അനുമോൾ

ടെലിവിഷൻ സീരിയൽ താരം അനുമോൾ വിവാഹിതയായി

ടെലിവിഷൻ സീരിയൽ താരം അനുമോൾ വിവാഹിതയായി. തമിഴ്‌നാട് സ്വദേശിയായ ഭുവനേഷ് രാജേന്ദിർ ആണ് വരൻ. പ്രശസ്തമായ ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിൽ വെച്ചായിരുന്നു ചടങ്ങുകൾ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു.

വിവാഹച്ചടങ്ങുകളിലെ ഏറ്റവും ശ്രദ്ധേയമായ സാന്നിധ്യം നടനും കേന്ദ്രമന്ത്രിയും എംപിയുമായ സുരേഷ് ഗോപിയുടേതായിരുന്നു. ഗുരുവായൂരിൽ വെച്ച് നടന്ന വിവാഹത്തിന് വേണ്ട എല്ലാ ക്രമീകരണങ്ങളും മുൻകൈയെടുത്ത് ചെയ്തു കൊടുത്തത് സുരേഷ് ഗോപിയായിരുന്നു. ഒരു ജ്യേഷ്ഠ സഹോദരന്റെ സ്ഥാനത്തുനിന്ന് വിവാഹകാര്യങ്ങളെല്ലാം നേരിട്ട് കണ്ട് നടത്തിയ അദ്ദേഹം, നവവധൂവരന്മാരെ അനുഗ്രഹിക്കുകയും കൈപിടിച്ച് ചേർത്തുനിർത്തുകയും ചെയ്തു. 

ഗോൾഡൺ കളറിലുള്ള ലെഹങ്കയായിരുന്നു അനുമോളുടെ വേഷം. വരനും കേരള കസവ മുണ്ടിനൊപ്പം ഗോൾഡൻ കളർ കുർത്തയണിഞ്ഞാണ് വിവാഹമണ്ഡപത്തിൽ എത്തിയത്.

ഭുവനേഷ് രാജേന്ദിർ എന്നാണ് വരന്റെ പേര്. നടനും മോഡലുമാണ്. ചെന്നൈയിലെ പ്രമുഖ സമ്പന്ന കുടുംബത്തിലെ അംഗമാണ് ഭുവനേഷ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം 2019 മുതൽ ഇൻസ്റ്റഗ്രാമിലുണ്ട്.

മോഡലിങ്, അഭിനയം, ഫാഷൻ, യാത്രകൾ, ലൈഫ്‌സ്‌റ്റൈൽ, ഫിറ്റ്‌നസ് കണ്ടന്റ് ക്രിയേഷൻ എന്നീ മേഖലകളിലാണ് ഭുവന് പ്രധാനമായും താൽപ്പര്യമുള്ളത്. ഇൻസ്റ്റഗ്രാം റീൽ വിഡിയോകളിലൂടെയാണ് അദ്ദേഹം കൂടുതൽ ആളുകൾക്കിടയിൽ പരിചിതനായത്. ഇരുവരുടെയും പ്രണയവിവാഹമാണോ എന്ന കാര്യം വ്യക്തമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ ഇവർ ഇതിനോടകം തന്നെ ശ്രദ്ധനേടിക്കഴിഞ്ഞു.

വിവാഹത്തിന് തൊട്ടുമുമ്പ് വരെ ഗോസിപ്പ് കോളങ്ങളിൽ നിന്നും ഓൺലൈൻ മാധ്യമങ്ങളിൽ നിന്നും തന്റെ വിവാഹവിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കാൻ അനുമോൾക്ക് കഴിഞ്ഞിരുന്നു. വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴൊക്കെ വളരെ രസകരമായ രീതിയിലാണ് താരം പ്രതികരിച്ചിരുന്നത്.

അടുത്തിടെ വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോൾ ‘നാളെയാണ് കല്യാണം’ എന്നായിരുന്നു തമാശ രൂപേണയുള്ള മറുപടി. വിവാഹത്തിന് ആരെയൊക്കെ ക്ഷണിച്ചു എന്ന ചോദ്യത്തോടും താരം തന്റേതായ ശൈലിയിലാണ് പ്രതികരിച്ചത്.

തന്നെ സ്‌നേഹിക്കുന്നവർക്കും തന്റെ നല്ലത് ആഗ്രഹിക്കുന്നവർക്കും വേണ്ടിയാണ് എല്ലാ വിശേഷങ്ങളും തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുള്ളതെന്ന് അനുമോൾ വ്യക്തമാക്കിയിട്ടുണ്ട്. തന്നെ വെറുക്കുന്നവർക്ക് കല്യാണത്തെക്കുറിച്ചോ വരനെക്കുറിച്ചോ ഉള്ള വിവരങ്ങൾ പെട്ടെന്ന് ലഭിക്കേണ്ട എന്ന് കരുതിയാണ് ഇത്രയും നാൾ വിവരങ്ങൾ രഹസ്യമായി സൂക്ഷിച്ചതെന്നും താരം പറഞ്ഞു വെച്ചു. സിനിമ-സീരിയൽ രംഗത്തെ സുഹൃത്തുക്കളും ആരാധകരും ഉൾപ്പെടെ നിരവധി പേരാണ് പുതിയ ജീവിതത്തിലേക്ക് കടക്കുന്ന അനുമോളിനും ഭുവനേഷിനും സോഷ്യൽ മീഡിയയിലൂടെ ആശംസകൾ നേർന്നത്. 

Tags:    
News Summary - Television star Anumol gets married

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.