കോടതി തീർപ്പുകൽപ്പിച്ച വിഷയം വീണ്ടും കുത്തിപ്പൊക്കുന്നു; തനുശ്രീ ദത്തക്ക് മറുപടിയുമായി നാനാ പടേക്കറുടെ മകൻ
വിഖ്യാത ചലച്ചിത്ര താരം നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ ഉയർന്ന ആരോപണങ്ങളിൽ പ്രതികരിച്ച് മകൻ മൽഹർ പടേക്കർ. 2018-ൽ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ച നടി തനുശ്രീ ദത്തക്കെതിരെയാണ് മൽഹർ പടേക്കറിന്റെ പ്രതികരണം. നാനാ പടേക്കർ ഒക്ടോബർ 8-ന് ഗോവയിൽ വെച്ച് അന്തരിച്ചതിന് പിന്നാലെയാണ് തനുശ്രീ ദത്ത വീണ്ടും ആരോപണങ്ങളുമായി രംഗത്തെത്തിയത്.
നാനാ പടേക്കറുടെ മരണത്തെക്കുറിച്ച് സംസാരിക്കവേ അദ്ദേഹത്തെ 'ഈവിൾ ഡെഡ്' എന്നാണ് തനുശ്രീ വിശേഷിപ്പിച്ചത്. എന്നാൽ ഈ വിഷയത്തിൽ ആരുടെയും പേര് പരാമർശിക്കാതെയാണ് മൽഹർ പടേക്കർ മറുപടി നൽകിയത്. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ആരുടെയും പേര് എടുത്തുപറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ ആളുകൾ ആവശ്യമില്ലാതെ വീണ്ടും ഉയർത്തിക്കൊണ്ടുവരുന്ന ഈ വിഷയം ഇതിനകം തന്നെ അവസാനിച്ചതാണ്. കോടതി ഇതിൽ വ്യക്തത വരുത്തിയതാണ്, കേസ് അവസാനിച്ചു കഴിഞ്ഞു. എന്നിട്ടും ചിലർ വീണ്ടും സംസാരിച്ചുകൊണ്ടിരിക്കുകയാണ്. അത്തരത്തിലുള്ള ആളുകളോട് എനിക്ക് ഒന്നും പറയാനില്ല. സത്യം എന്താണോ അതുതന്നെയായിരിക്കും. ദൈവം അവരെ അനുഗ്രഹിക്കട്ടെ, ഇത്ര മാത്രമാണ് എനിക്ക് അവരോട് പറയാനുള്ളതെന്ന് മൽഹർ പടേകർ വ്യക്തമാക്കി. കോടതി തീർപ്പുകൽപ്പിച്ച ഒരു വിഷയത്തിൽ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കരുതെന്ന നിലപാടിലാണ് നാനാ പടേക്കറുടെ കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.