30 വർഷത്തോളം നീണ്ട ഗാർഹിക പീഡനം, വിവാഹിതയായി തുടർന്നത് രണ്ട് കാരണങ്ങൾ കൊണ്ട് -അന്ന് രതി അഗ്നിഹോത്രി പറഞ്ഞത്

1980കളിലെ ഏറ്റവും അറിയപ്പെടുന്ന അഭിനേതാക്കളിൽ ഒരാളാണ് രതി അഗ്നിഹോത്രി. ഏക് ദുജെ കെ ലിയേ, കൂലി എന്നീ ചിത്രങ്ങളിലൂടെ വളരെപ്പെട്ടെന്നാണ് താരം പ്രശസ്തിയിലേക്ക് ഉയർന്നത്. 1985ൽ താരപദവിയുടെ ഉന്നതിയിൽ നിൽക്കുമ്പോഴാണ് ആർക്കിടെക്റ്റ് അനിൽ വിർവാനിയെ അവർ വിവാഹം കഴിച്ചത്. അതിന്ശേഷം രതി സിനിമകളിൽ നിന്ന് പിന്മാറി. എന്നാൽ പിന്നീട് വർഷങ്ങൾക്ക് ശേഷം രതി തന്‍റെ വിവാഹ ജീവിതത്തിലെ പ്രശ്നങ്ങളെക്കുറിച്ച് തുറന്ന് സംസാരിച്ചു.

മുംബൈയിലെ വോർലിയിലെ ഒരു ആഡംബര വീട്ടിൽ താമസിച്ചിരുന്ന നടി വർഷങ്ങളോളം ഗാർഹിക പീഡനത്തിനെതിരെ നിശബ്ദമായി പോരാടുകയായിരുന്നു. വിവാഹത്തിന്റെ ആദ്യ വർഷങ്ങളിൽ ആരംഭിച്ച പീഡനം ഏകദേശം 30 വർഷത്തോളം തുടർന്നുവെന്ന് അവർ വെളിപ്പെടുത്തി. രണ്ട് കാരണങ്ങളാലാണ് താൻ വിവാഹിതയായി തുടർന്നതെന്ന് രതി വ്യക്തമാക്കി. ഒന്നാമത്തേത് വിവാഹത്തിന്റെ പവിത്രതയിലുള്ള ആഴമായ വിശ്വാസം. രണ്ടാമത്തേത് തന്റെ മകൻ തനുജും ആയിരുന്നു എന്നവർ പറഞ്ഞു.

ആക്രമണങ്ങൾ പലപ്പോഴും തന്റെ ശരീരത്തിന്റെ ചതവുകൾ പുറത്തു കാണിക്കാത്ത ഭാഗങ്ങളെ ലക്ഷ്യം വെച്ചായിരുന്നുവെന്ന് അവർ വെളിപ്പെടുത്തി. ഇത് സമൂഹത്തിന്‍റെ മുന്നിൽ സന്തുഷ്ട കുടുംബം എന്ന മിഥ്യാധാരണ നിലനിർത്തുന്നത് എളുപ്പമാക്കിയെന്നും താരം പറഞ്ഞു. 2015 മാർച്ചിലാണ് ധൈര്യം സംഭരിച്ച് ഒറ്റക്ക് ഒരു പൊലീസ് സ്റ്റേഷനിൽ കയറി ഗാർഹിക പീഡന പരാതി നൽകാൻ രതി തയാറാകുന്നത്. മകൻ തനുജ് തന്‍റെ അമ്മക്കൊപ്പം ഉറച്ചുനിന്നു. അവർ അനുഭവിച്ച കാര്യങ്ങൾ അറിഞ്ഞപ്പോൾ, ഒരു മടിയും കൂടാതെ അവരോടൊപ്പം താമസം മാറാനും തനൂജ് തയാറായി.

പിന്നീടൊരിക്കലും വോർലിയിലെ ആ പഴയ വീട്ടിലേക്ക് മടങ്ങാൻ രതി തയാറായില്ല. പകരം, അവർ ലോണാവാലയിലെ തന്റെ ബംഗ്ലാവിലേക്ക് താമസം മാറി. ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് അനുസരിച്ച് രതി ഇപ്പോൾ തന്റെ കൂടുതൽ സമയവും പോളണ്ടിലാണ് ചെലവഴിക്കുന്നത്. അവിടെ സഹോദരി അനിതയോടൊപ്പം താരം റസ്റ്റോറന്റ് നടത്തുകയാണ് എന്നാണ് റിപ്പോർട്ട്.

Tags:    
News Summary - Rati Agnihotri opens up about 30 years of marital abuse

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.