'ചലച്ചിത്ര യാത്ര ആരംഭിച്ചത് ഐ.എഫ്.എഫ്.കെ മീഡിയ സെല്ലിൽ നിന്ന്, അതിഥിയാകാൻ കഴിഞ്ഞതിൽ അഭിമാനം' -രാജേഷ് മാധവന്‍

സംസ്ഥാന രാജ്യാന്തര ചലച്ചിത്രമേളയിലെ 'മലയാളം സിനിമ നൗ' വിഭാഗത്തിൽ പ്രദർശിപ്പിച്ച 'പെണ്ണും പൊറാട്ടും' എന്ന സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ച് സംവിധായകൻ രാജേഷ് മാധവൻ. ഐ.എഫ്.എഫ്.കെയുടെ മീഡിയ സെല്ലിൽ നിന്ന് തന്റെ ചലച്ചിത്ര യാത്ര ആരംഭിച്ചുവെന്നും, അവിടെനിന്നും ഒരു ഡെലിഗേറ്റ് ആയും പിന്നീട് അതിഥിയായും സഞ്ചാരം തുടരാൻ സാധിച്ചത് ഒരു വലിയ ഭാഗ്യമായി കണക്കാക്കുന്നുവെന്നും രാജേഷ് മാധവൻ പറഞ്ഞു. ഡിസംബർ 14നാണ് 'പെണ്ണും പൊറാട്ടും' വെള്ളിത്തിരയിലെത്തിയത്.

അപ്രതീക്ഷിതമായാണ് താൻ അഭിനയത്തിലേക്കെത്തിയതെന്നും, ജീവിതനിവൃത്തിക്കായി അഭിനയവും, നിർവൃതിക്കായി സംവിധാനവുമാണ് തെരഞ്ഞെടുത്തതെന്ന് രാജേഷ് മാധവൻ പറഞ്ഞു. 'പെണ്ണും പൊറാട്ടും' എന്ന ചിത്രത്തിലേക്ക് വഴിതെളിച്ചത് സുഹൃത്തായ രവി ശങ്കറുമായുള്ള കാലങ്ങളായുള്ള സംവാദങ്ങളിൽ നിന്നുമുദിച്ച ആശയങ്ങളാണ്. നൂറോളം പുതുമുഖങ്ങളെ വെച്ച് എടുത്ത ഈ ചിത്രത്തിന്റെ കാസ്റ്റിങ് സമയം ഒരുപാട് ആസ്വദിച്ചുവെന്നും, ഒരു കാസ്റ്റിങ് സംവിധായകനായിരുന്നതുകൊണ്ടുതന്നെ അവരെ ഏവരെയും ഒരു കുടുംബംപോലെ സ്നേഹിക്കുവാനും സാധിച്ചു.

മലയാള സിനിമക്ക് ഇന്ന് നല്ല അഭിപ്രായങ്ങൾ ലഭിക്കുന്നുണ്ടെങ്കിൽ അതിന് ഐ.എഫ്.എഫ്.കെയുടെ ചലച്ചിത്രസംസ്കാരം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. സിനിമയുടെ നവ ശൈലികളെ പ്രോത്സാഹിപ്പിക്കുന്ന ചലച്ചിത്രമേളയുടെ ഭാഗമാകുവാൻ സാധിക്കുക എന്നത് സ്വപ്നസമാനമാന്നെന്നും രാജേഷ് മാധവൻ പറഞ്ഞു. തുടക്കക്കാരായ സിനിമാമോഹികളോട് തുടർന്നും സിനിമകൾ കാണുക എന്നും ചലച്ചിത്രമേളകളിൽ പങ്കെടുക്കുക എന്നും മാത്രമാണ് പറയാനുള്ളത്. കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകന്റെയും മനസ്സിൽ നിലനിൽക്കുന്ന അനുഭവമാകാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - Rajesh Madhavan at iffk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.