൾ, മാധ്യമങ്ങളുടെയും ആരാധകരുടെയും അമിതമായ താരപരിവേഷമോ ഒളിമ്പിക്സ് പ്രതീക്ഷകളുടെ ഭാരമോ അവന്റെ മേൽ അടിച്ചേൽപ്പിക്കാൻ മാധവൻ ആഗ്രഹിക്കുന്നില്ല.

2006ൽ ജനിച്ച വേദാന്ത് മാധവൻ, നേരത്തെ ജൂനിയർ തലത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് അന്താരാഷ്ട്ര സ്വിമ്മിങ് മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കുകയും മെഡലുകൾ നേടുകയും ചെയ്തിട്ടുണ്ട്. സ്വിമ്മിങ്ങിൽ കൂടുതൽ മെച്ചപ്പെടാൻ വിദേശത്ത് ഉൾപ്പെടെ പരിശീലനം തേടുന്ന വേദാന്ത്, അച്ഛന്റെ പേരിനപ്പുറം സ്വന്തം കഴിവിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നേറാനാണ് ശ്രമിക്കുന്നത്. മാതാപിതാക്കളുടെ ഈ പക്വതയർന്ന നിലപാടുകൾക്ക് വലിയ രീതിയിലുള്ള അഭിനന്ദനങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്.

Tags:    
News Summary - Madhavan Addresses Son's Media Attention

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.