ശിഖർ ധവാൻ

നിങ്ങളാണ് രാജ്യത്തിന്റെ ഭാവി; ഭരണഘടന സ്ഥാപനങ്ങളിലും സർക്കാറിലും യുവാക്കൾ വിശ്വാസമർപ്പിക്കണമെന്ന് ശിഖർ ധവാൻ

ന്യൂഡൽഹി: ജന്തർ മന്തറിൽ സി.ജെ.പി പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ, രാജ്യത്തിന്റെ ഭരണഘടന സ്ഥാപനങ്ങളിലും സർക്കാറിലും യുവാക്കൾ വിശ്വാസമർപ്പിക്കണമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ. യുവാക്കളാണ് രാജ്യത്തിന്റെ ഭാവിയെങ്കിലും പ്രതിസന്ധി ഘട്ടങ്ങളിൽ ക്ഷമ പാലിക്കാനും സർക്കാറിലും സ്ഥാപനങ്ങളിലും വിശ്വാസം നിലനിർത്തണമെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെ ധവാൻ പ്രതികരിച്ചു.

"യുവാക്കളാണ് നമ്മുടെ രാജ്യത്തിന്റെ ഭാവി. അവരുടെ സ്വപ്നങ്ങളെ മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്. എന്നാൽ അതേസമയം തന്നെ, പ്രയാസകരമായ ഘട്ടങ്ങളിൽ ക്ഷമ പാലിക്കുകയും രാജ്യത്തിന്റെ സ്ഥാപനങ്ങളിലും സർക്കാറിലും വിശ്വാസം നിലനിർത്തുകയും ചെയ്യേണ്ടത് അത്രതന്നെ പ്രധാനമാണ്. എല്ലാ പ്രതിസന്ധികൾക്കും പരിഹാരം ക്ഷമയിലൂടെയാണ് ലഭിക്കുന്നതെന്ന് ഞാൻ വിശ്വസിക്കുന്നു. ഇന്ത്യ എപ്പോഴും മുന്നോട്ട് പോയിട്ടുണ്ട്, ഭാവിയിലും മുന്നോട്ട് തന്നെ പോകും" - ധവാൻ കുറിച്ചു.

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ്ങും വിഷയത്തിൽ പ്രതികരിച്ച് സന്ദേശം അയച്ചതിന് പിന്നാലെയാണ് ധവാന്റെ പ്രസ്താവന. വിദ്യാഭ്യാസ മേഖലയിൽ പരിഷ്കരണങ്ങൾ വേണമെന്നും കേന്ദ്ര വിദ്യഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നും ആവശ്യപ്പെട്ടാണ് ഡൽഹിയിലെ ജന്തർ മന്തറിൽ വിദ്യാർഥികൾ പ്രക്ഷോഭം നടത്തുന്നത്. ജൂലൈ 20ന് പാർലമെന്റിലേക്ക് മാർച്ച് നടത്താൻ ശ്രമിച്ച പ്രതിഷേധക്കാർക്ക് നേരെ പോലീസ് ബലപ്രയോഗം നടത്തിയിരുന്നു. പ്രതിഷേധ സ്ഥലത്തുനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രമുഖ സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്ക് നിരാഹാര സമരം തുടരുകയാണ്.

Tags:    
News Summary - You are the future of the country; Shikhar Dhawan urges youth to have faith in constitutional institutions and government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.