മാരി സെൽവരാജിന്‍റെ ഏറ്റവും പുതിയ ചിത്രമാണ് ബൈസൺ. ധ്രുവ് വിക്രം നായകനാകുന്ന ചിത്രത്തിൽ രജിഷ വിജയനാണ് നായിക. ഇപ്പോഴിതാ, ബൈസണിന്റെ പ്രീ-റിലീസ് പരിപാടിയിൽ ചിത്രത്തെക്കുറിച്ചും സംവിധായകനുമായുള്ള ബന്ധത്തെക്കുറിച്ചും സംസാരിക്കുകയാണ് രജിഷ വിജയൻ. കർണനിലാണ് മാരി സെൽവരാജിനൊപ്പം രജിഷ ആദ്യമായി പ്രവർത്തിക്കുന്നത്.
'കർണൻ എന്ന ചിത്രത്തിനായി മാരി സർ എന്നെ വിളിച്ചപ്പോൾ ഞാൻ ശരിക്കും സന്തോഷിച്ചു. പരിയേറും പെരുമാൾ കണ്ടതിനുശേഷം ഞാൻ അദ്ദേഹത്തിന്റെ സിനിമകളുടെ ആരാധികയായി മാറി. ആ വേഷത്തിൽ അദ്ദേഹം എന്നെ വിശ്വസിച്ചു എന്നത് വളരെ വലിയ കാര്യമാണ്. ഞാൻ മുമ്പ് മറ്റ് തമിഴ് സിനിമകളൊന്നും ചെയ്തിട്ടില്ലാത്തതിനാൽ പ്രത്യേകിച്ചും' -രജിഷ പറഞ്ഞു.
കർണന് ശേഷം ചെയ്ത രണ്ട് സിനിമകളിലും മാരി തന്നെ കാസ്റ്റ് ചെയ്തില്ലെന്നും എന്തുകൊണ്ടെന്ന് അദ്ദേഹത്തോട് ചോദിച്ചപ്പോൾ, കഥാപാത്രങ്ങളൊന്നും തനിക്ക് അനുയോജ്യമല്ലെന്ന് അദ്ദേഹം പറഞ്ഞതായും രജിഷ കൂട്ടിച്ചേർത്തു. ഒടുവിൽ ബൈസണിൽ ആ അവസരം എത്തിയതായും താരം പറഞ്ഞു. താൻ ആ കഥാപാത്രം അവതരിപ്പിക്കാൻ തയാറാകുമോ എന്ന് അദ്ദേഹത്തിന് ഉറപ്പില്ലായിരുന്നെന്നും നടി പറഞ്ഞു.
എന്നാൽ ഒരു സൈഡ് ക്യാരക്ടറായാലും, മാരി സെൽവരാജിന്‍റെ കഥാപാത്രങ്ങൾ ചെയ്യാൻ സന്തോഷമാണെന്നും രജിഷ പറഞ്ഞു. പൂർണ വിശ്വാസത്തോടെയാണ് അഭിനയിച്ചതെന്നും ഏകദേശം 30 സിനിമകളിൽ പ്രവർത്തിച്ചുണ്ടെങ്കിലും മാരി സെൽവരാജിനെ വിശ്വസിക്കുന്നതുപോലെ ഒരു ചലച്ചിത്രകാരനെയും ഒരിക്കലും വിശ്വസിച്ചിട്ടില്ലെന്നും രജിഷ അഭിപ്രായപ്പെട്ടു.
'ബൈസണിൽ വെള്ളത്തിൽ ചാടേണ്ട ഒരു രംഗമുണ്ടായിരുന്നു. കർണന്റെ സമയത്ത് നീന്തൽ പഠിച്ചെങ്കിലും നാല് വർഷങ്ങൾ കഴിഞ്ഞതിനാൽ ആത്മവിശ്വാസം ഇല്ലായിരുന്നു. അനുപമ ആദ്യം ചാടി, ഞാൻ പിന്നാലെയും. പക്ഷേ, ഞാൻ കൂടുതൽ കൂടുതൽ ആഴത്തിൽ താഴാൻ തുടങ്ങി. ജീവൻ നഷ്ടപ്പെടുമെന്ന് ശരിക്കും കരുതി. ഭാഗ്യവശാൽ, ക്രൂ എന്നെ രക്ഷിച്ചു. ഒടുവിൽ ഞാൻ ശ്വാസം പിടിച്ച് ചുറ്റും നോക്കിയപ്പോൾ, മാരി സാർ വെള്ളത്തിൽ ചാടിയിരിക്കുന്നത് കണ്ടു. അദ്ദേഹം ഷൂസും സൺഗ്ലാസുമൊക്കെ ധരിച്ചിരുന്നു. സെറ്റിൽ അഞ്ച് ലൈഫ് ഗാർഡുകൾ ഉണ്ടായിരുന്നു. അനുപമ പോലും സമീപത്തുണ്ടായിരുന്നു. പക്ഷേ, ആദ്യം ചാടിയത് അദ്ദേഹമായിരുന്നു' -രജിഷ പറഞ്ഞു.
തന്റെ കരിയറിലെ ഏറ്റവും വലിയ പ്രോജക്ടുകളിൽ ഒന്നാണ് ബൈസണെന്ന് രജിഷ പറഞ്ഞു. ബൈസണിൽ ധ്രുവ് വിക്രം, അനുപമ പരമേശ്വരൻ, രജിഷ വിജയൻ, ലാൽ, അമീർ, പശുപതി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ഒക്ടോബർ 17നാണ് ചിത്രം തിയറ്ററിൽ എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.