രാജേന്ദ്രൻ
കൊല്ലം: അഭിനയത്തോടും സംവിധാനത്തോടും ഒരുപോലെ അഭിനിവേശം പുലർത്തിയ രാജേന്ദ്രൻ വേഷപ്പകർച്ചകളിലൂടെയും ക്രിയാത്മക ഇടപെടലുകളിലൂടെയുമാണ് പ്രേക്ഷകമനസ്സിൽ ഇടംപിടിച്ചത്. മലയാള സിനിമയിലും മിനി സ്ക്രീനിലും ഒരുപോലെ സജീവമായിരുന്ന അദ്ദേഹം സ്വതസിദ്ധമായ അഭിനയശൈലിയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി. നാടകരംഗത്തുനിന്ന് സിനിമയിലെത്തി ഒട്ടനവധി ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്തു. തനതായ ശബ്ദഗാംഭീര്യവും ശരീരഭാഷയുമായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത. മോഹൻലാൽ, മമ്മൂട്ടി, ജയറാം തുടങ്ങിയ നായകന്മാരുടെ സിനിമകളിൽ നിർണായക വേഷങ്ങൾ അവതരിപ്പിച്ചു. അഭിനയത്തിന് പുറമെ സംവിധാന രംഗത്തും അദ്ദേഹം തന്റേതായ മുദ്ര പതിപ്പിച്ചു. ടെലിവിഷൻ പരമ്പരകളിലൂടെയാണ് സംവിധായകനെന്ന നിലയിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. സാങ്കേതികത്തികവോടെയും ഹൃദ്യമായ പ്രമേയങ്ങളോടെയും അദ്ദേഹം ഒരുക്കിയ സീരിയലുകൾക്ക് വലിയ സ്വീകാര്യത ലഭിച്ചു.
1981ൽ ’ഗ്രീഷ്മം’ എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിച്ചത്. ജയരാജ് സംവിധാനം ചെയ്ത ‘കളിയാട്ട’ത്തിലൂടെയാണ് സിനിമയില്‍ സജീവമായത്. ‘പട്ടാഭിഷേകം’, ‘അഗ്നിസാക്ഷി’, ‘ചിത്രശലഭം’ തുടങ്ങിയ സിനിമകളിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു. ഡൽഹിയിലെ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽനിന്ന് ഒന്നാം റാങ്കോടെ ബിരുദം നേടിയ രാജേന്ദ്രൻ പുണെയിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ടെലിവിഷൻ കേഴ്സ് പഠിച്ചു.
പുണെയിലെ പഠനശേഷം നാട്ടിലെത്തിയ സന്ദർഭത്തിലാണ് ഒ. മാധവന്റെ മകളും നടൻ മുകേഷിന്റെ സഹോദരിയുമായ സന്ധ്യയെ പരിചയപ്പെടുന്നതും വിവാഹം ചെയ്യുന്നതും. അക്കാലത്ത് സന്ധ്യ തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിലെ വിദ്യാർഥിനിയായിരുന്നു. വിവാഹശേഷം കൊല്ലത്തെത്തിയ രാജേന്ദ്രൻ, ഒ. മാധവന്റെ ഉടമസ്ഥതയിലുള്ള കാളിദാസ കലാകേന്ദ്രം നാടകസമിതിയുടെ പ്രവർത്തനങ്ങളിൽ പങ്കാളിയായി. നാടകകൃത്തായ ജോസ് ചിറമ്മലിന്റെ സഹായത്തോടെ രാജേന്ദ്രൻ റഷ്യൻ നോവൽ നാടകമാക്കി. 1987ൽ മികച്ച നാടകത്തിനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് നേടി. തുടർന്ന് ആറേഴു വർഷം രാജേന്ദ്രനും സന്ധ്യയും തന്നെയായിരുന്നു കാളിദാസ കലാകേന്ദ്രത്തിലെ പ്രധാന അഭിനേതാക്കൾ. ഇക്കാലയളവിൽ സന്ധ്യക്ക് മികച്ച നാടകനടിക്കുള്ള സംസ്ഥാന സർക്കാർ അവാർഡ് ലഭിച്ചു. ‘രമണൻ’ നാടകത്തിലൂടെ 2010ൽ വെഞ്ഞാറമൂട് രാമചന്ദ്രൻ സ്മാരക സംസ്ഥാന പ്രൊഫഷണൽ നാടകോത്സവത്തിൽ മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ വർഷം കാളിദാസ കാലാകേന്ദ്രം അവതരിപ്പിച്ച രണ്ട് നാടകങ്ങൾ സംവിധാനം ചെയ്തത് രാജേന്ദ്രനാണ്.
-
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.