നാഗ്പൂർ: ‘ധുരന്ധർ: ദ റിവഞ്ച്’ രാഷ്ട്രീയ അജണ്ട പ്രചരിപ്പിക്കുന്ന സിനിമയാണെന്ന വിമർശനങ്ങൾക്കിടെ, ആർ.എസ്.എസ് സർസംഘചാലക് മോഹൻ ഭാഗവതുമായി കൂടിക്കാഴ്ച നടത്തി സിനിമയിലെ നായക നടൻ രൺവീർ സിങ്. നാഗ്പൂർ മഹലിലെ ആർ.എസ്.എസ് ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച. ആർ.എസ്.എസ് സ്ഥാപകൻ കേശവ് ബലിറാം ഹെഡ്‌ഗേവാറിന്റെ നാഗ്പൂരിലെ സ്മാരകം സന്ദർശിക്കുകയും ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു. മുതിർന്ന ആർ.എസ്.എസ് പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു രൺവീറിന്റെ മടക്കം.
വെള്ളിയാഴ്ച വൈകിട്ട് നാലു മണിയോടെ ചാർട്ടേഡ് വിമാനത്തിലാണ് രൺവീർ മുംബൈയിൽനിന്ന് നാഗ്പൂരിൽ എത്തിയത്. വിമാനമിറങ്ങിയ ഉടൻ രേഷ്ബാഗിലുള്ള ഹെഡ്‌ഗേവാർ സ്മൃതി മന്ദിർ സമുച്ചയത്തിലേക്ക് പോയി. തുടർന്ന് ഹെഡ്‌ഗേവാറിനും എം.എസ്. ഗോൾവാൾക്കറിനും ആദരാഞ്ജലികൾ അർപ്പിക്കുകയും സംഘടനയിലെ നിരവധി മുതിർന്ന അംഗങ്ങളുമായി സംവദിക്കുകയും ചെയ്തു.
ആർ.എസ്.എസ് ആസ്ഥാനത്തായിരുന്നു രൺവീറിന്റെയും മോഹൻ ഭാഗവതിന്റെയും കൂടിക്കാഴ്ച. കൂടിക്കാഴ്ചയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. എന്നാൽ, ആർ.എസ്.എസ് പ്രോപഗണ്ട സിനിമയാണ് ധുരന്ധർ എന്ന വിലയിരുത്തലിന് അടിസ്ഥാനമുണ്ടെന്നതിന്റെ തെളിവാണ് രൺവീറിന്റെ നാഗ്പൂർ സന്ദർശനമെന്ന് സമൂഹ മാധ്യമങ്ങളിൽ നിരവധി പേർ ചൂണ്ടിക്കാട്ടി. ‘ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ’ ആയാണ് ഈ സന്ദർശനമെന്നാണ് നെറ്റിസൺസിന്റെ വിമർശനം.
വൈകുന്നേരം എട്ടുമണിയോടെയാണ് രൺവീർ മുംബൈയിലേക്ക് മടങ്ങിയത്. ധുരന്ധറിന്റെ വൻ വിജയത്തിന് പിന്നാലെയാണ് രൺവീറിന്റെ സന്ദർശനം എന്നതാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ പ്രധാന ചർച്ച. ധുരന്ധർ ബോക്സ് ഓഫിസിൽ വൻ വിജയം നേടുമ്പോഴും ചിത്രം ആർ.എസ്.എസ് ബി.ജെ.പി അനുകൂല രാഷ്ട്രീയ അജണ്ട പ്രചരിപ്പിക്കുന്നുവെന്ന വിമർശനവുമായി പ്രമുഖ യൂട്യൂബർ ധ്രുവ് റാഠി ഉൾപ്പെടെ നിരവധിപേർ രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.