സണ്ണി ഡിയോൾ
തനിക്ക് ഒരിക്കലും യോജിക്കാൻ കഴിയാത്ത ഉൽപ്പന്നങ്ങളുടെ പരസ്യങ്ങളിൽ അഭിനയിക്കില്ലെന്ന് ബോളിവുഡ് താരം സണ്ണി ഡിയോൾ. അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്. തനിക്ക് താൽപ്പര്യമില്ലാത്ത ബ്രാൻഡുകൾ പ്രൊമോട്ട് ചെയ്യാൻ നിരവധി ഓഫറുകൾ വന്നിട്ടുണ്ടെങ്കിലും അവയെല്ലാം താൻ ഒഴിവാക്കുകയാണെന്ന് സണ്ണി ഡിയോൾ പറഞ്ഞു.
തനിക്ക് പാൻ മസാല പരസ്യങ്ങളിൽ അഭിനയിക്കാൻ നിരവധി ഓഫറുകൾ വരാറുണ്ടെന്നും എന്നാൽ താൻ അതൊന്നും സ്വീകരിക്കില്ലെന്നും സണ്ണി ഡിയോൾ തുറന്നുപറഞ്ഞു. ‘ഞാൻ ഒരിക്കലും പാൻ മസാല പരസ്യങ്ങൾ ചെയ്യാറില്ല, ഭാവിയിലും ചെയ്യില്ല. എനിക്ക് അത്തരം ഓഫറുകൾ വരാറുണ്ട്, പക്ഷേ ഞാൻ ചെയ്യില്ല. എനിക്ക് വിശ്വാസമില്ലാത്ത ഒരു കാര്യം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇത്തരം കാര്യങ്ങളെ ഞാൻ പിന്തുണക്കുന്നില്ല, ഇത് പ്രൊമോട്ട് ചെയ്യേണ്ട ഒന്നാണെന്നും ഞാൻ കരുതുന്നില്ല’ താരം വ്യക്തമാക്കി.
തന്റെ ഈ നിലപാടിന് പിന്നിൽ സ്വന്തം വ്യക്തിപരമായ തത്വങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രൊഫഷണൽ ജീവിതത്തിലെ മറ്റ് തീരുമാനങ്ങളിലും താൻ ഈ ശൈലി തന്നെയാണ് പിന്തുടരുന്നത്. തന്റെ മനസ്സാക്ഷി അനുവദിക്കാത്തതുകൊണ്ട് മാത്രമാണ് പല ഓഫറുകളും താൻ പൂർണ്ണമായി നിരസിച്ചതെന്നും, ചെയ്യാൻ യോഗ്യമാണെന്ന് തോന്നുന്ന കാര്യങ്ങൾ മാത്രമാണ് ചെയ്യാറുള്ളതെന്നും സണ്ണി ഡിയോൾ കൂട്ടിച്ചേർത്തു.
മഹാരാഷ്ട്രയിൽ നിരോധിക്കപ്പെട്ട പാൻ മസാല ഉൽപ്പന്നങ്ങൾ പരോക്ഷമായി പ്രൊമോട്ട് ചെയ്തു എന്നാരോപിച്ച് ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ, ടൈഗർ ഷറോഫ് എന്നിവർക്ക് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്.ഡി.എ) നോട്ടീസ് അയച്ച സാഹചര്യത്തിലാണ് സണ്ണി ഡിയോളിന്റെ ഈ പ്രസ്താവന ചർച്ചയാകുന്നത്. പാൻ മസാല ബ്രാൻഡായ 'വിമലിന്റെ' ഏലക്കാ പരസ്യത്തിലാണ് ഈ മൂന്ന് താരങ്ങളും 2024ൽ ഒന്നിച്ചഭിനയിച്ചത്.
ഈ പരസ്യം പരോക്ഷമായ പാൻ മസാല അല്ലെങ്കിൽ പുകയില ഉൽപ്പന്നങ്ങളുടെ പ്രചാരണമാണെന്നാണ് എഫ്.ഡി.എയുടെ വിലയിരുത്തൽ. നോട്ടീസ് ലഭിച്ച് 15 ദിവസത്തിനകം രേഖാമൂലം വിശദീകരണം നൽകാനാണ് താരങ്ങൾക്ക് നൽകിയിരിക്കുന്ന നിർദേശം. കൃത്യമായ മറുപടി നൽകിയില്ലെങ്കിൽ അല്ലെങ്കിൽ നൽകുന്ന മറുപടി തൃപ്തികരമല്ലെങ്കിൽ നിയമപ്രകാരം തുടർനടപടികൾ സ്വീകരിക്കുമെന്നും എഫ്.ഡി.എ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം, സണ്ണി ഡിയോളിന്റെ പുതിയ ചിത്രമായ 'ബത്വാര 1947' തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. 1996-ലെ 'ഘതക്' സിനിമക്ക് ശേഷം സണ്ണി ഡിയോളും സംവിധായകൻ രാജ്കുമാർ സന്തോഷിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. ആമിർ ഖാനാണ് നിർമാണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.