മുംബൈ: ബോളിവുഡ് താരം രൺവീർ സിങ്ങും ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസും (FWICE) തമ്മിലുള്ള തർക്കം കോടതിയിലേക്ക്. തനിക്കെതിരെ നിസഹകരണ പ്രഖ്യാപനം നടത്തിയ ചലച്ചിത്ര തൊഴിലാളി സംഘടനക്ക് രൺവീർ സിങ് നിയമപരമായ നോട്ടീസ് അയച്ചു. ഇതിനിടെ വിഷയം ചർച്ച ചെയ്യുന്നതിനായി ഫെഡറേഷൻ അടിയന്തര വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്.
തനിക്കൊപ്പം സഹകരിക്കരുതെന്ന് അംഗങ്ങൾക്ക് നിർദേശം നൽകിയ എഫ്.ഡബ്ല്യു.ഐ.സി.ഇ നടപടിക്കെതിരെ ജൂൺ രണ്ടിനാണ് രൺവീർ ലീഗൽ നോട്ടീസ് അയച്ചതെന്ന് അടുത്ത വൃത്തങ്ങൾ മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. നോട്ടീസിലെ കൃത്യമായ ആവശ്യങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമല്ലെങ്കിലും ബോളിവുഡിനെ പ്രകോപിപ്പിച്ച ഈ തർക്കം കൂടുതൽ വഷളാകുന്നതിന്റെ സൂചനയാണ് താരത്തിന്റെ ഈ നിയമനടപടി.
ഫർഹാൻ അക്തർ സംവിധാനം ചെയ്ത് എക്സൽ എന്റർടൈൻമെന്റ് നിർമിക്കുന്ന 'ഡോൺ 3' എന്ന ചിത്രത്തിൽ നിന്ന് രൺവീർ സിങ് പെട്ടെന്ന് പിന്മാറിയതാണ് പുതിയ വിവാദങ്ങൾക്ക് വഴിവെച്ചത്. സിനിമയുടെ പ്രീ-പ്രൊഡക്ഷൻ ജോലികൾ അവസാന ഘട്ടത്തിൽ എത്തിനിൽക്കെ നടൻ പെട്ടെന്ന് പിന്മാറിയതിനെത്തുടർന്ന് നിർമാതാക്കളായ ഫർഹാൻ അക്തറും റിതേഷ് സിദ്ധ്വാനിയും തങ്ങളെ സമീപിച്ചിരുന്നതായി കഴിഞ്ഞ ആഴ്ച എഫ്.ഡബ്ല്യു.ഐ.സി.ഇ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു.
സിനിമയുടെ പ്രീ-പ്രൊഡക്ഷനായി മാത്രം ഇതിനകം 45 കോടിയോളം രൂപ ചിലവഴിച്ചതായി നിർമാതാക്കൾ സംഘടനയെ അറിയിച്ചു. നടന്റെ പെട്ടെന്നുള്ള ഈ പിന്മാറ്റം വൻ സാമ്പത്തിക നഷ്ടം വരുത്തിവെക്കുമെന്നും പ്രൊജക്റ്റിന്റെ സുഗമമായ നടത്തിപ്പിനെ ബാധിക്കുമെന്നും ചൂണ്ടിക്കാണിച്ചാണ് തൊഴിലാളി സംഘടന രൺവീറിനെതിരെ നിസ്സഹകരണ നിലപാട് സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.